കൊച്ചി: തിരുവനന്തപുരം കിഴക്കേകോട്ടയിലെ രാജധാനി കെട്ടിട്ടം പൊളിക്കാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകി. കൈയേറ്റ ഭൂമിയിലാണ് കെട്ടിട്ടം നിർമ്മിച്ചിരിക്കുന്നത് എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ഇക്കാര്യത്തിൽ സർക്കാരിന് ഉചിതമായ നടപടിയെടുക്കാമെന്ന് ഹർജി തീർപ്പാക്കി കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.എന്നാൽ പ്രധാനകെട്ടിട്ടത്തിന് പരമാവധി കുറഞ്ഞ നാശം വരുന്ന രീതിയിൽ മാത്രം കെട്ടിട്ടം പൊളിച്ചു മാറ്റാൻ സർക്കാർ ശ്രദ്ധിക്കണം. പൊളിച്ചു മാറ്റൽ നടപടികളിലേക്ക് കടക്കും മുൻപ് കൃത്യമായ സർവെ നടത്തി സർക്കാർ ഭൂമിയും ബിജു രമേശിന്റെ ഭൂമിയും തരംതിരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എഐഎഡിഎംകെയുടെ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. രജാധാനിയിൽ നടത്തിയ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങാത്തതാണ് ഇതിന് കാരണമെന്ന് വിലയിരുത്തലുണ്ടായിരുന്നു. തിരുവനന്തപുരത്തെ ബിജു രമേശിന്റെ കെട്ടിടങ്ങളിൽ ഭൂരിഭാഗവും അനധികൃതമാണെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. ബാർ കോഴയിൽ യുഡിഎഫ് സർക്കാരിനെതിരെ നിലപാട് എടുത്ത തന്റെ വ്യവസായ സാമൃാജ്യത്തെ തകർക്കാനാണ് ശ്രമമെന്ന് വാദം ബിജു രമേശ് ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിലേക്ക് കച്ചവടം മാറ്റാനാണ് നീക്കം. ഇതിന്റെ ഭാഗമാണ് എഐഎഡിഎംകെ സ്ഥാനാർത്ഥിത്വമെന്നാണ് സൂചന. അതിനിടെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജധാനി പൊളിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടവും അറിയിച്ചു. എഐഎഡിഎംകെയുടെ സ്ഥാനാർത്ഥിയായതിനാൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ബിജുവിനെ സഹായിക്കാനും എത്തില്ല.

കെട്ടിടം, തെക്കനംകര കനാൽ കൈയേറി നിർമ്മിച്ചതാണെന്നും 2005ലെ ദുരന്തനിവാരണനിയമം അനുസരിച്ച് പൊളിച്ചുമാറ്റണമെന്നുമെന്നും നേരത്തെ തിരുവനന്തപുരം എഡിഎം ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബിജു രമേശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റേയും ജില്ല കളക്ടർ ബിജു പ്രഭാകറിന്റേയും നേതൃത്വത്തിൽ ആവിഷ്‌കരിച്ച ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നഗരമധ്യത്തിലെ നിരവധി അനധികൃത കൈയേറ്റങ്ങൾ പൊളിച്ചു മാറ്റികയും, അഴുക്കുചാലുകൾ പുനർനിർമ്മിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ വെള്ളപ്പൊക്കനിയന്ത്രണ സംഭരണിയായി കണക്കാക്കിയിരുന്ന കരിമഠം കുളത്തിൽനിന്ന് പാർവതീ പുത്തനാറിലേക്ക് പോകുന്നതാണ് തെക്കനംകര കനാൽ.

കോട്ടയ്ക്കകം ഭാഗത്തുവച്ച് ഈ കനാലിന് മുകളിൽ കൈയേറ്റം നടന്നുവെന്ന് പരിശോധനയിൽ ഓപ്പറേഷൻ അനന്ത സംഘം കണ്ടെത്തി. തുടർന്ന് പ്രസ്തുത കെട്ടിടം പൊളിച്ചു മാറ്റാൻ അനന്ത സംഘം തീരുമാനിച്ചെങ്കിലും ഉന്നത ഇടപെടൽ കാരണം ഇതിന് കഴിഞ്ഞില്ല. റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ പിന്തുണയാണ് ഇതിന് കാരണം. ബാർ കോഴ ആരോപണം ഉയർന്നപ്പോഴായിരുന്നു ഇതും. അതുകൊണ്ട് തന്നെ വിഷയം ഏറെ ചർച്ചയാവുകയും ചെയ്തു. ബാർ കോഴയിൽ ബിജു രമേശിന്റെ മലക്കം മറിച്ചിലുകളും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെയാണ് മാണിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിയത്. ഇതോടെ സർക്കാർ നിയമപോരാട്ടം കടുപ്പിച്ചു. ഇതിനിടെയിലും അടൂർ പ്രകാശ് ബിജുവിനെ രക്ഷിക്കാൻ ചില നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. കേരളാ കോൺഗ്രസും മാണിയും നിലപാട് കടുപ്പിച്ചപ്പോൾ ഹൈക്കോടതിയിൽ സർക്കാർ ശക്തമായ വാദവുമായെത്തി. ഇതോടെയാണ് കേസിൽ അനുകൂലവിധി സർക്കാരിനുണ്ടായത്.

തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകറായിരുന്നു രാജധാനി പൊളിക്കാൻ മുന്നിൽ നിന്നത്. ഇതിനിടെയിൽ കളക്ടറെ മാറ്റാൻ പോലും ശ്രമിച്ചു. എന്നാൽ അടൂർ പ്രകാശിന്റെ ഈ നീക്കം വിജയിച്ചില്ല. ഇതോടെ നടപടിക്രമങ്ങൾ ശരിയായ ദിശയിലെത്തി. ആദ്യം ഉടമയ്‌ക്കെതിരെ നോട്ടീസ് നൽകിയെങ്കിലും അത് ദുരന്തനിവാരണ നിയമത്തിന്റെ ചട്ടങ്ങൾ ലംഘിക്കുന്നു എന്നുകാണിച്ചായിരുന്നു. പാളിച്ചകൾ നിറഞ്ഞ ഈ നോട്ടീസ് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതോടെ സർക്കാർ പിൻവലിച്ചു. കുറ്റമറ്റ നോട്ടീസാണ് പിന്നീട് നൽകിയത്. എന്നാൽ, ഉടമയ്ക്ക് വിശദീകരണം നൽകാൻ ഹൈക്കോടതി നൽകിയ സമയപരിധി തീരും മുമ്പുതന്നെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ഇടപെട്ട് വീണ്ടും വിശദീകരണം നൽകാൻ വിളിച്ചുവരുത്തി. ഇതോടെ പ്രശ്‌നം വീണ്ടും കോടതിയിലെത്തി. ഇതെല്ലാം റവന്യൂമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദ ഫലമായിട്ടെന്നായിരുന്നു ആരോപണം.

വഞ്ചിയൂർ വില്ലേജിലെ 560/364 സർവേ നമ്പരിലുള്ള സ്ഥലം ബിജു രമേശ് കൈയേറി കെട്ടിടം നിർമ്മിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.