- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ കോഴയിൽ മന്ത്രി കെ ബാബുവിന് രാജി വയ്ക്കേണ്ടി വരില്ല; ബിജു രമേശിന് 150 കോടിയുടെ പാറപൊട്ടിക്കൽ കരാർ കൊടുത്തതോടെ എല്ലാം 'കോപ്ലിമെന്റാക്കി' തീർത്തു; മാനനഷ്ടക്കേസ് അപ്രസക്തമാക്കും; ബാബുവിനെ രക്ഷിക്കാൻ മധ്യസ്ഥന്റെ റോൾ എടുത്തത് അടൂർ പ്രകാശ്; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച രാജധാനി പൊളിക്കുന്നതും നടന്നേക്കില്ല
തിരുവനന്തപുരം: ബാർ കോഴയിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ തൃശൂർ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ സർക്കാർ ഉണർന്ന് പ്രവർത്തിച്ചു. കോഴ നൽകിയ കേസിൽ ബാബുവിനൊപ്പം ബിജു രമേശായിരുന്നു രണ്ടാം പ്രതി. മാപ്പുസാക്ഷിയായി രക്ഷപ്പെടാനുള്ള ബിജു രമേശിന്റെ നീക്കം ബാബു മുൻകൂട്ടി കണ്ടു. എങ്ങനേയും രക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉ
തിരുവനന്തപുരം: ബാർ കോഴയിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ തൃശൂർ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ സർക്കാർ ഉണർന്ന് പ്രവർത്തിച്ചു. കോഴ നൽകിയ കേസിൽ ബാബുവിനൊപ്പം ബിജു രമേശായിരുന്നു രണ്ടാം പ്രതി. മാപ്പുസാക്ഷിയായി രക്ഷപ്പെടാനുള്ള ബിജു രമേശിന്റെ നീക്കം ബാബു മുൻകൂട്ടി കണ്ടു. എങ്ങനേയും രക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുന്നിൽ അഭ്യർത്ഥനയെത്തി. ഇതോടെ പകയെല്ലാം തീർന്നു. റവന്യൂ മന്ത്രി അടൂർ പ്രകാശിനെ രംഗത്തിറക്കി. ഗ്രൂപ്പ് വ്യത്യാസം മറന്ന് കോൺഗ്രസുകാർ ഒരുമിച്ചു. അങ്ങനെ ബിജു രമേശും സർക്കാരും ഒത്തുതീർപ്പിലെത്തി. ബാർ കോഴയിലെ അന്വേഷണങ്ങളിൽ ബാബുവിന് രക്ഷപ്പെടാൻ പഴുതിട്ടാകും ബിജു രമേശ് ഇനി മൊഴി നൽകുക. മന്ത്രിസഭയിലെ ഈഴവ പ്രതിനിധികളായ ആടൂർ പ്രകാശും ബാബുവും വീണ്ടും ഭായി-ഭായിയുമായി. നേട്ടം ബിജു രമേശിനും.
ബാർ കോഴ ആരോപണത്തിൽനിന്നു പിന്മാറാൻ മദ്യവ്യവസായി ബിജു രമേശിന് പ്രതിഫലമായി 150 കോടിയുടെ നിർമ്മാണക്കരാർ. വിഴിഞ്ഞം തുറമുഖത്തിനു സാധനസാമഗ്രികൾ നൽകാനുള്ള കരാറാണ് അടൂർ പ്രകാശ് ഇടപെട്ട് ഉറപ്പിച്ചത്. രണ്ട് ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നും ഇനിയുണ്ടാകില്ല. തൃശൂർ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുന്നതിന് മുമ്പ് തന്നെ ഈ നീക്കം തുടങ്ങിയിരുന്നു. കോടിതയുടെ നിർദ്ദേശമെത്തിയപ്പോൾ എല്ലാം വേഗത്തിലായി. ഒത്തുതീർപ്പിലെ വ്യവസ്ഥ പ്രകാരം ഓപ്പറേഷൻ അനന്തയിൽ നിന്ന് രാജധാനി ബിൽഡിംഗിനേയും ഒഴിവാക്കും. ഫലത്തിൽ മൂന്നൂറ് കോടി രൂപയുടെ നേട്ടമാകും ബിജുവിന് കിട്ടുക. കിഴക്കേ കോട്ടയിൽ രണ്ടര ഏക്കർ സ്ഥലത്താണ് ബിജുവിന്റെ രാജധാനിയുള്ളത്. ഓപ്പറേഷൻ അനന്തയിൽ പൊളിച്ചാൽ പിന്നീട് പണി ചെയ്യുക അസാധ്യമാണ്. ഇതിലൂടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഇതിനൊപ്പം ബോണസായി 150 കോടി രൂപ കൂടി ലഭിക്കുന്നു.
ബിജു രമേശിനെതിരെ മന്ത്രി കെ. ബാബു നൽകിയ മാനനഷ്ടക്കേസും അപ്രസക്തമാകും. ഈ കേസിലെ നടപടികൾ ഹൈക്കോടതി ജനുവരി 18 വരെ സ്‌റ്റേ ചെയ്തിട്ടുണ്ട്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ബിജു രമേശ് നൽകിയ ഹർജി ജസ്റ്റിസ് ബി. കെമാൽപാഷ വിശദമായ വാദം കേൾക്കാൻ ജനുവരി 18 ലേക്ക് മാറ്റിയിരിക്കുകയാണ്. മന്ത്രി കെ. ബാബു പത്തു കോടി രൂപ കോടി രൂപ കൈപ്പറ്റിയെന്ന് ബിജു രമേശ് പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ മേയിലാണ് ബിജു രമേശിനെതിരെ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ മന്ത്രി ബാബു കേസ് ഫയൽ ചെയ്തത്. ഇത് തന്നെയാണ് തൃശൂർ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് വിധേയമാക്കാൻ വിജിൻസിനോട് ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. ഈ സാഹചര്യത്തിൽ ബിജു രമേശിന്റെ വാർത്താ സമ്മേളനം വച്ചുതന്നെ കേസ് എടുക്കാം. അതുകൊണ്ട് ബിജുവിന്റെ ഇനിയുള്ള നിലപാട് നിർണ്ണായകമാണ്. ഇത് മനസ്സിലാക്കിയാണ് ഒത്തുതീർപ്പ്.
പാറപൊട്ടിക്കൽ രംഗത്ത് കേൾക്കുന്ന പേരുകാരനല്ല ബിജു രമേശ്. എന്നാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതിനുള്ള സാധ്യത തിരുവനന്തപുരത്ത് ബിജു രമേശ് തിരിച്ചറിഞ്ഞു. അതിന് ശേഷമാണ് കരുനീക്കം നടത്തിയത്. തുടക്കത്തിൽ ബിജുവിന് കരാർ നൽകാനാവില്ലെന്നായിരുന്നു നിലപാട്. ബാർ കോഴയിൽ ധനമന്ത്രി രാജിവച്ചതോടെ എക്‌സൈസ് മന്ത്രിയെ കടന്നാക്രമിച്ചാണ് ബിജു മുന്നോട്ട് പോയത്. ഇതോടെ പാറഖനനവും വഴിമുട്ടി. ഇതിനിടെയാണ് തൃശൂർ വിജിലൻസ് കോടതിയിൽ ത്വരിതാന്വേഷണത്തിനുള്ള ഹർജി എത്തിയത്. ഇതിനെ സർക്കാർ എതിർത്തു. ഇതോടെ ബാബുവിനെതിരെ എഫ്‌ഐആർ ഇടേണ്ട സാഹചര്യം വരുമെന്ന വിലയിരുത്തലുണ്ടായി. മാണിയെ രക്ഷിക്കാൻ ശ്രമിച്ചതിലൂടെ വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൺ എം പോൾ പൊതു സമൂഹത്തിൽ ഒറ്റപ്പെട്ടു. ഈ ഗതി തനിക്ക് വരാൻ അനുവദിക്കില്ലെന്ന് വിജിലൻസ് ഡയറക്ടറായ ശങ്കർ റെഡ്ഡി നിലപാട് എടുത്തു.
ഇതോടെയാണ് അടൂർ പ്രകാശുമായി ബാബുവിന് വേണ്ടി മുഖ്യമന്ത്രി സംസാരിച്ചത്. എങ്ങനേയും ബിജു രമേശിനെ വശത്താക്കാൻ നിർദ്ദേശിച്ചു. വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയാൽ അർഹമായ സ്ഥാനം അടൂർ പ്രകാശിന് ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെ ബിജു രമേശുമായി റവന്യൂ മന്ത്രി സംസാരിച്ചു. അങ്ങനെ പാറഖനന കരാർ നൽകി. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഓ്പ്പറേഷൻ അനന്ത നടപ്പാക്കുന്നത്. അതിൽ റവന്യൂ മന്ത്രിയെന്ന നിലയിൽ അടൂർ പ്രകാശ് ഇടപെടും. നിലവിൽ ബിജുവിന് അനുകൂലമായി കോടതി വിധിയുണ്ട്. അതുകൊണ്ട് തന്നെ പൊളിക്കേണ്ടതില്ല. ഈ കേസിൽ അപ്പീൽ നൽകാൻ കേരളാ കോൺഗ്രസിന്റെ സമ്മർദ്ദമുണ്ടെങ്കിലും പരമാവധി വൈകിപ്പിക്കും. അങ്ങനെ ഓപ്പറേഷൻ അനന്തയിൽ നിന്നും ബിജുവിനെ രക്ഷിക്കും. 250 കോടിയുടെ നേട്ടം ഈ ഒറ്റ മൗനത്തിൽ നിന്നും ബിജു രമേശിന് കിട്ടും.
ഇതുകൊണ്ടാണ് തൃശൂർ കോടതി വിധി വന്നശേഷം ബിജു രമേശ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്താത്തത്. പരസ്യമായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കില്ല. എന്നാൽ പാറപൊട്ടിച്ചെടുത്ത ശേഷം വീണ്ടും ബിജു സർക്കാരിനെ വെട്ടിലാക്കുമോ എന്ന ഭയം മുഖ്യമന്ത്രിക്കുണ്ട്. എന്നാൽ റവന്യൂമന്ത്രി ചതിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ കണക്ക് കൂട്ടൽ. കോൺഗ്രസ് ഹൈക്കമാണ്ടിൽ നിന്ന് ചില നിർദ്ദേശങ്ങൾ ഐ ഗ്രൂപ്പിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെ വെട്ടിലാക്കാൻ കളിക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു രമേശ് ചെന്നിത്തലയെ ഹൈക്കമാണ്ട് അറിയിച്ചത്. അത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ ദേശീയ തലത്തിൽ തിരിച്ചടിയുണ്ടാകും. അതിനാൽ എല്ലാ ആരോപണങ്ങളിൽ നിന്നും സർക്കാരിനെ കരകയറാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം.
ഇതോടെ ഉമ്മൻ ചാണ്ടിക്ക് വേണ്ടി ബാർ കോഴയിൽ കാര്യങ്ങൾ നീക്കാൻ അടൂർ പ്രകാശിന് ചെന്നിത്തലയും നിർദ്ദേശം നൽകി. ഇതോടെയാണ് ബിജു രമേശിന് ലോട്ടറിയടിക്കുന്ന പാറ ഖനന കരാർ ഉണ്ടായത്. ഇതിൽ നിന്ന് സാമ്പത്തിക നേട്ടം മന്ത്രിസഭയിലെ പലർക്കും എത്തുമെന്നും സൂചനയുണ്ട്. ഈ ഇടപാടോടെ രണ്ടു ഭാഗത്തും ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന ധാരണയിലാണ് സർക്കാരും ബിജു രമേശും എത്തിയത്. കെ.എം. മാണിയെ ഒറ്റപ്പെടുത്തുകയും മറ്റുള്ളവർക്കെതിരേ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതിന്റെ പേരിൽ യു.ഡി.എഫിൽ അഭിപ്രായവ്യത്യാസം ശക്തമായിരുന്നു. ഇത് മന്ത്രിസഭയിൽ നിന്നു കൂടുതൽ രാജിക്കു വഴിതെളിക്കുമെന്ന ആശങ്ക ഉയർന്നതിനെത്തുടർന്നാണ് ബിജു രമേശിന് കരാർ തരപ്പെടുത്തിക്കൊടുക്കാൻ പ്രമുഖർ രംഗത്തിറങ്ങിയത്. ഓപ്പറേഷൻ അനന്ത മുന്നോട്ട് പോകാനും മറ്റ് വഴി തുടങ്ങും.
ബാർ ഹോട്ടലുടമ ബിജു രമേശിന്റെ തിരുവനന്തപുരത്തെ രാജധാനി ബിൽഡിങ്‌സ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകില്ലെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച ഫയൽ, റവന്യൂ സെക്രട്ടറി ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു. ഈ ഫയൽ ഒന്നര മാസമായി റവന്യൂ വകുപ്പ് നടപടിയെടുക്കാതെ മനഃപൂർവം താമസിപ്പിക്കുകയാണെന്നു കേരള കോൺഗ്രസ് (എം) മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. എന്നാൽ, ഫയൽ തന്റെ മുൻപിൽ വന്നിട്ടില്ലെന്നും ഓപ്പറേഷൻ അനന്തയുടെ നടത്തിപ്പുകാരായ ചീഫ് സെക്രട്ടറിയും കലക്ടറുമാണു തുടർ നടപടിയെടുക്കേണ്ടതെന്നും മന്ത്രി അടൂർ പ്രകാശ് പ്രതികരിച്ചു. തന്റെ മുൻപിൽ വരാത്ത ഫയലിൽ എന്തു തീരുമാനം എടുക്കാൻ എന്നു കൂടി മന്ത്രി ചോദിച്ചതോടെ, ഉദ്യോഗസ്ഥർ വെട്ടിലായി. അതോടെയാണു ഫയലിനു വീണ്ടും ജീവൻ വച്ചത്. റവന്യൂ സെക്രട്ടറി ഫയൽ കൈമാറിയതോടെ, അപ്പീൽ നൽകാമെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഇത് അട്ടിമറിക്കാനും നീക്കം സജീവമാണ്. കോടതിയിൽ അപ്പീൽ നൽകിയാലും ബിജു രമേശിന് രക്ഷനേടാനുള്ള വാദങ്ങൾ അപ്പീലിൽ തന്നെ നിരത്തും. ഇതും വിഴിഞ്ഞം പാറപൊട്ടിക്കൽ കാരറിന്റെ ഭാരമാണ്. തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ അനന്ത രൂപീകരിച്ചത്. കനാലിന്റെ പുറമ്പോക്ക് കൈയേറിയാണ് ഹോട്ടലിന്റെ ഒരു ഭാഗം പണിതതെന്ന് ജില്ലാ കലക്ടർ ബിജുപ്രഭാകർ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയെന്ന കേസിൽ കെട്ടിടം പൊളിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ റവന്യൂ വകുപ്പിന്റെ ഇടപെടലോടെ എല്ലാം ബിജു രമേശിന് അനുകൂലമായി. ഇതിനിടെയാണ് ഓപ്പറേഷൻ അനന്തയുടെ വരവ്. അതും അട്ടിമറിക്കാൻ റവന്യൂവകുപ്പ് ശ്രമിച്ചിരുന്നു. എന്നാൽ ബാർ കോഴയിൽ ബിജുവിനെ സമ്മർദ്ദത്തിലാക്കാൻ ഈ ആയുധത്തിലൂടെ മുഖ്യമന്ത്രി ശ്രമിച്ചു.
എന്നാൽ ബിജു വഴങ്ങിയില്ല. നിലപാടുമായി മുന്നോട്ട് പോയി. ഇതിനിടെയാണ് തൃശൂർ വിജിലൻസ് കോടതിയുടെ ത്വരിതാന്വേഷണ റിപ്പോർട്ട്. ബാബു കുടുങ്ങുമെന്ന് വന്നതോടെ ബിജുവുമായി ഒത്തുതീർപ്പിന് മുഖ്യമന്ത്രി തന്നെ തയ്യാറാവുകയായിരുന്നു.