തിരുവനന്തപുരം: ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്തെ കവടിയാർ-പേരൂർക്കട റോഡിലെ വിൻസർ രാജധാനി ഹോട്ടൽ സമുച്ചയം അനധികൃത നിർമ്മാണമാണെന്നും കേരള മുനിസിപ്പൽ നിയമപ്രകാരം നടപടികൾ സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോർട്ട്. ചീഫ് ടൗൺ പ്‌ളാനറുടെ (വിജിലൻസ്) അന്വേഷണത്തിലാണു കെട്ടിടത്തിലെ ഒമ്പതു മുതൽ 12 വരെയുള്ള നാലു നിലകൾ അനധികൃത നിർമ്മാണമാണെന്നു വ്യക്തമാക്കുന്നത്. ജോയിന്റ് സെക്രട്ടറി (ടൗൺ പ്‌ളാനിങ്)ക്കു നൽകിയ റിപ്പോർട്ടിൽ, കെട്ടിടത്തിന് അനുമതി നൽകുന്നതു സംബന്ധിച്ചുള്ള നഗരസഭയിലെ ഫയലിൽ ഗുരുതര ക്രമക്കേടുകളും കണ്ടെത്തി.

അതിനിടെ നടപടികളുണ്ടാകാതിരിക്കാനുള്ള കള്ളക്കളികൾ സജീവമാണ്. വഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ബിജുവിന് സർക്കാർ ക്വാറി പൊട്ടിക്കാനുള്ള അനുവാദം നൽകിയിരുന്നു. ബാർ കോഴയിൽ മന്ത്രി കെ ബാബുവിനെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാനാണ് ഈ ഒത്തുതീർപ്പ് ധാരണയുണ്ടാക്കിയത്. റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ മധ്യസ്ഥതയിൽ നടന്ന ഈ ചർച്ചയിൽ പ്രതികാര നടപടിയൊന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ധാരണയിൽ കവടിയാറിലെ ഹോട്ടലിനേയും കൊണ്ടുവരാനാണ് നീക്കം.

ബിജു രമേശിന്റെ കിഴക്കേക്കോട്ടയിലെ രാജധാനി ഹോട്ടൽ സമുച്ചയത്തിനെതിരെ നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് കവടിയാറിലെ ഹോട്ടലും വിവാദത്തിലാവുന്നത്. ഓപ്പറേഷൻ അനന്ത തുടങ്ങുമ്പോൾ സർക്കാരും ബിജു രമേശും രണ്ട് തട്ടിലായിരുന്നു. ഇതോടെയാണ് മറ്റ് കെട്ടിടങ്ങളിലേക്കും അന്വേഷണം എത്തിയത്. ഇത് പുലിവാലായ അവസ്ഥയിലാണ് സർ്കകാരും ബിജു രമേശും ഇപ്പോൾ. ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ ഉടമസ്ഥതയിൽ കവടിയാറിലുള്ള വിൻസർ രാജധാനി ഹോട്ടൽ കെട്ടിടത്തിനെതിരായ വിജിലൻസ് റിപ്പോ!ർട്ടിലെ നിരീക്ഷണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണ്.

നഗരസഭയിൽനിന്നു പെർമിറ്റ് ലഭ്യമാക്കാതെയാണ് ഒൻപതു മുതൽ 12 വരെ നില നിർമ്മിച്ചതെന്നതാണ് പ്രധാനം. കെഎംബിആർ ചട്ടം 4(2) ന്റെ ലംഘനമാണിത്. 1.07.2003ൽ എട്ടു നില വരെ നൽകിയ പെർമിറ്റിൽനിന്നു വ്യതിചലിച്ചാണു നിർമ്മാണം പൂർത്തിയാക്കിയത്. കെട്ടിടം അനധികൃതമായി കണക്കാക്കേണ്ടതാണ്. കെട്ടിടത്തിനെതിരെ 28.02. 2010 മുതൽ ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. 17.01.2011 ലെ കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ അദാലത്തിൽ പരിഗണിച്ചെങ്കിലും തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഇടതു പക്ഷം ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലും ബിജു രമേശിനുള്ള സ്വാധീനത്തിന് തെളിവാണ് ഇത്.

വിൻസർ രാജധാനിയിൽ ഭൂനിരപ്പിലുള്ള നില പുറകുവശത്തെ റോഡിലേക്കു ചേർത്തു നിർമ്മിച്ചതു ചട്ടം 24(4)ന്റെ ലംഘനമാണ്. തെക്കുവശത്തുള്ള തുറസായ സ്ഥലം ഷീറ്റിട്ട് ഉപയോഗിക്കുന്നു. ഇതു ചട്ടം 24(5)ന്റെ ലംഘനമാണ്. ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കാതെയാണ് ഒന്നു മുതൽ 12 വരെ നിലകൾ പ്രവർത്തിക്കുന്നത്. അനധികൃതമായുള്ള ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിക്കുന്നതു നഗരസഭയുടെ വീഴ്ചയാണ്. പരിശോധനയ്ക്കായി നഗരസഭ നൽകിയ ഫയൽ പൂർണമല്ല. പല പേജുകളും അപ്രത്യക്ഷമായി. മറ്റൊരു ഫയലിലെ പേജുകളും ഹോട്ടലിന്റെ ഫയലിൽ കൂട്ടിച്ചേർത്തിരിക്കുന്നു. ഇതും ഗുരുതര സ്വഭാവമുള്ള ആരോപണമാണ്. വലത്-ഇടതു പക്ഷങ്ങൾ ബിജുവിനെ സഹായിക്കുന്നതിന് തെളിവ്.

കെട്ടിടത്തിന്റെ അംഗീകൃത പ്‌ളാൻ ഒഴികെ മറ്റു രേഖകളൊന്നും ഫയലിൽ ഇല്ല. 2003ലെ പെർമിറ്റ് തന്നെ ചട്ടപ്രകാരമാണോ നൽകിയത് എന്നു പരിശോധിക്കാനും സാധിച്ചിട്ടില്ല. നിർമ്മാണത്തിന് ഫയർ ഡിപ്പാർട്‌മെന്റിന്റെ നിരാക്ഷേപ പത്രമോ എയർപോർട്ട് നിരാക്ഷേപ പത്രമോ ലഭ്യമായിട്ടില്ലെന്നും കണ്ടെത്തി. ഇവ രണ്ടും ഗരുതര സ്വഭാവമുള്ളതല്ല. എന്നാൽ ബാക്കിയുള്ള കണ്ടെത്തലുകൾ കെട്ടിടം പൊളിച്ചു മാറ്റാൻ പോലും പോന്നതാണ്. എന്നാൽ പിഴ ഈടാക്കി കെട്ടിടത്തെ നിയമവിധേയമാക്കാനാണ് നീക്കം. റവന്യൂമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഇടതു പക്ഷം ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷന്റെ തലയിൽ എല്ലാം വച്ച് പ്രശ്‌നം ഒതുക്കാനാണ് നീക്കം.