കോതമംഗലം: വാഹനത്തിൽ ചുറ്റിക്കറങ്ങി വിദ്യാർത്ഥിനികൾക്കും വീട്ടമ്മമാർക്കും നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് മുന്നിലെത്തിയിട്ടും പൊലീസ് നടപടിസ്വീകരിച്ചില്ലന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം മാതിരപ്പിള്ളി വിളയാലിൽ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി ജീൻസ് അഴിച്ച് നഗ്നത കാണിച്ച വെണ്ടുവഴി സ്വദേശിയെ നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ലന്നാണ് പരക്കെ ആക്ഷേപം ഉയർന്നിട്ടുള്ളത്.

വിദ്യാർത്ഥനി മൊഴി നൽകാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് സുമുഖനായ യുവാവിനെ വെറുതെവിട്ടതെന്നാണ് പൊലീസ് ഭാഷ്യം.മാന്യമായി വസ്ത്രം ധരിച്ച് സ്‌കൂൾ ഓഫീസ് പരിസരങ്ങളിൽ ഹോണ്ടാ ആക്ടിവയിൽ ചുറ്റിക്കറങ്ങി ഇയാൾ നഗ്നത പ്രദർശനം പതിവാക്കിയിരുന്നെന്നാണ് അറിവായിട്ടുള്ളത്. ഒറ്റക്ക് നടന്നുപോകുന്ന സ്‌കൂൾ -കോളേജ് വിദ്യാർത്ഥിനികളെയും യുവതികളായ വീട്ടമ്മമാരെയും പിൻതുടർന്ന് വിജനമായ പ്രദേശത്തെത്തുമ്പോൾ തടഞ്ഞുനിർത്തി നഗ്നത കാണിച്ച് സായൂജ്യം നേടുന്നതായിരുന്നു ഇയാളുടെ പതിവ് രീതിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

മുതിർന്ന സ്ത്രീകളോട് അടുത്തെത്തി വഴിചോദിക്കുകയാണ് ഇയാളുടെ ആദ്യപരിപാടി.പിന്നെ പരിസരത്ത് ആരുമില്ലന്നുകണ്ടാൽ വാഹനത്തിലിരുന്നുകൊണ്ട് തന്നെ ഊര പൊക്കി പാന്റ് താഴ്‌ത്തും.'എങ്ങിനെയുണ്ട് കൊള്ളാമോ 'എന്ന ചോദ്യം പിന്നാലെ.ഇയാളുടെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച്‌നിൽക്കുന്ന സ്ത്രീകൾ സമനില വീണ്ടെടുക്കുമ്പോഴേക്കും ഇയാൾ സ്ഥലം വിട്ടിരിക്കും.ഹെൽമറ്റ് വച്ചിട്ടുള്ളതിനാൽ ആളെ തിരിച്ചറിയാൻ കഴിയാറുമില്ല.വിദ്യാർത്ഥിനികളോട് ഐസ്‌ക്രീം വേണോ എന്നാണ് ആദ്യചോദ്യം.ഇത് നിഷേധിക്കുന്ന കുട്ടികളോട് ചോക്ലേറ്റ് വേണോ എന്നാവും അടുത്ത ചോദ്യം. ഇതും നിഷേധിക്കുന്ന വേളയിലാണ് കുട്ടികളുടെ മുന്നിൽ ഇയാളുടെ നഗ്നത പ്രദർശനം അരങ്ങേറുക.

കഴിഞ്ഞ ദിവസം പ്ലസ്സ്‌വൺ വിദ്യാർത്ഥിനിക്കുനേരെയായിരുന്നു ഇയാളുടെ പ്രകടനം.ഭയന്നുപോയ വിദ്യാർത്ഥിനി തിരിഞ്ഞോടുന്നതിനിടയിൽ ഇയാളെത്തിയ വാഹനത്തിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നു.ഇത് കുറിച്ചെടുത്ത് സഹോദരന് കൈമാറുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് പാതയോരങ്ങളിൽ നഗ്നത പ്രദർശനം പതിവാക്കിയ വെണ്ടുവഴി സ്വദേശിയെ തിരിച്ചറിഞ്ഞത്.തുടർന്ന് പൊലീസിനെ സമീപിക്കുകയും ഇയാളുടെ വാഹനത്തിന്റെ നമ്പർ കൈമാറുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ പിറ്റേന്ന് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.ഇതുപ്രകാരം ഇയാൾ സ്റ്റേഷനിലെത്തിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് ഗുണദോഷിച്ച് വിട്ടയക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.പെൺകുട്ടി മൊഴിനൽകാൻ താൽപര്യം കാണിച്ചില്ലന്നും ഇതുമൂലമാണ് ഇയാളെ വിട്ടയച്ചതെന്നുമാണ് ഇക്കാര്യത്തിൽ പൊലീസ് നൽകുന്ന വിശദീകരണം.എന്നാൽ പരാതി നൽകിയ ശേഷം വീട്ടിലേക്കുമടങ്ങിയ വിദ്യാർത്ഥിനിയെയും വീട്ടുകാരെയും നടപടികളുടെ നൂലാമാലകൾചൂണ്ടിക്കാട്ടി കേസിൽ നിന്നും പിൻതിരിപ്പിക്കാൻ പൊലീസ്-രാഷ്ട്രീയ ലോബി ശക്തമായ സമ്മർദ്ധം ചെലത്തിയെന്നും ഇതിൽ ഭയന്ന് വീട്ടുകാർ വിദ്യാർത്ഥിനിയെക്കൊണ്ട് പരാതി പിൻവലിപ്പിക്കുകയായിരുന്നെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.

മനോരോഗമോ മറ്റെന്തെങ്കിലും രോഗമോ ഇയാൾക്കില്ലന്നാണ് നാട്ടിൽ നിന്നും ലഭിക്കിന്ന വിവരം .ഈ സാഹചര്യത്തിൽ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം ശിക്ഷകിട്ടാവുന്ന കുറ്റമാണ് ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് തിരിച്ചറിവ് ഉണ്ടായിട്ടും പൊലീസ് ഇക്കാര്യത്തിൽ ഉദാരസമീപനം സ്വീകരിച്ചതിൽ പരക്കെ ആശങ്കയുയർന്നിട്ടുണ്ട്.മുടന്തൻ ന്യായങ്ങൾ നിരത്തി നിരന്തരം സ്ത്രീകളെ അപമാനിച്ചിരുന്ന യുവാവിനെ വിട്ടയക്കുക വഴി പുതിയ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ വാക്കുകൾക്ക് വിലയില്ലെന്ന് ലോക്കൽ പോലസ് തെളിയിച്ചിരിക്കുകയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.സ്ത്രീ സുരക്ഷക്ക് മുൻഗണന നൽകുമെന്നായിരുന്നു സ്ഥാനമേറ്റയുടൻ ലോക്‌നാഥ് ബെഹ്‌റ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.