തൊടുപുഴ: കഴിഞ്ഞ ദിവസം മാർച്ചിനിടെ പൊലീസിന്റെ ലാത്തിയടിയിൽ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ബിലാൽ സമദിന്റെ നിലയിൽ മാറ്റമില്ല. കാഴ്ചശക്തി തിരിച്ചുകിട്ടുന്നത് സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ കഴിയുന്ന ബിലാലിന്റെ കണ്ണിലെ പൊട്ടലുകൾക്ക് നാല് സ്റ്റിച്ചിട്ടിട്ടുണ്ട്. തലയിൽ എട്ട് സ്റ്റിച്ചുകളുമുണ്ട്.

കണ്ണിലെ നീര് പൂർണമായും മാറിയാലേ തുടർ ചികിത്സകൾ സാധ്യമാകൂ. ഇതിനായി രണ്ട് മണിക്കൂർ ഇടവിട്ട് മരുന്ന് നൽകുന്നുണ്ട്. പരിക്കേറ്റ കണ്ണിന് നിലവിൽ കാഴ്ചയില്ലാത്ത അവസ്ഥയാണെന്ന് സഹോദരൻ അസ്ലം പറഞ്ഞു. പിറന്നാൾ ദിനത്തിലായിരുന്നു ബിലാലിന് പൊലീസ് മർദ്ദനം ഏൽക്കേണ്ടി വന്നത്. ചൊവ്വാഴ്ച തൊടുപുഴയിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിനു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിലാണ് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാൽ സമദിന്റെ ഇടതു കണ്ണിനു ഗുരുതരമായി പരുക്കേറ്റത്. ബിലാലിന്റെ 29ാം പിറന്നാളായിരുന്നു ചൊവ്വാഴ്ച.

ലാത്തി കൊണ്ടുള്ള കുത്തേറ്റ് കണ്ണിന്റെ കാഴ്ച താൽക്കാലികമായി നഷ്ടപ്പെട്ട ബിലാൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണിലും തലയിലും അടിയേറ്റു വീണ ബിലാലിനെ എടുത്ത് ഓട്ടോയിൽ കയറ്റിയപ്പോൾ ഉള്ളങ്കാലിലും ലാത്തിയടിയേറ്റതായി കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

ബിലാലിന്റെ പിതാവ് ഒ.എസ്.സമദ് കോൺഗ്രസിന്റെ ബ്ലോക്ക് ഭാരവാഹിയാണ്. അനുജൻ അസ്ലം കെഎസ്‌യു തൊടുപുഴ ബ്ലോക്ക് പ്രസിഡന്റാണ്. ബിലാലിന്റെ ചികിത്സച്ചെലവ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്.