- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണത്തിന് പണം; അധികാരത്തിന് അധികാരം; സ്വപ്നം കാണുന്നതെല്ലാം കൈവിരലിൽ വിടർന്നിട്ടും എന്തുകൊണ്ട് ബിൽഗേറ്റ്സും മെലിൻഡയും വേർപിരിഞ്ഞു? സന്തോഷം എന്ന മൂന്നക്ഷരത്തിന്റെ വില വീണ്ടും ചർച്ചയാകുന്നതിങ്ങനെ
സിയാറ്റിൽ: 3 പതിറ്റാണ്ടു മുൻപ്, അത്താഴവിരുന്നിൽ ഒരുമിച്ചിരുന്നും കടങ്കഥ പറഞ്ഞും ഗണിതക്കളി കളിച്ചും തുടങ്ങിയ അനുരാഗത്തെ വിവാഹത്തിലെത്തിക്കാൻ ബിൽ ഗേറ്റ്‌സിനും മെലിൻഡയ്ക്കും വർഷങ്ങളുടെ ആലോചന വേണ്ടിവന്നു. ഇപ്പോൾ ആ ബന്ധം വേർപിരിയുന്നതും ചെറുതല്ലാത്ത കാലത്തെ ആലോചനയ്ക്കു ശേഷമാണ്. പണവും ആർഭാടവുമാണ് ജീവിതം എന്നു കരുതുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ബിൽഗേറ്റ്‌സിന്റെയും മെലിൻഡയുടെയും ദാമ്പത്യം.
പണത്തിന് പണം, അധികാരത്തിന് അധികാരം, എന്താവശ്യത്തിനും പരിചാരകർ അങ്ങിനെ ആഗ്രഹിക്കുന്നതെല്ലാം കൈവള്ളയിൽ കിട്ടിയിട്ടും ഒടുവിൽ എങ്ങുമെത്താതെ പരസ്പരം വിടപറയുമ്പോൾ ഇപ്പറഞ്ഞ ഘടകങ്ങൾക്കൊക്കെ മേലെയാണ് ജീവിതവും സന്തോഷവും എന്ന വസ്തുത ഒരിക്കൽ കൂടി അടിവരയിട്ടുറപ്പിക്കുകയാണ്.
ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് ആത്മകഥയിലും അഭിമുഖങ്ങളിലും മെലിൻഡ സൂചിപ്പിച്ചിരുന്നു. മൈക്രോസോഫ്റ്റ് കമ്പനി നടത്തിപ്പിന്റെ തിരക്കുകളുള്ള ഭർത്താവിനെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളായി മാത്രം അവശേഷിക്കുകയായിരുന്നു ഇതുവരെ. ദിവസം 16 മണിക്കൂർ നിർത്താതെ ജോലി ചെയ്യുന്ന ബില്ലിനൊപ്പം വിവാഹബന്ധം ദുഷ്‌കരമായിരുന്നെന്ന് അവർ പറഞ്ഞിട്ടുണ്ട്.ഈ ചിന്ത തന്നെയാവും ഒടുവിൽ ഗത്യന്തരമില്ലാതെ ഈ കഠിനമായ തീരുമാനത്തിലേക്ക് ഇവരെ നയിച്ചതും.
കംപ്യൂട്ടറിനെ പ്രണയിച്ചു തുടങ്ങിയ കുട്ടിക്കാലം
1964 ഓഗസ്റ്റ് പതിനഞ്ചിന് ടെക്സാസിലെ ദല്ലാസിലായിരുന്നു മെലിൻഡയുടെ ജനനം. ഏഴാംതരത്തിൽ പഠിക്കുമ്പോൾ പഠനത്തിൽ മിടുക്കിയായിരുന്ന മെലിൻഡയെ ക്ലാസ് ടീച്ചർ അഡ്വാൻസ്ഡ് മാത്ത്സിന്റെ ക്ലാസിൽ ചേർത്തു. കംപ്യൂട്ടറുകളോടുള്ള പ്രിയം ആരംഭിക്കുന്നത് അവിടെ വച്ചാണ്. ഉർസുലിൻ അക്കാഡമിയിൽ നിന്നും ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ മെലിൻഡ പിന്നീട് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടർ സയൻസും ഇക്കോണമിക്സും പഠിച്ചു. 1987ൽ എംബിഎ പഠനം പൂർത്തിയാക്കി. 1987ൽ തന്നെയാണ് മൈക്രോസോഫ്റ്റ് കമ്പനിയിൽ ജോലി ചെയ്യാനെത്തുന്നത്.
കോടികൾ വിലമതിക്കുന്ന പ്രണയം തുടങ്ങിയത് പാർക്കിംഗിൽ!
കോളേജിൽ നിന്നും ബിരുദം നേടി പുറത്തിറങ്ങുമ്പോൾ എന്തു ചെയ്യണം, എങ്ങനെ ജീവിക്കണം എന്നൊന്നും മെലിൻഡയ്ക്ക് യാതൊരു പിടിയും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് പുതുതായി തുടങ്ങിയ ഒരു കമ്പനിയിൽ ജോലിക്ക് ചേരുന്നത്. അപ്പോഴും മെലിൻഡ അറിഞ്ഞിരുന്നില്ല; ലോകം 'ഏറ്റവും വലിയ പണക്കാരൻ' എന്ന് വാഴ്‌ത്തിപ്പാടാൻ പോകുന്ന ഒരാളുടെ കമ്പനിയിലാണ് താൻ ജോലിക്ക് ചേർന്നതെന്നും അയാളുമായി വിട്ടുപിരിയാൻ പറ്റാത്ത വണ്ണം പ്രണയത്തിലായി കുറേക്കാലം ഒരുമിച്ചു ജീവിക്കുമെന്നും!
ഈ കമ്പനി ലോകം മാറ്റിമറിക്കാൻ പോകുന്ന എന്തൊക്കെയോ ചെയ്തു കൂട്ടുമെന്നും എന്തൊക്കെ വന്നാലും താൻ ഈ കമ്പനിയിൽ നിന്നും മാറാൻ പോകുന്നില്ലെന്നും അന്നേ മനസ്സിൽ കരുതിയിരുന്നു. ആ ഇരുപത്തിമൂന്നുകാരിയിൽ അധികം വൈകാതെ തന്നെ കമ്പനി സിഇഒ ആകൃഷ്ടനായി. ന്യൂയോർക്ക് സിറ്റി സെയിൽസ് മീറ്റിങ്ങിൽ വച്ചായിരുന്നു ബിൽഗേറ്റ്സ് മെലിൻഡയെ ആദ്യമായി കാണുന്നത്. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് പാർക്കിങ് ലോട്ടിൽ വച്ച് തന്റെ കൂടെ പുറത്തേയ്ക്ക് വരാൻ ബിൽഗേറ്റ്സ് ആ പെൺകുട്ടിയെ ക്ഷണിച്ചു. അതായിരുന്നു തുടക്കം. രണ്ടു പേർക്കുമിടയിൽ പ്രണയം പൊട്ടിവിടരാൻ അധികം കാലതാമസമുണ്ടായില്ല.
നീണ്ട ഏഴു വർഷങ്ങൾ, പ്രണയവും കമ്പനിയുമായി കടന്നുപോയി. അങ്ങനെ 1995ൽ അവർ വിവാഹിതരായി.
ദ്വീപിലൊരു വിവാഹം
1975 ൽ പോൾ അലനൊപ്പമാണു ബിൽ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. 1994 ൽ മെലിൻഡയെ വിവാഹം കഴിക്കുമ്പോൾത്തന്നെ അദ്ദേഹം കോടീശ്വരനായി മാറിക്കഴിഞ്ഞിരുന്നു. ഹവായിയിലെ ലനായ് എന്ന മനോഹര ദ്വീപിൽ വിവാഹച്ചടങ്ങിന് ആൾക്കൂട്ടം വേണ്ടെന്ന് ഇരുവരും ആഗ്രഹിച്ചു. ക്ഷണിക്കാതെ തന്നെ ആളുകൾ ഇടിച്ചുകയറി വന്നാലോയെന്നു പേടിച്ച് പ്രദേശത്തു ലഭ്യമായിരുന്ന എല്ലാ ഹെലികോപ്റ്ററുകളും ഗേറ്റ്‌സ് വാടയ്‌ക്കെടുത്തു മാറ്റി വച്ചെന്നാണു കഥ.
വിവാഹക്കിന്റെ അടുത്ത വർഷമാണ് വിപ്ലവകരമായ വിൻഡോസ് 95 പുറത്തിറങ്ങുന്നത്. ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ച മെലിൻഡ ഒരു തീരുമാനമെടുത്തു. ഇനി ജോലിക്ക് പോകുന്നില്ല. കുഞ്ഞിനു മാതാപിതാക്കളുടെ പരിചരണം ആവശ്യമാണ്. രണ്ടുപേരും ജോലിക്കു പോയാൽ അതിനാവശ്യമായ സ്നേഹവും കരുതലും വിലകൊടുത്തു വാങ്ങിക്കേണ്ടി വരും. രണ്ടുപേരും ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ കുഞ്ഞുങ്ങളിലേയ്ക്ക് കൂടി പകർന്നു നൽകാൻ കഴിയാതെ വരും.'ആദ്യം അത് കേട്ടപ്പോൾ ബിൽഗേറ്റ്സ് അമ്പരന്നുപോയി. എന്നാൽ പിന്നീട് എനിക്ക് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ സാധിച്ചു' മെലിൻഡ പറയാറുണ്ടായിരുന്നു.
ഗേറ്റ്സ് ഫൗണ്ടേഷന്റെ പിറവി
ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റി സംഘടനയായ ഗേറ്റ്സ് ഫൗണ്ടേഷൻ രണ്ടുപേരും കൂടി തുടങ്ങുന്നത് 2000ത്തിലാണ്. രണ്ടുപേർ ഒത്തുചേർന്ന് പ്രവർത്തിച്ച് തങ്ങളുടെ മൂല്യങ്ങൾ ലോകത്തിനു മുഴുവൻ പ്രകാശമാക്കിത്തീർക്കുക. അതായിരുന്നു ആ സംഘടന.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ കോവിഡുമായി ബന്ധപ്പെട്ട സേവനപ്രവർത്തനങ്ങൾക്കായി 175 കോടി ഡോളറാണ് കഴിഞ്ഞ വർഷം നീക്കിവച്ചത്. 2019 അവസാനത്തിലെ കണക്കനുസരിച്ച് 4330 കോടി ഡോളറാണ് ഫൗണ്ടേഷന്റെ ആസ്തി. ബിൽ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് കമ്പനി ബോർഡിൽ ഇപ്പോൾ അംഗമല്ല. 3,580 കോടി മൂല്യമുള്ള കമ്പനി ഓഹരി ഫൗണ്ടേഷനു സംഭാവന നൽകുകയും ചെയ്തിരുന്നു.
ആഗോളതലത്തിലെ ആരോഗ്യ, ദാരിദ്ര്യനിർമ്മാർജന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 5000 കോടിയിലേറെ ഡോളർ ഈ ഫൗണ്ടേഷൻ ചെലവഴിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായത്തിൽ യുഎസ് കഴിഞ്ഞാൽ ഏറ്റവും വലിയ തുക സംഭാവന നൽകുന്നത് ഫൗണ്ടേഷനാണ്.
മാതൃകയായി മെലിൻഡ
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യയായ ഒരാൾക്ക് എന്തൊക്കെ ചെയ്യാനാവും? ഇഷ്ടംപോലെ ഷോപ്പിങ്, വിദേശ ടൂർ, ആഡംബര ജീവിതം... അതെ മെലിൻഡയ്ക്കും ഇതൊക്കെയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടി ജീവിക്കാമായിരുന്നു. എന്നാൽ ലോകത്തിനു മുഴുവൻ പ്രകാശമായി മാറാനാണ് തന്റെ നിയോഗമെന്ന് അവർ തിരിച്ചറിയുകയായിരുന്നു. മുഴുവൻ സമയവും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ചെലവഴിക്കാൻ വേണ്ടി അവർ തന്റെ ജീവിതം മാറ്റിവക്കുകയായിരുന്നു.ഭർത്താവിന്റെ തിരക്കുകൾക്കിടയിൽ തന്റെ ഒറ്റപ്പെടലിനെ അവർ മറികടന്നത് ഇങ്ങനെയൊക്കെയാണ്.
ചെറിയ കാര്യമല്ല, അത്. മനസ്സിലെ നന്മ സുന്ദരമായ നിലാവുപോലെ മറ്റുള്ളവരിലേയ്ക്ക് ഒഴുക്കി വിടുകയെന്നത് ശ്രമകരം തന്നെയാണ്. യാദൃശ്ചികതകളിലൂടെ മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സിന്റെ പ്രിയവധുവായി എത്തിയ മെലിൻഡയ്ക്ക് ആ നന്മ ഒരിക്കലും കൈമോശം വന്നില്ല. തിരക്കേറിയ ലോകത്ത് ഏറ്റവും തിരക്കുള്ള ഈ ദമ്പതിമാർ ചെയ്യുന്നത് ഭൂമിയിലെല്ലാവർക്കും മാതൃകയായിരുന്നു.എന്നാൽ, ഈ മനുഷ്യസ്‌നേഹികൾ ഇപ്പോൾ ജീവിതത്തിൽ വേർപിരിയുകയാണെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്.
നിലവിൽ ഞങ്ങളുടെ ഒരുഘട്ടം കഴിഞ്ഞു. അടുത്തഘട്ടത്തിലേക്കുള്ള പാതയിലാണ് ഞങ്ങൾ. ആ വളർച്ചയിൽ ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാനാകുമെന്ന് തോന്നുന്നില്ല. അതിനാലാണ് പിരിയുന്നതെന്നാണ് വിവാഹമോചനത്തെക്കുറിച്ച് രണ്ടുപേരും പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ