തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രയോഗമുണ്ടാകുമെന്ന ധാരണയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉണ്ടാക്കിയ വിവാദങ്ങൾ അടങ്ങിയിട്ട് അധികം നാളായില്ല.കറുത്ത മാസ്‌കിന് പോലും നിയന്ത്രണമെന്ന തരത്തിലുള്ള സംഭവങ്ങൾ വൻ വിവാദത്തിനാണ് വഴിവെച്ചത്.ഇതിന് പിന്നാലെ ഇപ്പോഴിത പ്രതിഷേധത്തോട് മുഖ്യമന്ത്രിക്കുള്ള ഭയം ഒട്ടും കുറഞ്ഞില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്.കഴിഞ്ഞ ദിവസം പ്രതിഷേധത്തെ ഭയന്ന് പൊലീസ് കരുതൽ തടങ്കലിലെടുത്തത് ചടങ്ങിന്റെ സംഘാടക സമിതി വൈസ് ചെയർമാനെ.

ഇദ്ദേഹത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ മൂൻപ് പ്രതിഷേധിച്ചൊരു കേസുണ്ടെന്നായിരുന്നു പൊലീസ് വിശദീകരണം.കുമാരനാശാന്റെ 150ാം ജന്മവാർഷികാഘോഷ ചടങ്ങാണ് വീണ്ടും വിവാദത്തിനിടയാക്കിയത്.സംഭവം ഇങ്ങനെ..കുമാരനാശാന്റെ 150ാം ജന്മ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയത് മുഖ്യമന്ത്രിയായിരുന്നു.വേദിയിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാകുമോ എന്ന് ഭയന്ന് സംഘാടക സമിതി വൈസ്‌ചെയർമാനും മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭർത്താവുമായ എസ്.കൃഷ്ണകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രി എത്തുന്നതിനു മുൻപേ പൊലീസ് പിടികൂടി സ്റ്റേഷനിലിരുത്തിയ കൃഷ്ണകുമാർ ഉൾപ്പെടെ 6 പേരെ അദ്ദേഹം മടങ്ങിയ ശേഷമാണ് വിട്ടയച്ചത്. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ കൃഷ്ണകുമാർ ആശാൻ സ്മാരകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെല്ലാം പങ്കാളിയാണ്. ഇന്നലെയും ഉച്ചവരെ അവിടെയുണ്ടായിരുന്നു.പുറത്തു പോയ ശേഷം 3 മണിയോടെ തിരികെ സ്‌കൂട്ടറിൽ എത്തിയ ഉടൻ ഇരുപത്തഞ്ചോളം പൊലീസുകാർ വളഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും പറഞ്ഞു. കാരണം ചോദിച്ചപ്പോൾ 2019 ൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധിച്ചതിന്റെ പേരിൽ കേസുണ്ടെന്നു പറഞ്ഞായിരുന്നു അറസ്റ്റ്. കൃഷ്ണകുമാറിനു പുറമേ ഡിസിസി വൈസ്പ്രസിഡന്റ് എം.മുനീർ, പ്രവർത്തകരായ സുനി, ജോയി, സുജി, സഫർ എന്നിവരെയാണ് മുൻകരുതൽ എന്ന നിലയ്ക്ക് അറസ്റ്റ് ചെയ്തത്.

സംഘാടക സമിതി വൈസ് ചെയർമാൻ എന്ന നിലയ്ക്ക് എല്ലാ ദിവസവും ഞാൻ അവിടെ പോകാറുള്ളതാണ്. ഇന്നലെ അറസ്റ്റ് ചെയ്ത് ആദ്യം മംഗലപുരം സ്റ്റേഷനിലും പിന്നീട് കഠിനംകുളത്തും കൊണ്ടുപോയി. 6 മണിക്കു ശേഷമാണ് വിട്ടയച്ചത്. ആശാനുമായി ബന്ധപ്പെട്ട പരിപാടിയിൽ പ്രതിഷേധിക്കുകയെന്നത് വിദൂര ചിന്തയിൽ പോലും ഇല്ലായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് കൃഷ്ണകുമാർ പറയുന്നത്

അതേസമയം വിഷയത്തിൽ പ്രതികരണവുമായി ബിന്ദു കൃഷ്ണ രംഗത്ത് വന്നു.ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം പ്രമാണിച്ച് അന്യായമായി ഭർത്താവിനെ മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബിന്ദു കൃഷ്ണ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

'മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് മംഗലാപുരം തോന്നയ്ക്കലിൽ വച്ച് തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ കിച്ചു ഏട്ടനെ അന്യായമായി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കുകയും ഇപ്പോൾ കഠിനംകുളം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്' - എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ ആദ്യ പോസ്റ്റ്.കൃഷ്ണകുമാറിന് ജാമ്യം ലഭിച്ച വിവരം ബിന്ദു കൃഷ്ണ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു. 'കിച്ചുവേട്ടന് ജാമ്യം...' എന്നായിരുന്നു അവരുടെ പ്രതികരണം.