- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തും വായനയും അറിയാത്തവരുടെ പേരിൽ രജിസ്ട്രേഷനെടുത്ത്് അടയ്ക്ക വ്യാപാരത്തിന് വ്യാജ ബില്ലുണ്ടാക്കി; 2200 കോടി വിറ്റുവരവ് കണക്ക് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 100 കോടി നികുതി വെട്ടിപ്പ്; തട്ടിപ്പിന് അധോലോക സ്വഭാവം; ബിനീഷ് ബാവയ്ക്ക് കുരുക്കു മുറുകും
കൊച്ചി: അടയ്ക്ക വ്യാപാരത്തിന്റെ പേരിൽ വ്യാജ ബില്ലുണ്ടാക്കി 100 കോടി രൂപയുടെ ജി.എസ്.ടി. തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ ഒന്നാം പ്രതി മലപ്പുറം അയിലക്കാട് കുളങ്ങരയിൽ ബനീഷ് ബാവയുടെ (43) ജാമ്യാപേക്ഷയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയത്. അധോലോക സ്വഭാവമുള്ളതാണ് കുറ്റകൃത്യമെന്നും കോടതി വിലയിരുത്തി. വലിയ തട്ടിപ്പാണ് നടന്നത്.
10 കോടിയുടെ ജിഎസ്ടി തട്ടിപ്പ് അന്വേഷിച്ച് തവനൂരിലെത്തിയ അന്വേഷണസംഘം കണ്ടെത്തിയത് കൂലിപ്പണിയെടുക്കുന്ന യുവാവിനെയായിരുന്നു. വ്യാജ ജിഎസ്ടി ബില്ലുകൾ ഉപയോഗിച്ച് അടയ്ക്ക കടത്തിയ സംഭവത്തിൽ പൊലീസും ജിഎസ്ടി വിഭാഗവും അന്വേഷണം ആരംഭിക്കുമ്പോൾ നിറയുന്നത് തട്ടിപ്പിന്റെ പുതിയ വഴിയായിരുന്നു. തവനൂർ അതളൂർ സ്വദേശിയായ യുവാവിന്റെ രേഖകൾ ഉപയോഗിച്ചാണ് ജിഎസ്ടി വെട്ടിച്ച് ഏകദേശം 20 ലോഡ് അടയ്ക്ക കടത്തിയത്. ഇതിലൊരു വാഹനം പിടിയിലായപ്പോൾ ചരക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവിന്റെ പേരിൽ റിട്ട് ഹർജിയും ഹൈക്കോടതിയിൽ ഫയൽ ചെയ്തു. എന്നാൽ അടയ്ക്ക വ്യാപാരവുമായി ബന്ധമില്ലെന്നും ഹർജി ഫയൽ ചെയ്തത് താനല്ലെന്നും സൂം മീറ്റിങ് വഴി ഹൈക്കോടതി മുൻപാകെ യുവാവ് അറിയിച്ചിരുന്നു. ഇതോടെയാണ് അന്വേഷണത്തിന് പൊലീസും ജി എസ് ടി വിഭാഗവും രംഗത്തിറങ്ങിയത്.
പിടികൂടിയ ലോറിയിൽ നിന്ന് ലഭിച്ച ബില്ലിൽ യുവാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ജിഎസ്ടി നമ്പറായിരുന്നു.500 രൂപ മാസവരുമാനം രേഖപ്പെടുത്തിയ റേഷൻകാർഡ് ഉപയോഗിച്ച് ജീവിതം തള്ളിനീക്കുന്ന യുവാവിന് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. യുവാവിന്റെ രേഖകൾ ഉപയോഗിച്ചാണ് സംഘം ജിഎസ്ടി രജിസ്റ്റ്രേഷൻ എടുക്കുന്നത്. സുഹൃത്തുക്കളിൽ ചിലരാണ് ബിസിനസ് ആവശ്യത്തിനാണെന്നു പറഞ്ഞ് രേഖകൾ വാങ്ങിയതെന്ന് യുവാവ് പറയുന്നു. ഇതിനായി 25,000 രൂപയും 'ഓഫർ' ചെയ്തു. ജിഎസ്ടി വെട്ടിച്ചുള്ള കോടികളുടെ ചരക്ക് കടത്താണ് ലക്ഷ്യമെന്ന് യുവാവ് അറിഞ്ഞതുമില്ല. സമാനമായ ഏറെ തട്ടിപ്പുകൾ നടക്കുന്നുണ്ട്. മറ്റുള്ളവരുടെ രേഖകൾ തന്ത്രപരമായി കൈക്കലാക്കിയാണ് നികുതി തട്ടിപ്പ്. പിടിക്കപ്പെട്ടാൽ ഒന്നും അറിയാത്ത പാവങ്ങൾക്ക് നേരെയാകും അന്വേഷണം, ഇത് തിരിച്ചറിഞ്ഞതാണ് അന്വേഷണം ബിനീഷ് ബാവയിലേക്ക് എത്തിച്ചത്.
മുൻകൂർ ജാമ്യ ഹർജി തള്ളി ജഡ്ജി ഷിബു തോമസിന്റേതാണ് ഉത്തരവ്. പ്രതിയുടെ തട്ടിപ്പിനു രാജ്യവ്യാപകമായ ബന്ധങ്ങളുണ്ട്. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് ജി. കൃഷ്ണന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. എഴുത്തും വായനയും അറിയാത്തവരുടെ പേരിൽ രജിസ്ട്രേഷനെടുത്താണ് അടയ്ക്ക വ്യാപാരത്തിനുള്ള വ്യാജ ബില്ലുണ്ടാക്കിയത്. 2200 കോടി രൂപയുടെ വിറ്റുവരവിന്റെ കണക്കുകൾ മാത്രം പരിശോധിച്ചപ്പോൾ തന്നെ നികുതി വെട്ടിപ്പ് 100 കോടി കണ്ടെത്തി. വൻ തുകയുടെ അടയ്ക്ക വ്യാപാരം നടത്തിയതായി ബില്ലിൽ കണ്ടവർ സ്വന്തമായി വീടു പോലുമില്ലാത്ത പാവപ്പെട്ടവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ പേരിൽ വ്യാജ രേഖകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. വ്യാജ രേഖകൾ നിർമ്മിച്ചു നൽകുന്ന അക്കൗണ്ടന്റ് ഒളിവിലാണ്.
പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ അടയ്ക്ക വ്യാപാരത്തിൽ ഇത്രയും തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം കേരളം മുഴുവൻ വ്യാപിപ്പിച്ചാൽ ഇനിയും കോടിക്കണക്കിന് രൂപയുടെ ജി.എസ്.ടി. തട്ടിപ്പ് പുറത്തുവരുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ജി.എസ്.ടി. ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ജോൺസൻ ചാക്കോ, തൃശ്ശൂർ ബ്രാഞ്ച് ഇന്റലിജൻസ് ഓഫീസർ സി. ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ. ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരായ ഫ്രാൻസി ജോസ്, പി. ഗോപകുമാർ, ഒ.എ. ഉല്ലാസ്, ഷീല ഫ്രാൻസിസ്, വി. അഞ്ജന, കെ.കെ. മെറീന, ഒ.എ. ഷക്കീല എന്നിവരാണു നികുതി വെട്ടിപ്പുകൾ കണ്ടെത്തിയത്.
കുടുംബാംഗങ്ങളുടെ പേരിൽ രജിസ്‌ട്രേഷൻ എടുത്ത് കേരളത്തിലേക്ക് വൻതോതിൽ അടയ്ക്ക കൊണ്ടുവരുന്നതായി കാണിച്ചു ഇൻപുട്ട് ടാക്‌സ് എടുത്തു നികുതി വെട്ടിക്കുന്ന മറ്റൊരു സംഘവും ഉണ്ടായിരുന്നു. ധനകാര്യ മന്തിയുടെ പ്രത്യേക നിർദേശമനുസരിച്ചു സംസ്ഥാന ജി.എസ്.ടി. കമ്മീഷണറുടെ നേതൃത്വത്തിൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ