തൃശ്ശൂർ: ഷുഹൈബ് വധക്കേസ് മാധ്യമങ്ങളിൽ ചർച്ചയിൽ ഇടംപിടിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേശീയ ചാനലുകളിൽ പോലും വാർത്തയിൽ ഇടംപിടിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക ഇടപാടുകളായിരുന്നു. ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീർത്തതും. ഇതിന് ശേഷം ബിനീഷ് കോടിയേരി ദുബായിലെത്തി വെല്ലുവിളി നടത്തിയതുമൊക്കെയായിരുന്നു മാധ്യമങ്ങളിലെ വാർത്തകൾ. ഫേസ്‌ബുക്ക് ലൈവിലൂടെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ബിനീഷ് പ്രത്യക്ഷപ്പെട്ടത്. കടലിൽ കുളിക്കുന്നവരെ കുളത്തിലെ വെള്ളം കാട്ടി പേടിപ്പിക്കല്ലേ.. എന്ന ഡയലോഗ് സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്തായാലും 'കടലിൽ കുളിച്ച്' വൃത്തിയായി ബിനീഷ് കോടിയേരി നേരെ എത്തിയത് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന തൃശ്ശൂരിലെ വേദിയിലായിരുന്നു. കുറച്ചു സമയം മാത്രമേ ബിനീഷ് സമ്മേളന വേദിയായ വിവി ദക്ഷിണാമൂർത്തി നഗറി(റീജ്യണൽ തീയറ്റർ)ൽ നിന്നുള്ളുവെങ്കിലും ഈ സമയം കൊണ്ട് തന്നെ മാധ്യമ ശ്രദ്ധ മറ്റാർക്കും കിട്ടാത്ത വിധത്തിൽ ബിനീഷ് കോടിയേരിക്ക് ലഭിച്ചു. പ്രതിനിധി സമ്മേളനം തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു ബിനോയി കോടിയേരി സ്ഥലത്തെത്തിയത്.

പാർട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പായി സിനിമാക്കാരും മറ്റുള്ളവരും എത്തുന്നതിനൊപ്പമായിരുന്നു ബിനീഷുംഎത്തിയത്. പച്ച ഷർട്ടും ചുവപ്പ് മുണ്ടും ധരിച്ച് ഫ്രീക്കൻ സ്റ്റൈലിൽ തന്നെ  ബിനീഷ്എത്തി. കൈയിൽ ഒരു മൊബൈൽ ഫോണും കരുതിയിരുന്നു. ഇതിനിടെ ചാനൽ ക്യാമറകളെ കണ്ടതോടെ ഒന്നു പരുങ്ങി. ഇന്നസെന്റിനൊപ്പം ഹാളിലെത്തിയപ്പോൾ മുഷ്ടി ചുരുട്ടി അഭിവാദ്യം സ്വീകരിച്ചു. ഇതിനിടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് യെച്ചൂരി പ്രസംഗിച്ചു തുടങ്ങി.

ഇതോടെ ചാനൽ ക്യാമറകൾക്ക് പിന്നിലായി ബിനീഷിന്റെ സ്ഥാനം. അവിടെ നിന്ന് മൊബൈലിൽ കുത്തിക്കുറിച്ചു. യെച്ചൂരിയുടെ പ്രസംഗത്തിൽ വല്ല ഒളിയമ്പും ഉണ്ടാകുമോ എന്ന സന്ദേഹം തോന്നിയതു പോലെ. മൊബൈൽ ഫോണിൽ എന്തൊക്കെയോ കുത്തിക്കുറിച്ച ബിനീഷ് ഇതിനിടെ യെച്ചൂരിയുടെ പ്രസംഗം മുഴുവിപ്പിക്കും മുമ്പ് സ്ഥലം കാലിയാക്കുകയും ചെയ്തു.

അടുത്തകാലത്ത് സിപിഎമ്മിനും കോടിയേരിക്കും തലവേദനയുണ്ടാക്കിയ മാധ്യമ വാർത്തകളിലെ ഒരു കോണിലുണ്ടായിരുന്നത് ബിനോയി കോടിയേരിയുടെയും ബിനീഷ് കോടിയേരിയുടെ പേരുകൾ ഉണ്ടായിരുന്നു. ബിനീഷിന് ദുബായിലേക്ക് പോകാൻ സാധിക്കാത്ത വിധം വിലക്കുണ്ടെന്ന വാർത്തകൾ വന്നതോടെ വെല്ലുവിളി സ്വീകരിച്ച് ബിനീഷ് ദുബായിൽ പോകുകയും ചെയ്തു. ബിനോയി കോടിയേരിയുടെ കേസുകളിലെ ഒത്തുതീർപ്പ് ചർച്ചകൾ വിജയിച്ച ശേഷമാണ് ബിനീഷ്ഫേ സ്‌ബുക്കിൽ ലൈവിട്ടതും.

സാംബാ ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ഡിസംബർ പത്തിനു ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ബിനീഷ് പിടികിട്ടാ പുള്ളിയാണെന്ന വാർത്തകൾക്കും പിന്നാലെയാണ് താൻ, ദുബായിലെത്തിയ വിവരം ബുർജ് ഖലീഫയ്ക്കു സമീപം നിന്നു 'ഫേസ്‌ബുക് ലൈവി'ലൂടെ ബിനീഷ് അറിയിച്ചത്.

'സഖാക്കളും സുഹൃത്തുക്കളും' അഭ്യർത്ഥിച്ചതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും പറഞ്ഞു. സാംബാ ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ഡിസംബർ പത്തിനു ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ ഉണ്ടായിരുന്നോ എന്ന് പോലും വിശദീകരിച്ചില്ല.

വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ കളിയാക്കുകയും വെല്ലുവിളിക്കുകയും ചെയ്തായിരുന്നു ബിനീഷിന്റെ ലൈവ്. താൻ ദുബായിൽ എത്തിയെന്നും കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന വിവാദങ്ങൾക്കും വാർത്തകൾക്കുമുള്ള മറുപടിയാണ് ഇതെന്നും ബിനീഷ് പറഞ്ഞു. എന്നാൽ ദുബായിൽ കേസുണ്ടായിരുന്നോ ശിക്ഷ കിട്ടിയിരുന്നോ എന്നൊന്നും വ്യക്തമാക്കുന്നില്ല. അതിനിടെ ഫെയ്സ് ബുക്ക് ലൈവ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.