മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അവനവൻ ചേരി തച്ചർകുന്ന് എസ്എൽ മന്ദിരം സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. സുലിൽ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥ റിച്ചാർഡ് ഗാർഡനിലെ ബിനി മധു(37) ആണ് അറസ്റ്റിലായത്. സുലിലിനെ 2016 സെപ്റ്റംബർ 26ന് ആണ് ഊർപ്പള്ളിയിൽ കബനി പുഴയോരത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. വീടു വിറ്റവകയിൽ സുലിലിന്റെ കൈവശമുണ്ടായിരുന്ന പണം ബിനി മധു കൈക്കലാക്കുകയും ഇതു തിരികെ ചോദിച്ചപ്പോൾ സുലിലിനെ കൊല്ലാൻ ക്വട്ടേഷൻ നൽകുകയുമാണുണ്ടായതെന്നു പൊലീസ് പറയുന്നു. ബിനി മധുവിന്റെ കാമുകനായിരുന്നു സുലിൽ.

സംഭവവുമായി ബന്ധപ്പെട്ടു വേലിക്കോത്ത് കുഞ്ഞിമാളു(അമ്മു-38), മണിയാറ്റിങ്കൽ വീട് സി.ആർ. പ്രശാന്ത്(ജയൻ-36), ഊർപ്പള്ളി പൊയിൽ കോളനിയിലെ കാവലൻ(52) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ പുഴയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് കാര്യമായ അന്വേഷണത്തിനു മുതിർന്നിരുന്നില്ല. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു രംഗത്തെത്തിയതോടെയാണ് അന്വേഷണം ഊർജിതമായത്. സഹോദരനെന്ന വ്യാജേനെ സുലീലിനെ കൂടെ താമസിപ്പിച്ചുപോന്നിരുന്ന ബിനി കൊല്ലപ്പെട്ട സുലിലിൽനിന്നും ലക്ഷങ്ങൾ കൈവശപ്പെടുത്തുക യായിരുന്നു. പിന്നീട് ആ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കൊലാപതകം ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചതെന്നുമാണ് സൂചനകൾ.

ധൂർത്ത് നിറഞ്ഞ ജീവിതമായിരുന്നു ബിനി മധുവിന്റേത്. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്ത ഭർത്താവിന്റെ തുക ഉപയോഗിച്ചാണ് കൊയിലേരി ഊർപ്പള്ളിയിൽ പത്തുസെന്റ് സ്ഥലത്ത് ബിനി വീട് നിർമ്മിച്ചത്. വീടുപണിയുടെ സമയത്ത്് സ്വദേശമായ തിരുവനന്തപുരത്ത് കുടുംബവീട്ടിലെ കല്യാണത്തിന് പോയപ്പോഴാണ് സുലിലിനെ പരിചയപ്പെടുന്നത്. സുലിലുമായി സൗഹൃദം ആരംഭിച്ച ബിനി പിന്നീട് ഒപ്പംകൂട്ടുകയായിരുന്നു. അയൽവാസികളെ സഹോദരനാണ് എന്ന് വിശ്വസിപ്പിച്ചു. കുടുംബസ്വത്ത് ഭാഗം വെച്ചപ്പോൾ കിട്ടിയ വലിയ തുക സുലിലിന്റെ പക്കലുണ്ടായിരുന്നു. വീടുപണിയുടെ പേരുപറഞ്ഞ് പല തവണയായി സുലിലിന്റെ കൈയിൽനിന്ന് ബിനി പണം വാങ്ങിയതായാണ് സൂചന. ഇതിന്റെ രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ആഡംബര ജീവിതം നയിക്കുന്ന ബിനി കാറിൽ കറങ്ങി നടക്കുന്നത് മാനന്തവാടിക്കാർക്ക് പതിവു കാഴ്ചയായിരുന്നു. എല്ലാ ദിവസങ്ങളിലും രാവിലെ മുതൽ ഹെൽത്ത് ക്ലബ്ബിലെ പരിശീലനത്തിനും തുടർന്ന് ഉച്ചകഴിഞ്ഞ് യോഗ പരിശീലനത്തിനും ഇവർ സമയം കണ്ടെത്തിയിരുന്നു. മിക്ക സമയവും ഭക്ഷണം ഹോട്ടലിൽ നിന്നാണ്. വീട്ടിൽ ഉള്ള സമയങ്ങളിൽ ഭക്ഷണം മാനന്തവാടിയിലെ ഹോട്ടലിൽനിന്ന് ഓട്ടോഡ്രൈവർമാരെക്കൊണ്ട് വാങ്ങിക്കുകയാണ് പതിവ്. ഇതൊക്കെയാണ് കടബാധ്യതയുണ്ടാക്കിയത്. ഇതിനിടയിൽ വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ ഭർത്താവിനെ ബിനി ഇറക്കിവിട്ടതായി അയൽവാസികൾ പറയുന്നു. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്താണ് ബിനിയുടെ ഭർത്താവ് കഴിയുന്നത്. സുലിലിന്റെ കൈവശമുണ്ടായിരുന്ന പണമൊക്കെ തീർന്നതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു ബിനിയുടെ ലക്ഷ്യം. അമ്മയ്ക്കു സുഖമില്ലന്ന് പറഞ്ഞ് ബിനി നാട്ടിൽ പോകുകയും ഈ സമയം അറസ്റ്റിലായ മറ്റു മൂന്നുപേരും കൃത്യം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സുലിലിന്റെ കൈവശമുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ ഭർതൃമതി കൂടിയായ യുവതി തട്ടിയെടുത്തതായി സുലിലിന്റെ സഹോദരൻ സംഭവദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ സുലീലിന്റെയും യുവതിയുടേയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ യുവതി പല തവണകളായി അക്കൗണ്ട് മുഖേനെയല്ലാതെ പണം കൈപ്പറ്റിയതായി സൂചനകളുണ്ടായിരുന്നു. തുടരന്വേഷണത്തിൽ ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ മരണ ദിവസം വൈകുന്നേരത്തോടെ യുവതി തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നും ഫോട്ടോകൾ നീക്കം ചെയ്തതും സംശയം ജനിപ്പിച്ചിരുന്നു. പ്രദേശവാസികൾ ഒന്നടങ്കം യുവതിക്കെതിരെ ആരോപണവുമായി ഇപ്പോഴും രംഗത്തുണ്ട്.

കേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമ്മു പൊലീസിന് നൽകിയ മൊഴിയനുസരിച്ച് ബിനി നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്. സുലിലിന് പണം നൽകുന്നതിൽ നിന്നും രക്ഷപ്പെടണമെങ്കിൽ സുലിലിനെ ഇല്ലായമ ചെയ്യണമെന്ന് നിശ്ചയിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ക്വട്ടേഷനാണ് സംഭവമെന്ന് പൊലീസിന് ആദ്യമെ സൂചനകളുണ്ടായിരുന്നു. വ്യക്തമായ തെളിവുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റിലായ യുവതിയുടെ ഭർത്താവ് ഇവർക്കെതിരെ മാനന്തവാടി സി ഐയ്ക്ക് പരാതി നൽകിയിട്ടുണ്ട്. താൻ മുപ്പത് വർഷമായി ഗൾഫിൽ ജോലി ചെയ്ത സമ്പാദ്യം മുഴുവൻ തട്ടിയെടുത്തുവെന്നും തന്നെ പിന്നീട് ഒഴിവാക്കിയെന്നും പരാതിയിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്ത് വൈത്തിരി സബ്ബ്ജയിലിലേക്ക് അയച്ചു.

മാനന്തവാടി ടൗണിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ബിനി 2006 സെപ്റ്റംബർ 23നാണ് കാമുകനായ സുലിലിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. സുലിലിന്റെ മൃതദേഹം മൂന്നുദിവസം കഴിഞ്ഞ് യുവതിയുടെ വീടിന് സമീപം കബനി പുഴയിലാണ് കണ്ടെത്തിയത്. ഇവർ ഇതിന് മുമ്പും പലരിൽ നിന്നും പണം കബളിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.