മട്ടാഞ്ചേരി: ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങി നടന്നിരുന്ന ദമ്പതികളെ മട്ടാഞ്ചേരി പൊലീസ് വലയിലാക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. ഇടുക്കി തോപ്രാംകുടി സ്വദേശികളായ ജിയോ മാത്യൂ(37) ഇയാളുടെ ഭാര്യ ബിനി മോൾ(34) എന്നിവരെയാണ് മട്ടാഞ്ചേരി സി.ഐ: പി.കെ.സാബു, എസ്.ഐ: വി.ജോഷി എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

മട്ടാഞ്ചേരി സ്വദേശിയായ ഷാജിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവർക്കെതിരെ മറ്റ് നിരവധി പരാതികളും ഉണ്ട്. ഇവർക്കെതിരേയുള്ള കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ തൃശൂർ സ്വദേശിയായ പ്രേംകുമാർ എന്നയാളെ ഉപയോഗിച്ച് ഓൾ കേരള നിയമ സഹായ വേദിയുടെ പേരിൽ വ്യാജ പരാതികൾ നൽകുന്നതും പതിവായിരുന്നു. ഇതുകൊണ്ട് തന്നെ ഇവരെ പിടികൂടാൻ പൊലീസുകാർ ആരും മെനക്കെട്ടിരുന്നില്ല. ചില ഉന്നത ബന്ധങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കി അതീവ രഹസ്യമായി നീങ്ങിയാണ് പ്രതികളെ പിടികൂടിയത്.

ആലപ്പുഴയിൽ ഹോളി ഏഞ്ചൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നവരാണെന്നും 35 ലക്ഷം രൂപ ട്രസ്റ്റിൽ നിക്ഷേപിച്ചാൽ ഒരു കോടി രൂപ മടക്കി നൽകാമെന്നും വാഗ്ദാനം നൽകിയാണ് ഇവർ പണം തട്ടിയെടുത്തതിരുന്നത്. പാലാ സ്വദേശിയിൽ നിന്നും ഒമ്പത് ലക്ഷം രൂപയും സിനിമാ നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനിൽ നിന്ന് ഒരു കോടിയും പാലക്കാട് സ്വദേശി ജോജോയിൽ നിന്ന് പതിനാറ് ലക്ഷം രൂപയും സമാനമായ രീതിയിൽ ഇവർ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പാലക്കാട്, ചങ്ങനാശേരി, രാമപുരം, നടക്കാവ് സേ്റ്റഷനുകളിലും ഇവർക്കെതിരേ കേസുകൾ നിലവിലുണ്ട്.

വർഷങ്ങളായി വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവർ ആലപ്പുഴയിലുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. അറസ്റ്റിലായപ്പോഴും പ്രതികൾക്ക് ഒരു കൂസലുമില്ലെന്നതാണ് വസ്തുത. മൊബൈൽ ഫോൺ പിന്തുടർന്നാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന. വാചകം അടിയുടെ മികവിലാണ് സർഗ്ഗ ചിത്ര അപ്പച്ചിനിൽ നിന്നടക്കം പ്രമുഖരിൽ നിന്നും ബിനി മോളെ മുൻനിർത്തി ഭർത്താവ് ജിയോ മാത്യു കോടികളുണ്ടാക്കിയത്.

പരാതിയായപ്പോഴും പൊലീസിൽ പിടികൊടുക്കാതെ തന്ത്രങ്ങളുമായി മുങ്ങി നടന്നു. ഇതിനിടെയിൽ പല പ്രമുഖരേയും സ്വാധീനിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.