- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ ബിജെപി ഭരണമെത്തിയതോടെ കുട്ടിയുടെ അച്ഛനിൽ അതിവേഗ തീരുമാനം; ബീഹാറി യുവതിക്ക് നഷ്ടപരിഹാരവും ജീവനാംശവും നൽകാൻ കോടിയേരിയുടെ മകൻ; പരാതി ഒറിജിനലെന്നും ഒടുവിൽ സമ്മതം; ബിനോയ് കോടിയേരി മുംബൈയിൽ കേസിൽ ഒത്തുതീർപ്പ് സമ്മതിക്കുമ്പോൾ; ഒന്നും മിണ്ടരുതെന്ന് കോടിയേരിയോട് സിപിഎം
മുംബൈ : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തു തീർപ്പാക്കാനായി നടത്തുന്ന ഒത്തുതീർപ്പിന്റെ വിശദാംശങ്ങൾ മറുനാടന്. കുട്ടിയുടെ ഭാവി മുൻ നിർത്തി കോടതിക്ക് പുറത്ത് കേസ് ഒത്തു തീർപ്പിലെത്തിയെന്നാണ് അറിയാൻ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് കോടതിയിൽ അപേക്ഷ നൽകി കഴിഞ്ഞു. വിവാഹത്തെ കുറിച്ചുള്ള കോടതിയുടെ ചോദ്യം ഈ കേസിൽ നിർണ്ണായകമാകും.
കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതിയും എഫ്ഐആർ റദ്ദാക്കണമെന്ന് ബിനോയിയും അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി ഇതൊരു ക്രിമിനൽ കേസ് ആയതിനാൽ വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഒത്തു തീർപ്പ് വ്യവസ്ഥകളെ കുറിച്ച് പരസ്യമായി പറയാനാവില്ലെന്നാണ് ബിനോയി കോടിയേരി പ്രതികരിച്ചത്. എന്നാൽ പരാതിക്കാരി ഇതുസംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. പരാതിക്കാരിക്ക് ജീവനാംശം നൽകാൻ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഒടുവിൽ ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ ഇരുകൂട്ടരും കൂടി കോടതിയിൽ അപേക്ഷ നൽകിയത്.
എന്നാൽ മാന്യമായ നഷ്ടപരിഹാരം യുവതിക്ക് ബിനോയ് കോടിയേരി വാഗ്ദാനം ചെയ്തിട്ടുണ്ട്. കുട്ടിയെ നോക്കാനുള്ള സാഹചര്യമെല്ലാം ഒരുക്കും. കോടതിക്ക് മുമ്പിൽ സമർപ്പിച്ച ഹർജിയിൽ കുട്ടിയുടെ പിതൃത്വം ബിനോയ് അംഗീകരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് അംഗീകരിക്കുന്നതിനാലാണ് ഒത്തുതീർപ്പിന് യുവതി തയ്യാറായത്. ഇതോടെ യുവതിയുടെ പരാതി വ്യാജമാണെന്ന ബിനോയിയുടെ നിലപാടും അപ്രസക്തമായി. ഡിഎൻഎ ഫലം പുറത്തു വിടണമെന്ന സമ്മർദ്ദം യുവതി നടത്തിയിരുന്നു. ഇതിനിടെയാണ് ബിനോയ് എല്ലാം സമ്മതിച്ച് കേസൊതുക്കുന്നത്.
ഏതായാലും കേസിന്റെ അവസ്ഥ ഇനി കേരളത്തിലും ചർച്ചയാകും. കേസ് ഒത്തുതീർപ്പാക്കാനുള്ള വാദത്തിനിടെ രണ്ടാമതായി ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിൻ ജാംദാർ ചോദിച്ചപ്പോൾ, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിമുമ്പാകെ വ്യക്തമാക്കി. പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.ആർ. ഷിന്ദേയോട് ഇക്കാര്യത്തിൽ വിശദീകരണം തിരക്കിയപ്പോൾ വിവാഹിതരാണെന്നാണ് അവർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഇതാണ് വിനയാകുന്നത്. കേസ് ഒത്തു തീർപ്പാക്കാൻ കോടതി നിലപാട് നിർണ്ണായകമാകും.
വിവാഹിതരാണോ എന്ന കാര്യത്തിലെ തർക്കം പരിഹരിച്ചശേഷം കേസ് തീർക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോൾ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിൻ ജാംദാർ വ്യക്തമാക്കി. യുവതി മൂന്നുവർഷംമുമ്പ് നൽകിയ കേസ് കള്ളക്കേസായിരുന്നെന്നാണ് ബിനോയി കോടതിയിൽ ഇതുവരെ വാദിച്ചത്. ഹൈക്കോടതിയൽ സമർപ്പിച്ച ഡി.എൻ.എ. പരിശോധനാ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയിൽ എത്തിയത്. പരസ്യമായി ആ യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബിനോയ് പറഞ്ഞിരുന്നത്.
തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനിടയിലാണ് കേസ് ഒത്തുതീർപ്പാവുന്നത്. എൻസിപി-കോൺഗ്രസ് പിന്തുണയോടെ ശിവസേനയായിരുന്നു മഹാരാഷ്ട്ര ഭരിച്ചിരുന്നത്. എൻസിപി കേരളത്തിലെ ഇടതു സർക്കാരിന്റെ ഭാഗമാണ്. ഈ രാഷ്ട്രീയ ബന്ധം കാരണമാണ് സിപിഎം നേതാവിന്റെ മകന്റെ ഡിഎൻഎ ടെസ്റ്റ് പുറത്തു വരാത്തതെന്ന് വിമർശനം സജീവമായിരുന്നു.
ഓപ്പറേഷൻ ലോട്ടസിലൂടെ ശിവസേന സർക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തി. ഇതിന് പിന്നാലെയാണ് ജീവനാംശം കൊടുത്തും കേസൊതുക്കാൻ ബിനോയ് തയ്യാറായത് എന്നാണ് സൂചന. ഈ കേസ് ബിജെപി സർക്കാർ എടുത്തുപയോഗിക്കുമോ എന്ന ഭയം സിപിഎം നേതൃത്വത്തിനുണ്ട്. സ്വർണ്ണ കടത്തിൽ സിപിഎം നേതൃത്വത്തെ ആകെ കുടുക്കാനാണ് ശ്രമം. ഇതിനൊപ്പം ബിനോയ് കേസും ചർച്ചയാക്കുമെന്ന് സിപിഎം ഭയന്നു. ഏതായാലും ഈ കേസിൽ ബിനോയിയുടെ അച്ഛനും സിപിഎം സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ ഇനി പ്രതികരിക്കില്ല. അത് മകനുമായി ബന്ധപ്പെട്ട വിഷയമാണെന്ന നിലപാടാകും കോടിയേരി എടുക്കുക.
ബിനോയ് കോടിയേരിക്കെതിരായ ഈ കേസ് ഏറെ വിവാദങ്ങളുണ്ടാക്കിയതാണ്. പരാതിക്കാരി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ബിനോയിക്കെതരെ ആരോപണങ്ങൾ ഉന്നയിക്കുകയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ മുംബൈയിലെത്തി ഇവരുമായി കൂടിക്കാഴ്ച നടത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയിട്ടുള്ളതാണ്. ഇതെല്ലാം പിന്നീട് കോടിയേരിയുടെ കുടുംബം നിഷേധിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ