- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നതെന്നും ബിനോയ്; വിവാഹക്കാര്യത്തിലും കുഞ്ഞിന്റെ ഭാവിയിലും വ്യക്തത വരുത്തിയാൽ കേസ് ഒഴിവാക്കും; പഴയതെല്ലാം വിഴുങ്ങി പീഡനക്കേസിൽ ജയിൽവാസം ഒഴിവാക്കാൻ കോടിയേരിയുടെ മകൻ; ഒന്നും മിണ്ടാതെ സിപിഎം സെക്രട്ടറി; ബോംബെ കേസ് ക്ലൈമാക്സിലേക്ക്
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർക്കാനുള്ള അപേക്ഷയിൽ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾ രാഷ്ട്രീയ കോളിളക്കം കേരളത്തിൽ സൃഷ്ടിക്കും. അതിനിടെ വിഷയത്തിൽ ഒരു പ്രതികരണവും നടത്തരുതെന്ന നിർദ്ദേശം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിട്ടുണ്ട്.
കേസിൽ ബോംബെ ഹൈക്കോടതിയിൽ ബിനോയ് കോടിയേരിയും പരാതിക്കാരിയും 13നു മറുപടി നൽകണം. യുവതിക്കു ജനിച്ച കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. നിയമപ്രകാരം വിവാഹിതരായോ എന്നതിന് അതെ എന്നു യുവതിയും അല്ലന്നു ബിനോയിയും മറുപടി നൽകിയിരുന്നു. ഇതും വ്യക്തത വരുത്തണം. ഇതിനൊപ്പം കുട്ടിയുടെ ഭാവി എന്താകുമെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടായില്ല. ഇക്കാര്യങ്ങളിൽ ഇരുവരുടെയും മറുപടികളും തുടർചോദ്യങ്ങളുണ്ടെങ്കിൽ അവയ്ക്കുള്ള ഉത്തരവും വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം.
യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നതെന്നും ബിനോയ് പ്രതികരിച്ചു. കേസ് ഒത്തുതീർക്കാൻ കുറച്ചുകാലമായി യുവതിക്കു താൽപര്യമുണ്ടായിരുന്നു. കുട്ടിയുടെ ഭാവിയോർത്താണ് പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇപ്പോൾ പുറത്തു പറയാനാകില്ല. അനുകൂലവിധി ഉടൻ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ബിനോയ് അറിയിച്ചു. കുട്ടിയുടെ പിതൃത്വവും ബിനോയ് ഏറ്റെടുത്തുവെന്നാണ് സൂചന.
ഹൈക്കോടതിയിൽ രഹസ്യരേഖയായി നൽകിയിട്ടുള്ള ഡിഎൻഎ പരിശോധനാഫലം പുറത്തുവരും മുൻപാണ് കുഞ്ഞിന്റെ പിതൃത്വം ബിനോയ് പരോക്ഷമായി അംഗീകരിച്ചിരിക്കുന്നത്. ഇതു പുറത്തു വന്നാൽ യുവതിയുടെ പരാതി ശരിയെന്ന് തെളിയും. ഈ സാഹചര്യമാണ് ബിനോയിയെ പ്രതിക്കൂട്ടിലാക്കിയത്. മഹാരാഷ്ട്രയിൽ ബിജെപി ഭരണമെത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയാകും. ഇത് ബിനോയിയെ ഒത്തുതീർപ്പിന് പ്രേരിപ്പിച്ചു.
നേരത്തേ, യുവതിയുടെ ആരോപണം കള്ളമാണെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ബിനോയ് സമർപ്പിച്ച ഹർജിയിലാണ് ഡിഎൻഎ പരിശോധനയ്ക്ക് ഹൈക്കോടതി നിർദേശിച്ചത്. കേസ് നീണ്ടുപോവുന്നതിനാലും ജീവിക്കാൻ മറ്റു മാർഗമില്ലെന്നുമിരിക്കെ, കുട്ടിക്ക് ജീവനാംശം ലഭിച്ചാൽ ഒത്തുതീർപ്പിന് തയാറാണെന്നതാണ് യുവതിയുടെ നിലപാട്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കേസിൽ ബോംബെ കോടതി വിധി എല്ലാം നിശ്ചയിക്കും. ഒത്തുതീർപ്പിലായെന്ന് കാണിച്ച് പരാതിക്കാരിയായ ബീഹാർ സ്വദേശിനിയും ബിനോയിയും ഒപ്പിട്ട രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.ഒത്തുതീർപ്പ് കരാറിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. രേഖയിൽ കുട്ടി തന്റേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ കുട്ടി വളർന്നുവരുകയാണെന്നും അവന്റെ ഭാവിയെ കരുതിയാണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നും രേഖയിലുണ്ട്. ബലാത്സംഗം അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ കുറ്റപത്രത്തിലുള്ളതിനാൽ ഒത്തുതീർക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ബിനോയിയും പരാതിക്കാരിയും വിവാഹിതരായതാണോ എന്ന് കോടതി ചോദിച്ചിരുന്നു. വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും മറുപടി നൽകി. ഇക്കാര്യത്തിലെ തർക്കം പരിഹരിച്ചശേഷം കേസ് തീർക്കണമോ എന്ന കാര്യം പരിഗണിക്കാമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവുകൾ നൽകുന്നതടക്കമുള്ള വ്യവസ്ഥകളോടെ ഒത്തുതീർപ്പിലെത്താൻ തങ്ങൾ തീരുമാനിച്ചതായി ഇരുവരും ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
ഇതോടെ ബിനോയിക്ക് എതിരായ കേസ് തള്ളണമെന്നാണ് ആവശ്യം. എന്നാൽ, ഇരുവരുടെയും മൊഴികളിലെ പൊരുത്തക്കേടും ഒത്തുതീർപ്പ് വ്യവസ്ഥയിലെ അവ്യക്തതയും ചൂണ്ടിക്കാട്ടിയ കോടതി കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് ഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. അന്ന് കോടതി ഉന്നയിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി ഇരുവരും നൽകണം. ഇരുവരും വിവാഹിതരാണോ എന്ന കോടതിയുടെ ചോദ്യത്തിന് യുവതി ആണെന്നും ബിനോയി അല്ലെന്നും പറഞ്ഞതാണ് മൊഴിയിലെ പൊരുത്തക്കേട്. മകന്റെ പിതാവ് ബിനോയ് ആണെന്നാണ് കോടതിയിൽ യുവതി നേരത്തേ അവകാശപ്പെട്ടത്.
തുടർന്ന് ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ടെങ്കിലും പുറത്തു വിട്ടിരുന്നില്ല. റിപ്പോർട്ട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഒത്തുതീർപ്പ് ശ്രമം. കുഞ്ഞിന്റെ ഭാവി അടക്കം തങ്ങളുടെ സംശയങ്ങൾക്ക് ഇരുവരും നൽകുന്ന വിശദീകരണങ്ങളിൽ കോടതിക്ക് സംതൃപ്തി ഉണ്ടാകുമെങ്കിൽ മാത്രമെ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ. കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബിനോയിക്കെതിരെ കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീർപ്പ് ശ്രമം. ഇതോടെ കുറ്റം ചുമത്തൽ നടപടിക്ക് ഹൈക്കോടതി സ്റ്റേ നൽകി.
മറുനാടന് മലയാളി ബ്യൂറോ