തിരുവനന്തപുരം: ദുബായിൽ തനിക്കെതിരെ പരാതിയില്ലെന്ന് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ. തനിക്കെതിരെ പരാതി വന്ന ഇടപാടുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും ബിനോയ് കോടിയേരി വിശദീകരിച്ചു. തനിക്ക് ദുബായിൽ പോകുന്നതിന് വിലക്കില്ലെന്നും ബിനോയ് പറഞ്ഞു. അതേസമയം ബിനോയ്ക്കെതിരെ ദുബായിലെ കമ്പനി സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.

2014ലെ ഇടപാടാണിത്. കൊട്ടാരക്കാര സ്വദേശി രാഹുൽ കൃഷ്ണ തന്റെ ബിസിനസ് പങ്കാളിയായിരുന്നു. രാഹുലിന് താൻ പണം നൽകാനുണ്ടായിരുന്നു. ഇതിൽ 90 ശതമാനം പണവും താൻ നൽകിയെങ്കിലും ഈ ചെക്ക് രാഹുൽ കൃത്യസമയത്ത് കമ്പനിയിൽ നൽകാത്തതുകൊണ്ടാണ് ഇത്തരത്തിലൊരു പരാതിയുണ്ടായത്. നവംബറിൽ ഇത്തരത്തിലൊരു കേസിന്റെ പേരിൽ താൻ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഇപ്പോൾ ദുബായിൽ തനിക്കെതിരെ കേസില്ലെന്നും ബിനോയ് പറഞ്ഞു.

പരാതിക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യമുണ്ടോയെന്ന് അറിയില്ല. കാറും മറ്റും വാങ്ങാനല്ല പണം വാങ്ങിയത്. മറിച്ച് രാഹുൽ കൃഷ്ണയുമായുള്ള ഇടപാടുകൾക്കായാണ് പണം വാങ്ങിയതെന്നും ബിനോയ് പറയുന്നു. കേസുണ്ടായിരുന്നെങ്കിൽ തനിക്ക് കോടതിയിൽ ഹാജരാകാൻ കഴിയുമായിരുന്നില്ലെന്നും അറസ്റ്റ് ചെയ്യപ്പെടുമായിരുന്നെന്നും ബിനോയ് പറഞ്ഞു.

കമ്പനിയുടെ പേരിൽ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് ദുബായിലെ കമ്പനി സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയത്. ദുബായിലെ കോടതിയിൽ നടപടികൾ തുടരുന്നുവെന്നു ഇന്റർപോൾ നോട്ടീസിനുള്ള നടപടി തുടങ്ങിയെന്നും പരാതിയിൽ പറയുന്നു. ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെതിരെയും പരാതിയുണ്ട്.

അതേസമയം ബിനോയിക്കെതിരായ ആരോപണത്തിനെ കുറിച്ച് പാർട്ടി നേതൃത്വത്തോട് ചോദിക്കണമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അതേസമയം വിഷയത്തിൽ പരാതിയൊന്നും ലഭിച്ചില്ലെന്ന് സിപിഐ.എം കേന്ദ്ര നേതൃത്വം പ്രതികരിച്ചു. വിഷയത്തിൽ അന്വേഷണമില്ലെന്നാണ് സിപിഐ.എമ്മിന്റെ പ്രതികരണം. വിഷയത്തെക്കുറിച്ച് പ്രതികരിച്ച സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരിശോധിക്കട്ടെയെന്ന മറുപടിയാണ് മാധ്യമങ്ങൾക്ക നൽകിയത്. അതേസമയം പരാതി നേതാവിനെതിരെ അല്ലെന്നും മകനെതിരെയാണെന്നും അതിനാൽ പാർട്ടി തല അന്വേഷണം ആവശ്യമില്ലെന്നുമാണ് സിപിഐ.എം നിലപാടെന്നും റിപ്പോർട്ടുകളുണ്ട്.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ദുബായ് കമ്പനി സിപിഐ.എം പൊളിറ്റ്ബ്യൂറോയെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പൊളിറ്റ് ബ്യൂറോയ്ക്ക് മുന്നിൽ യാതൊരു പരാതിയും വന്നിട്ടില്ലെന്നാണ് യെച്ചൂരി പ്രതികരിച്ചത്. മകന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിപിഐ.എം നേതാവുമായി ചർച്ചകൾ നടത്തിയിരുന്നെന്നും പണം തിരിച്ച് നൽകാമെന്ന് നേതാവ് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ലെന്നുമാണ് ആരോപണങ്ങൾ. പണം തിരികെ നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.

ഒരു ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപയും നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽ നിന്നു നൽകിയെന്നാണ് ദുബായ് കമ്പനിയുടെ പറയുന്നത്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുെങ്കിലും കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ആ സമയത്ത അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമേ 36.06 ലക്ഷമായിരുന്നെന്നും ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും റിപ്പോർട്ട് പറയുന്നു.

തിരിച്ചടവിനത്തിൽ കഴിഞ്ഞ മെയ്‌ 16 നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. നേതാവിന്റെ മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുന്നതായാണ് വാർത്തകൾ.