മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീർപ്പിലേക്ക് പോകുമ്പോൾ ഗുരുതര ആരോപണവുമായി കോൺഗ്രസ് പത്രം വീക്ഷണം. ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യവസായിയുടെ മധ്യസ്ഥതയിൽ വൻ തുക പാരിതോഷികം നൽകി പരാതിക്കാരിയായ യുവതിയെ കേസിൽ നിന്നു പിന്തിരിപ്പിച്ചു.

യുവതിക്കു വിദേശത്തു ജോലിയും കുട്ടിക്ക് ജീവിതകാലത്തേക്കുള്ള ജീവനാംശവും വലിയൊരു തുക നഷ്ടപരിഹാരവുമാണ് യുവതിക്കു നൽകിയിരിക്കുന്ന വാഗ്ദാനം. ഇത് അംഗീകരിച്ച് കേസിൽ നിന്നു പിന്തിരിയാനും കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പ് അനുസരിച്ച കേസിൽ നിന്നു പിൻവാങ്ങുന്ന കാര്യം കോടതിയെ രേഖാമൂലം അറിയിക്കാനും യുവതി സന്നദ്ധത പ്രകടിപ്പിച്ചതായാണു വിവരമെന്നാണ് വീക്ഷണം വാർത്ത. പലതരം വിലയിരുത്തുലുകൾക്കും ഈ വാർത്ത ഇടനൽകുന്നുണ്ട്. ഗുരുതരമായ ആരോപണമാണ് പ്രവാസിയുടെ പേരു വയ്ക്കാതെ ഉയർത്തുന്നത്.

സ്വപ്‌നാ സുരേഷ് സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് നൽകിയ രഹസ്യമൊഴിയിൽ ഒരു പ്രവാസിക്കെതിരെ വെളിപ്പെടുത്തലുണ്ടെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഈ വ്യവസായിയെ ഭീഷണിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പലരും രഹസ്യമൊഴി നേടാനും ശ്രമിച്ചതായും വാർത്തകളുണ്ട്. ഇതേ സമയമാണ് ബിനോയ് കോടിയേരി കേസും ഒത്തുതീർപ്പിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ വീക്ഷണം വാർത്തയിലെ പ്രവാസി മുതലാളി ആരെന്ന ചർച്ച സജീവമാണ്. മുമ്പും കോടിയേരിയുടെ മക്കൾക്കെതിരായ പല കേസുകളും പ്രവാസിയാണ് ഒത്തുതീർപ്പിലാക്കിയതെന്ന വാദം ഉയർന്നിരുന്നു.

തെക്കൻ കേരളത്തിലെ പ്രവാസിയെ ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ. പരാതിക്കാരിയായ യുവതിയും ബിനോയിയും കേസ് നടപടികൾ അവസാനിപ്പിക്കാൻ ഉടനെ കോടതിയിൽ അപേക്ഷ നൽകുമെന്നാണ് വീക്ഷണം പറയുന്നത്. എന്നാൽ അപേക്ഷ നൽകിയെന്നതാണ് വസ്തുത. അതേ സമയംഒത്തുതീർപ്പിനെക്കുറിച്ച് പ്രതികരിക്കാൻ പരാതിക്കാരിയായ യുവതി തയ്യാറായിട്ടില്ല. ഒത്തുതീർപ്പ് വ്യവസ്ഥകളെക്കുറിച്ച് ഇപ്പോൾ പരസ്യമായി പറയാനാകില്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. കുട്ടിയുടെ ഭാവിയെ കരുതിയാണ് നടപടികളെന്നു യുവതിയുടെ ബന്ധുക്കളും അറിയിച്ചു.

പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നൽകാൻ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഒടുവിൽ ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ ഇരുകൂട്ടരും കൂടി കോടതിയിൽ അപേക്ഷ നൽകാൻ തീരുമാനിച്ചത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടുമില്ല.

കുട്ടിയുടെ ഭാവി മുൻനിർത്തി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലേക്ക് എത്തി എന്നാണ് ഇരുവരും കോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷയിൽ പറയുന്നത്. ദുബായിയിൽ ഹോട്ടൽ ആർട്ടിസ്റ്റായാരുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവതിയുമായി ബിനോയ് അടുപ്പത്തിലാകുകയായിരുന്നു. വിവാഹിതനായിരുന്ന കാര്യം മറച്ചു വച്ച് തന്നെ വിവാഹം ചെയ്യാമെന്നു പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി നൽകിയ പരാതി. ഈ ബന്ധത്തിൽ തനിക്കൊരു കുട്ടിയുണ്ടെന്നും അതിന്റെ പിതൃത്വം ബിനോയിക്കാണെന്നും അവർ വാദിച്ചു. ഇതു തെളിയിക്കാനാണ് മുംബൈ കോടതി ഡിഎൻഎ ടെസ്റ്റിന് നിർദ്ദേശം നൽകിയതെന്നും വീക്ഷണം പറയുന്നു.

മാതൃഭൂമിയാണ് ഇന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അതിന് പിന്നാലെയാണ് ഒത്തുതീർപ്പ് വ്യവസ്ഥയിൽ ചർച്ച തുടങ്ങിയത്. മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയിയുടെ അച്ഛൻ കോടിയേരി ബാലകൃഷ്ണൻ നിഷേധിച്ച പലതും ഇപ്പോൾ ബിനോയ് കോടിയേരി സമ്മതിക്കുകയാണെന്നതാണ് വസ്തുത.