തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബെൽ ചിറ്റ്‌സിന് എതിരെ സിപിഐ(എം) ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിയെ തന്നെ തിരിഞ്ഞു കുത്തുന്നു. വെള്ളാപ്പള്ളിക്ക് കോടികളുടെ കള്ളപ്പണം നിക്ഷേപിച്ച സ്ഥാപനമെന്ന് സിപിഐ(എം) സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ആരോപിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും എത്തിയിരുന്നു എന്ന കാര്യം പുറത്തുവന്നതാണ് പാർട്ടിക്ക് തിരിച്ചടിയാകുന്നത്. ബെൽ ചിറ്റ്‌സിന്റെ പനമ്പള്ളി നഗരറിലുള്ള ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് കോടിയേരിയുടെ മൂത്ത മകൻ ബിനോയിയും എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

ബെൽ ചിറ്റ്‌സിന്റെ വെബ്‌സൈറ്റിൽ തന്നെയാണ് ഈ ചിത്രങ്ങൾ ഉള്ളത്. അതേസമയം ബിനോയി കോടിയേരിക്ക് ചിട്ടിക്കമ്പനിയുമായി ബന്ധമുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞിട്ടുണ്ട്. എന്നാൽ, ഏത് തരത്തിലുള്ള ബന്ധമാണെന്ന കാര്യം പുറത്തുപറഞ്ഞിട്ടില്ല. ഉദ്ഘാടനത്തിന് മാത്രമാണോ പോയത് അതോ, സ്ഥാപനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്താനുണ്ട്.

അതേസമയം വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിൽ ഉള്ള ചിട്ടി സ്ഥാപനം തട്ടിപ്പു നടത്തിയെന്ന വാർത്ത പുറത്തുവകൊണ്ടു വന്നത് കൈരളി ചാനലായിരുന്നു. പാർട്ടിയുടെ ചാനൽ തന്നെ പുറത്തു കൊണ്ടുവന്ന വിഷയം ഇപ്പോൽ പാർട്ടി സെക്രട്ടറിയെ ബാധിക്കുന്ന വിധത്തിലേക്ക് നീങ്ങിയത് എങ്ങനെയെന്ന കാര്യത്തിൽ അധികമാർക്കും അറിവില്ല. പിണറായി വിജയൻ തന്നെ വാർത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളിക്ക് ഈ സ്ഥാപനത്തിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് വ്യക്തമാക്കിയത്.

ബെൽസ് ചിട്ടി ഫണ്ട് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളിലാണ് കള്ളപ്പണ ഇടപാട് നടത്തുന്നത്. ബെൽസ് ചിട്ടി ഫണ്ടിൽ വെള്ളാപ്പള്ളിക്കും ബന്ധുക്കൾക്കും 70 ശതമാനം വിയർപ്പ് ഓഹരിയുണ്ട്. സഥാപനത്തിന്റെ 2013-14ലെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ 23കോടി രൂപ കണക്കിൽപെടാത്തതായുണ്ടെന്ന് കണ്ടത്തെിയെന്നും പിണറായി പരഞ്ഞിരുന്നു. കള്ളപ്പണക്കാരെ പിടികൂടുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളാപ്പള്ളിയെ പോലുള്ള കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

കൈരളി ചാനൽ പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം. അതേസമം സംഭവം വിവാദമായപ്പോൾ ബെൽചിറ്റ്‌സിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായിരുന്നു. പിന്നീട് ഈ വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇതും പീപ്പിൾ ടിവിയിൽ വാർത്തയായിരുന്നു. ഇതേ വെബ്‌സൈറ്റിൽ തന്നെയായിരുന്നു ഉദ്ഘാടനത്തിന് കോടിയേരി പങ്കെടുക്കുന്ന ചിത്രവും ഉള്ളത്.

ഒരു കോടി മുതൽ മുടക്കുള്ള സ്ഥാപനമാണ് വെള്ളാപ്പള്ളിയുടെ ബെൽ ചിറ്റ്‌സ്. 10 ലക്ഷം രൂപയുടെവരെ ചിട്ടികൾ നടത്തുന്നു എന്നാണ് കമ്പനിയുടെ ബ്രോഷറിൽ പറയുന്നത്. എന്നാൽ, ചിട്ടിയിൽ ചേരുകയും ഈടുനൽകുകയും ചെയ്താൽ 10 കോടി രൂപവരെ 4 മുതൽ 6 മാസത്തിനകം നൽകാറുണ്ട്. സ്ഥാപനത്തിൽ 70 ശതമാനം ഓഹരിയും വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിനാണ്. പനമ്പള്ളി നഗറിലെ ഈ ഓഫീസ് മാത്രമാണ് സ്ഥാപനത്തിന് കേരളത്തിലുള്ളത്. മറ്റൊരു ബ്രാഞ്ച് ജമ്മുവിലാണ്. വെള്ളാപ്പള്ളിയുടെ മകൻ തുഷാറിന്റെ ഭാര്യ ആശ ആണ് മാനേജിങ് ഡയറക്ടർ.

ആശയ്ക്ക് 29.16 ശതമാനം ഓഹരിയുണ്ട്. വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും അഡീഷണൽ ഡയറക്ടർമാരാണ്. പ്രീതി നടേശന് 29.17 ശതമാനവും വെള്ളാപ്പള്ളിക്ക് 11.67 ശതമാനവും ഓഹരിയുണ്ട്. സ്ഥാപനത്തിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ പാലാ സ്വദേശി തോമസ് ജോസഫിന് 20 ശതമാനം ഓഹരിയും മറ്റൊരു അഡീഷണൽ ഡയറക്ടറായ കോട്ടയം സ്വദേശി വിജയകുമാറിന് 10 ശതമാനം ഓഹരിയുമുണ്ട്. സ്ഥാപനം കമ്പനി രജിസ്ട്രാർക്ക് നൽകിയ രേഖയിലാണ് വിശദാംശങ്ങൾ ഉള്ളത്. കമ്പനിയിൽ തനിക്കും കുടുംബത്തിനും ഓഹരി ഉണ്ടെന്ന് വെള്ളാപ്പള്ളിയും വ്യക്തമാക്കിയിരുന്നു.