- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിൻഷയുടെ റെയിൽവേ ജോലി തട്ടിപ്പ് ഒറ്റയ്ക്കല്ല; എല്ലാ നിർദേശങ്ങളും നൽകിയത് കോട്ടയത്തെ മാഡം; ഫെയ്‌സ് ബുക്ക് വഴിയാണ് മാഡവുമായി ബിൻഷ ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ്; തൊഴിൽതട്ടിപ്പിന് പിന്നിലെ അദൃശ്യകരങ്ങളെ തേടി അന്വേഷണം
കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ, മറ്റൊരു പ്രതിയെ തേടി പൊലീസ് കോട്ടയത്തേക്ക്. കേസിൽ പിടിയിലായ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കിനു (28) പിന്നിലെ ബുദ്ധികേന്ദ്രം കോട്ടയം സ്വദേശിയായ 'മാഡം' ആണെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായതോടെയാണ് ടൗൺ പൊലീസ് സംഘം കോട്ടയത്തേക്കു പോകുന്നത്. മാഡത്തിന്റെ നിർദേശപ്രകാരാണ് ബിൻഷ എല്ലാ കാര്യങ്ങളും ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
'മാഡത്തിന്റെ' നിർദേശപ്രകാരമാണു തട്ടിപ്പ് നടത്തിയതെന്നാണു പൊലീസ് നിഗമനം. റിമാൻഡിലുള്ള ബിൻഷയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിന്റെ വിവരം അറിയുന്നത്. ഫെയ്‌സ് ബുക്ക് വഴിയാണ് മാഡവുമായി ബിൻഷ ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറഞ്ഞു.
ബാസ്‌കറ്റ് ബോൾ താരമായ ബിൻഷ കണ്ണൂർ സ്പോർട്സ് സ്‌കൂളിലാണു പഠിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ തട്ടിപ്പിന് ഇരയായതായാണു വിവരം. ജോലി വാഗ്ദാനത്തിൽ കുടുങ്ങി 15,000 രൂപ മുതൽ 50,000 രൂപ വരെ നൽകിയവരുണ്ട്. കോട്ടയം നഗരത്തിലെ ഒരുസ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇവർ ബിൻഷയ്ക്ക് കൂടുതൽ ഫോണുകൾ ചെയ്തത്. ടിക്കറ്റ് എക്സാമിനർ ചമഞ്ഞ് തൊഴിൽതട്ടിപ്പു നടത്താൻ ബിൻഷയ്ക്ക് ഉപദേശം നൽകിയതും അവരെ പ്രേരിപ്പിച്ചതും കോട്ടയത്തെ മാഡമാണെന്നാണ് പൊലീസ് പറയുന്നത്.
ബിൻഷ മറ്റുള്ളവരിൽ നിന്നും തൊഴിൽ വാഗ്ദാനം ചെയ്തുവാങ്ങിയ പണത്തിന്റെ ഒരുഭാഗം ഇവർക്ക് ഗൂഗിൾപേയായി അയച്ചുകൊടുത്തതായും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം കോട്ടയത്തേക്ക് പൊലീസ് വ്യാപിപ്പിക്കുന്നത്. അഞ്ചു തൊഴിലന്വേഷകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ബിൻഷയെ കഴിഞ്ഞ ദിവസം കണ്ണൂർ കോടതി റിമാൻഡ് ചെയ്തിരുന്നു.
കണ്ണൂർ സ്പോർട്സ് സ്‌കൂളിൽ പഠനം കഴിഞ്ഞിറങ്ങിയ ബിൻഷ മികച്ച ബാസ്‌കറ്റ് ബോൾ കളിക്കാരിയാണ്.സംസ്ഥാനതലത്തിൽ ഇവർ കളിച്ചിട്ടുണ്ട്. കളിമികവിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് റെയിൽവേയിൽ താൽക്കാലിക ജോലി ലഭിച്ചത്. എന്നാൽ കോവിഡ് കാലത്തെ കൂട്ടപിരിച്ചുവിടലിൽ ബിൻഷയ്ക്കു ജോലി നഷ്ടപ്പെടുകയായിരുന്നു. ഇതിനിടെ ഒരു സമ്പന്ന കുടുംബത്തിൽ നിന്ന് റെയിൽവേ സ്ഥിരം ജീവനക്കാരിയാണെന്ന് പറഞ്ഞ് ഇവർ വിവാഹം ചെയ്തിരുന്നു. തന്റെ കുടുംബജീവിതം തകരുമെന്നതിനാൽ ഈക്കാര്യം ഭർത്താവിനോട് പറയാൻ ഭയമായിരുന്നുവെന്നാണ് ഇവർ പൊലിസിന് നൽകിയ മൊഴി. അതുകൊണ്ടു തന്നെ ഇവർ ജോലിയിൽ തുടരുന്നുവെന്ന് നടിക്കുകയായിരുന്നു.
ജോലി സൗകര്യാർത്ഥം കണ്ണൂർ നഗരത്തിനടുത്ത് ഒരു വാടകവീടെടുത്ത് ഭർത്താവും കുഞ്ഞും ബിൻഷയും താമസിച്ചു വരികയായിരുന്നു. എന്നും രാവിലെ ഭർത്താവാണ് ഇവരെ കാറിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാറുള്ളത്. അവിടെ നിന്നും ഇവർ പല ട്രെയിനുകളിൽ കയറുകയും പകൽ മുഴുവൻ ചുറ്റിക്കറങ്ങിയതിനു ശേഷം തിരിച്ചെത്തുകയുമാണ് പതിവ്. ഇതിനിടെയാണ് ഒരു ദിവസം റെയിൽവേയിൽ ഉന്നതപിടിപാടുണ്ടെന്നും ആർക്കും ജോലി തനിക്ക് ശരിയാക്കി കൊടുക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട മാഡത്തെ യാദൃശ്ചികമായി ട്രെയിനിൽ നിന്നും പരിചയപ്പെട്ടത്. തനിക്ക് റെയിൽവെയിൽ ജോലിയില്ലെന്നും അതു നഷ്ടപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞ ബിൻഷയെ ആളുകളെ പണം വാങ്ങി റിക്രൂട്ട് ചെയ്തുതരാൻ ആവശ്യപ്പെട്ടത് കോട്ടയത്തെ മാഡമാണ്. ഇതുവിശ്വസിച്ചു കൊണ്ടാണ് ബിൻഷ പരിചയക്കാരെ ഉൾപ്പെടെ ഇവർക്ക് ഫോണിൽ പരിചയപ്പെടുത്തി കൊടുത്തത്.
ഇതിനിടെയിൽ പണം വാങ്ങിയവരിൽ ചിലർ ഇവരെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി ചോദ്യം ചെയ്യുകയും തട്ടിപ്പുവിവരം പൊലീസിലും ബിൻഷയുടെ ബന്ധുക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതു കാരണം എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായ ബിൻഷ മുങ്ങുകയായിരുന്നു. ഇതിനിടെയാണ് ഇവരെ കാണാതായെന്ന പരാതി ഭർത്താവ് നൽകിയതിനെ തുടർന്ന് സി. ആർ. പി. എഫ് കസ്റ്റഡിയിലെടുത്ത് കണ്ണൂർ ടൗൺ പൊലീസിന് കൈമാറുന്നത്. ചക്കരക്കൽ പള്ളിപൊയിൽ സ്വദേശിനിയായ തൊഴിലന്വേഷക നൽകിയ പരാതിയിലാണ് ടൗൺ പൊലീസ് ഇവരെ അറസ്റ്റു ചെയ്യുന്നത്.
ഇതിനിടെ താൻ ജോലി വാങ്ങിക്കൊടുത്തവരെന്ന് അവകാശപ്പെട്ട് ചിലരെ മാഡം വിവിധ റെയിൽവേസ്റ്റേഷനുകളിൽ നിന്നും അവരറിയാതെ ബിൻഷയ്ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നു. തനിക്ക് ജോലിയില്ലാത്ത കാര്യം ഭർത്താവിനോട് പറയാതിരുന്ന ബിൻഷ ഒടുവിൽ മാന്യമായി ജീവിക്കാനുള്ള പണം ഇവരിൽ നിന്നും കിട്ടുമെന്ന് തോന്നി കോട്ടയം മാഡത്തിന്റെ വലയിൽ വീഴുകയായിരുന്നു. റെയിൽവേയിൽ ടി.ടി. ആർ, ക്ലർക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനത്തിനായി ഇവർ പണം വാങ്ങിയത്. ഇതിൽ തന്റെ കമ്മിഷനെടുത്ത് ഭൂരിഭാഗവും കോട്ടയത്തെ മാഡത്തിന് കൈമാറിയിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ മാഡം തട്ടിപ്പുകാരിയാണെന്ന് ആർക്കും തൊഴിൽ കിട്ടാതായതോടെ ബിൻഷയ്ക്കു മനസിലാവുകയും ഇവർ നിൽക്കക്കള്ളിയില്ലാതെ മുങ്ങുകയുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ