കോട്ടയം: യുവാവിനെ കൊന്ന് ഈസ്റ്റ് സ്റ്റേഷനിൽ കൊണ്ടിട്ട കേസിലെ പ്രതി ബിനുമോൻ(38) സബ് ജയിൽ ചാടിയത് എട്ടുതവണ ജാമ്യാപേക്ഷ തള്ളിയതോടെ. എട്ടാമത്തെ അപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതിയും തള്ളിയതോടെയാണ് ബിനു ജയിൽ ചാടിയത്. ജയിലിൽ തന്നെ സന്ദർശിക്കാനെത്തിയ ഭാര്യയോട് തനിക്ക് എങ്ങനെയെങ്കിലും പുറത്ത് കടക്കണമെന്ന് ഇയാൾ പറഞ്ഞിരുന്നെന്നും സൂചനയുണ്ട്.

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അടുക്കള വഴിയായിരുന്നു രക്ഷപ്പെടൽ. ഇയാൾ കേസിലെ അഞ്ചാം പ്രതിയാണ്. പലകചാരി മതിലിൽ കയറി കേബിൾ വഴി താഴെയിറങ്ങിയെന്നാണ് നിഗമനം. ബിനുമോനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. അടുക്കളയിലെ ഡ്യൂട്ടിക്ക് എത്തിയപ്പോഴായിരുന്നു ജയിൽചാട്ടം. ശേഷം കെകെ റോഡിലെത്തി ഏതെങ്കിലും വാഹനത്തിൽ കയറി മുങ്ങിയെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. പുലർച്ചെ അഞ്ചരയോടെ നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ട ജയിൽ അധികൃതർ 5.45-ഓടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു

അതേസമയം, ബിനുവിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാൾ സുഹൃത്തിന്റെ വീട്ടിലെത്തിയതായാണ് വിവരമെന്നും പൊലീസ് അറിയിച്ചു. ബിനുമോന്റെ നാടായ മീനടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഷാൻ ബാബു എന്ന യുവാവിനെയാണ് ബിനുമോനും സംഘവും തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത്. ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് ഷാൻ ബാബുവിനെ ഗുണ്ടാ നേതാവായിരുന്ന ജോമോനും സംഘവും തട്ടിക്കൊണ്ടു പോയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റേഷന് മുന്നിൽ ഇട്ടിട്ട് 'ഞാൻ ജോമോൻ' ആണെന്ന് പ്രതി വിളിച്ച് പറഞ്ഞിരുന്നു. കേസിലെ രണ്ടാം പ്രതിക്കെതിരെ 17 കേസുകളാണുള്ളത്.

മൂന്നാം പ്രതി മൂന്ന് കേസുകളിലും നാലാം പ്രതി ഒരു കേസിലും പ്രതിയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത്. അരുംകൊലയ്ക്ക് കാരണം സോഷ്യൽ മീഡിയയിലെ ലൈക്കും കമന്റും ആണെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ജോമോന്റെ സുഹൃത്ത് പുൽച്ചാടി ലുദീഷിനെ ഷാൻ ബാബുവിന്റെ സുഹൃത്തായ സൂര്യനും സംഘവും മർദ്ദിച്ച ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമന്റും ഇട്ടിരുന്നു. ഇതാണ് കൊല്ലാൻ പ്രകോപനമായത് എന്നാണ് പൊലീസ് പറയുന്നത്. ജോമോൻ നേരത്തെ കാപ്പയിൽ ഇളവ് ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഈ സമയത്താണ് ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത്.

മീനടം സ്വദേശിയാണ് ബിനുമോൻ. കൊല്ലപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവറായിരുന്നു ബിനുമോൻ. പൊതുവെ ജയിലിൽ ശാന്ത സ്വഭാവക്കാരനായിരുന്നു ബിനുമോൻ. മറ്റ് കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലാത്തതിനാലും ജയിലിൽ ശാന്തസ്വഭാവക്കാരനായതിനാലുമാണ് ഇയാൾക്ക് ജയിലിലെ അടുക്കളയിൽ ജോലി നൽകിയിരുന്നത്.