മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതിയുടെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഷാഹിദ വുമൺസ് ഫ്രണ്ട് ക്ലാസുകളിലെ സ്ഥിരം ട്രൈനർ. കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട കൊലപാതകമായിരുന്നു ഫൈസൽ വധവും ഈയിടെയുണ്ടായ ഫൈസൽ വധക്കേസ് പ്രതി ബിപിന്റെ വധവും. ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് ബിപിന്റെ കൊലപാതകത്തിലെ പ്രതികളിൽ ഏതാനും പേർ കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റിലായിരുന്നു. എന്നാൽ കൃത്യം നടത്തിയ ആറ് പേരിൽ ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാൻ സാധിച്ചത്. ഇതിനിടെ കേസിൽ ഒരു സ്ത്രീയുടെ പങ്കും ഇവരുടെ അറസ്റ്റും ഞെട്ടലുളവാക്കുന്നതായിരുന്നു.

പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ വേദികളിൽ ക്ലാസെടുക്കാനും ട്രൈനിംങ് നൽകാനും എത്തിയിരുന്നു അറസ്റ്റിലായ ഷാഹിദ. തൃശൂർ സ്വദേശിനിയും എടപ്പാൾ വട്ടംകുളം ലത്തീഫിന്റെ ഭാര്യയുമാണ് 32 കാരിയായ ഷാഹിദ. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഷാഹിദയ്ക്ക് കൃത്യത്തെ കുറിച്ച് അറിയാമായിരുന്നെന്നും എന്നാൽ അറിവും പൊതുരംഗത്തെ പരിചയവുമുള്ള ഷാഹിദ ഇത് മറച്ചു വെയ്ക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

എം.എ, ബി.എഡ് വിദ്യാഭ്യാസ യോഗ്യതകളുള്ള ഷാഹിദ ക്ലാസെടുക്കുന്നതിൽ അതീവ സമർത്ഥയായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നിട്ടും ഭർത്താവിന്റെ പാർട്ട്ണർഷിപ്പിലുള്ള എടപ്പാളിലെ സഹാറ പർദ്ദാസ് എന്ന പർദ്ദ ഷോപ്പിലായിരുന്നു ഷാഹിദ ചെലവിട്ടിരുന്നത്. ബിപിൻ വധക്കേസിന്റെ മുഖ്യ സൂത്രധാരനും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളുമാണ് ഒന്നാം പ്രതി കൂടിയായ ഭർത്താവ് ലത്തീഫ്. നിരവധി കേസുകളിലെ പ്രതിയായ ലത്തീഫ് ജീവിതവും പെരുമാറ്റവും ആർക്കും സംശയമില്ലാത്ത വിധമായിരുന്നു. സംഭവത്തെ കുറിച്ച് ഷാഹിദയ്ക്ക് അറിയാമായിരുന്നെന്നും ഗൂഢാലോചനയിൽ അടക്കം പങ്കാളിയായ ഷാഹിദ ഇത് മറച്ചുവെച്ചു എന്നതാണ് ഷാഹിദക്കെതിരെയുള്ള കുറ്റം.

ബിപിൻ വധക്കേസിന്റെ മുഖ്യ സൂത്രധാരൻ ലത്തീഫ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത് മുതൽ പലതവണ ഭാര്യ ഷാഹിദയെ ചോദ്യം ചെയ്തിരുന്നു പൊലീസ്. ലത്തീഫിന്റെ വീട്ടിൽ വെച്ച് പല തവണ ഗൂഢാലോചന നടത്തിയതായും പ്രതികൾ മൂന്ന് ദിവസം താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഒന്നും അറിയില്ലെന്ന് മാത്രമാണ് പൊലീസിനോട് ഷാഹിദ പറഞ്ഞിരുന്നത്. ഇത് സംശയം ഇരട്ടിപ്പിച്ചു. രണ്ട് മുറിയും ഹാളും മാത്രമുള്ള ഒരു ചെറിയ വീട്ടിൽ ഇത്രയും പേർ താമസിച്ചാൽ ഭാര്യ അറിയില്ലേയെന്നാണ് പൊലീസ് ചോദിക്കുന്നത്. മാത്രമല്ല, വിമൺസ് ഫ്രണ്ടിന്റെ സജീവ പ്രവർത്തകയും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലേക്ക് കഴിഞ്ഞ രണ്ട് തവണ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു ഷാഹിദ.

ഷാഹിദയുടെ പങ്ക് വ്യക്തമായതോടെ ബുധനാഴ്ച രാത്രിയിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഭർത്താവ് ലത്തീഫിന്റെ നേതൃത്വത്തിൽ എടപ്പാളിലെ വീട്ടിൽ വെച്ച് പല തവണ ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തി. കൊല്ലപ്പെടുന്നതിന് മുമ്പ് മൂന്ന് തവണ ബിപിന് നേരെ വധശ്രമം നടത്തിയ ശേഷം സംഘം താമസിച്ചതും എടപ്പാളിലെ ഇവരുടെ വീട്ടിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഷാഹിദക്ക് അറിയാമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് ലത്തീഫിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും പിടികൂടാനായിട്ടില്ല.

ജോലിക്കായി ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയ ബിപിനെ ബി.പി അങ്ങാടി പുളിഞ്ചോട്ടിൽ വച്ച് കഴിഞ്ഞ മാസം 24 ന് രാവിലെ ഏഴരയോടെയാണ് മൂന്നു ബൈക്കുകളിലെത്തി കാത്തിരുന്ന ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതു വരെ സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത അഞ്ച് പേരെയും കൃത്യം നടത്തിയ ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. വെട്ടാൻ ഉപയോഗിച്ച രണ്ട് വാളുകൾ രണ്ടാം പ്രതി സാബി നൂലിന്റെ വീട്ടിൽ നിന്നും ഇന്നലെ ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തി.

ഗൂഢാലോചന നടത്തിയ ലത്തീഫ് - ഷാഹിദ ദമ്പതികളുടെ വീടും ചങ്ങരം കുളത്തെ മുഹമ്മദ് ഹസ്സന്റെ ഉടമസ്ഥതയിലുള്ള ഷാ ടൂർസ് ആൻഡ് ട്രാവൽസും അന്വേഷണ സംഘം സീൽ ചെയ്ത് പൂട്ടിയിരുന്നു. ഇനി കൃത്യം നടത്തിയ അഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്. ഷാഹിദ ഇപ്പോൾ മഞ്ചേരി സബ്ജയിലിൽ കഴിയുകയാണ്.