തിരൂർ: ആർ.എസ്.എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയുമായ ആലത്തിയൂർ കുണ്ടിൽ ബിപിനെ കൊല്ലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യ പ്രതി അറസ്റ്റിൽ.

കൊലപാതകത്തിന് ശേഷം കർണാടകയിലെ ഹുബ്‌ളിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് മുങ്ങിയപ്പോൾ പിടിക്കപ്പെടുകയായിരുന്നു. അരീക്കോട് ബസ് സ്റ്റാൻഡിൽ നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് കേസിലെ മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് സ്റ്റേഷനിലെത്തിച്ച് അറസ്റ്റുചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു.

കൃത്യം നിർവ്വഹിച്ച ആറംഗ സംഘത്തിൽ ഒരാളായ പ്രതിയെ കൊലപാതകം നടന്ന ബി.പി അങ്ങാടിക്ക് സമീപം പുളിഞ്ചോട്ടിലെത്തിച്ച് തിരൂർ സി.ഐ എം.കെ ഷാജിയുടെ നേത്യത്വത്തിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഇതോടെ കേസിൽ ആകെ 15 പേരാണ് പിടിയിലായത്. ഒരു യുവതിയടക്കം കേസിൽ അറസ്റ്റിലായവരെല്ലാം എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് സി.ഐ പറഞ്ഞു. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ പൊലിസ് പ്രതിയുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ അറിയിച്ചു.