ചെന്നൈ: വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. ആഘോഷത്തിനിടെ തോക്കുമായി പൊലീസ് ചാടിവീണതോടെ ഗുണ്ടകൾ ചിതറിയോടി. പൊലീസിന്റെ അപ്രതീക്ഷിത ഓപ്പറേഷനിൽ വലിയിലായത് പിടികിട്ടാപ്പുള്ളികളാണ്. മലയാളി ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെയാണ് പൊലീസ് നാടകീയമായി വളഞ്ഞിട്ടുപിടിച്ചത്. ചെന്നൈ അമ്പത്തൂർ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടിയവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് കുടുംബവേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതകക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

അൻപതു പേരടങ്ങിയ പൊലീസ് സംഘമാണ് ഓപ്പറേഷന് എത്തിയത്. ആഘോഷസ്ഥലം വളഞ്ഞ് തോക്കുചൂണ്ടി പിടികൂടുകയായിരുന്നു. മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബാക്കിയുള്ളവരെ തുടർന്നും പിടികൂടി്. എന്നാൽ, ബിനു അടക്കം പ്രധാന ഗുണ്ടകളിൽ പലരും ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ മദൻ എന്ന ഗുണ്ട അറസ്റ്റിലായതോടെയാണ് പിറന്നാളാഘോഷത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ബിനുവിന്റെ പിറന്നാളാഘോഷത്തിനുവേണ്ടി നഗരത്തിലെ എല്ലാ ഗുണ്ടകളും ഒത്തുകൂടുന്നുണ്ടെന്നും പങ്കെടുക്കാൻ പോകുകയാണെന്നും ഇയാൾ പൊലീസിന് മൊഴിനൽകി. തുടർന്ന് ഗുണ്ടാവേട്ട നടത്താൻ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ.കെ. വിശ്വനാഥൻ ഡെപ്യൂട്ടി കമ്മിഷണർ എസ്. സർവേശ് രാജിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നു. മാങ്ങാട്, കുൻഡ്രത്തൂർ, പൂനമല്ലി, നസ്രത്ത്പേട്ട്, പോരൂർ തുടങ്ങിയ സ്റ്റേഷനുകളിൽനിന്നുള്ള പൊലീസുകാർ അടങ്ങുന്ന സംഘമാണ് പിറന്നാളാഘോഷം നടക്കുന്ന സ്ഥലം വളഞ്ഞത്.

സ്വകാര്യ കാറുകളിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ആളൊഴിഞ്ഞ പ്രദേശത്തുള്ള വർക്ഷോപ്പിന് സമീപമായിരുന്നു ആഘോഷം. കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയിലും മറ്റുമായി 150-ൽപ്പരംപേർ പങ്കെടുക്കാനെത്തിയിരുന്നു. ആഘോഷം തുടങ്ങിയപ്പോൾ പൊലീസ് ചാടി വീഴുകയായിരുന്നു. പലരെയും തോക്കുചൂണ്ടി പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സമീപപ്രദേശങ്ങളിൽ ഒളിച്ചിരുന്നവർ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി ഒൻപതിനു തുടങ്ങിയ പൊലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടർന്നു. എട്ടു കാറുകൾ, 38 ബൈക്കുകൾ, 88 മൊബൈൽ ഫോണുകൾ, വടിവാളുകൾ, കത്തികൾ തുടങ്ങിയവയും പിടിച്ചെടുത്തു. പിടിയിലായവർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരെ അതത് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി. ബിനു അടക്കം രക്ഷപ്പെട്ട ഗുണ്ടകൾക്കായി തിരച്ചിൽ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.