കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അഴിക്കുള്ളിലായെങ്കിലും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ പതിനെട്ട് അടവും പയറ്റാൻ ഉറപ്പിച്ചു തന്നെയാണ് കരുക്കൾ നീക്കുന്നത്. അഴിക്കുള്ളിലാകും മുമ്പ് അവസാന നിമിഷവും തെളിവുകൾ തനിക്ക് എതിരാകാതിരിക്കാനുള്ള ശ്രമങ്ങളാണ് ബിഷപ്പ് നടത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കുറുവിലങ്ങാട് മഠത്തിൽ ബിഷപ്പ് ധരിച്ചിരുന്ന വസ്ത്രം കോടതിയിൽ തെളിവാകാതിരിക്കാനുള്ള പരിശ്രമങ്ങളാണ് ബിഷപ്പ് നടത്തിയത്.

ഇന്നലെ പാല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയപ്പോൾ പൊലീസ് കൃത്രിമമായി തെളിവുണ്ടാക്കാൻ ശ്രമിക്കുന്നു എന്ന വാദമുയർത്തിയാണ് ബിഷപ്പ് സ്വയം പ്രതിരോധിച്ചത്. തെളിവെടുപ്പിനു പോകുംമുമ്പ് പക്കലുണ്ടായിരുന്ന വസ്ത്രങ്ങൾ പൊലീസ് പിടിച്ചുവാങ്ങിയെന്ന് ഫ്രാങ്കോ മുളയ്ക്കൽ പരാതിപ്പെട്ടു. കേസ് പരിഗണിച്ച പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി, എന്തെങ്കിലും പരാതിയുണ്ടോയെന്ന് പ്രതിയോട് തിരക്കി. ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ, ഒന്നുരണ്ട് കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് പറഞ്ഞു. ഇതേത്തുടർന്ന് അഭിഭാഷകൻ ജെനോ ആന്റണിയോട് സംസാരിക്കാൻ പ്രതിക്ക് കോടതി അനുമതി നൽകി.

അഭിഭാഷകൻ ഫ്രാങ്കോയുടെ അരികിലെത്തി പറയാനുള്ളത് കേട്ടു. പ്രതി കഴിഞ്ഞ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ, കുറവിലങ്ങാട്ടെ മഠത്തിൽ തെളിവെടുപ്പിനുപോകുംമുമ്പ് പൊലീസ് ബലമായി വാങ്ങിവെച്ചെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. ക്രീം നിറമുള്ള അരക്കൈയ് കുർത്തയും പൈജാമയുമാണ് പൊലീസ് എടുത്തത്. പഞ്ചാബി രീതിയിലുള്ള രാത്രി വസ്ത്രമാണിത്. വ്യാജതെളിവുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ ചൂണ്ടിക്കിട്ടി.

ഇക്കാര്യങ്ങൾ കോടതിയിൽ എഴുതിത്ത്തരണോയെന്ന് അഭിഭാഷകൻ തിരക്കി. കോടതി എല്ലാം രേഖപ്പെടുത്തുന്നുണ്ടെന്നും പറഞ്ഞാൽ മതിയെന്നും മജിസ്‌ട്രേട്ട് അറിയിച്ചു. തന്റെ കക്ഷിക്ക് അമിതരക്തസമ്മർദമുണ്ടെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. ഇ.സി.ജി.യിൽ വ്യതിയാനമുണ്ട്. മരുന്നുകളും കഴിക്കുന്നു. ശ്വാസതടസ്സം മാറാൻ നെബുലൈസേഷനും നടത്തണം. ഇതിന് നടപടി സ്വീകരിക്കാൻ മജിസ്‌ട്രേട്ട് നിർദേശിച്ചു. പാല സബ് ജയിലിൽ ഈ സൗകര്യങ്ങൾ ബിഷപ്പിന് ജയിൽ അധികൃതർ ചെയ്തു കൊടുക്കും.

പൊലീസ് കസ്റ്റഡിയിലെ നടപടികൾ പൂർത്തിയായെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മഞ്ജു അറിയിച്ചു. എന്നാൽ, ബലമായി വസ്ത്രം എടുത്തെന്നുള്ള വാദത്തെ അവർ എതിർത്തു. നിയമം അനുവദിക്കുന്ന നടപടികളേ പൊലീസ് സ്വീകരിച്ചിട്ടുള്ളൂ. ആവശ്യമായ ചികിത്സ നൽകുന്നുണ്ട്. ഇതിന്റെ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷക പറഞ്ഞു. തുടർന്നാണ്, ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. കോടതിയിലും ജയിലിലും എത്തിക്കുന്നതിനുമുമ്പ് ഫ്രാങ്കോയെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി.

വസ്ത്രത്തിന്റെ കാര്യം എടുത്തു പറഞ്ഞ് ബിഷപ്പ് രംഗത്തെത്തിയത് തെളിവുകൾ തനിക്കെതിരായ മാറരുത് എന്ന ബോധ്യത്തോടെ തന്നെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കങ്ങൾ. ബലാത്സംഗ കേസുകളിൽ ശാസ്ത്രീയ തെളിവുകൾ ഏറെ പ്രധാനമാണെന്നത് ഉറപ്പാണ്. അതറിഞ്ഞു കൊണ്ടുള്ള നീക്കമാണ് ബിഷപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.