പാലാ: കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജയിലിൽ പ്രത്യേകം പരിഗണന ലഭിക്കുന്നുണ്ടോ? സൗകര്യങ്ങളുടെ കാര്യത്തിൽ പ്രത്യേകം പരിഗണന ഒന്നുമില്ലെങ്കിലും ബിഷപ്പിന് വേണ്ടി ചില സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. അത് ബിഷപ്പിനെ സന്ദർശിക്കുന്നവരുടെ കാര്യത്തിലാണ്. ഇക്കാര്യത്തിൽ റിമാൻഡ് തടവുകാർക്ക് വേണ്ട സഹായങ്ങളേക്കാൾ ഉപരിയായ സഹായം ലഭിക്കുന്നുണ്ട്. അഴിക്കുള്ളിൽ കിടക്കുന്ന മാർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജയിലിൽ ആരെയും ഏതു സമയവും കാണാനുള്ള സൗകര്യം ലഭിക്േകുന്നു എന്നതാണ് പ്രത്യേകത.

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ ജയിലിൽ എത്തി ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിക്കുന്ന സാഹചര്യം ഉണ്ടായി. ബിഷപ്പ് ജയിലിൽ നിന്നും ഇറങ്ങിയാൽ തങ്ങളെ പഴിക്കരുതല്ലോ എന്ന ഉദ്ദേശ്യത്തോടെ എത്തുന്നവരുമുണ്ട്. വൈദികർ അടക്കമുള്ളവർ ഇങ്ങനെ ജയിലിൽ എത്തുമ്പോൾ പി സി ജോർജ്ജിനെ പോലുള്ളവർ ഏതു സമയവും ബിഷപ്പ് ഫ്രാങ്കോയെ കാണാൻ എത്തുന്നു. ചട്ടങ്ങൾ ഫ്രാങ്കോ മുളയ്ക്കലിന് മുമ്പിൽ വളയുകയാണ് എന്നതാണ് വ്യക്തമാകുന്ന കാര്യം.

ഇന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ വിഐപി സന്ദർശകർ എത്തി. റിമാൻഡിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ ബിഷപ്പുമാരാണ് പാലാ സബ് ജയിലിൽ എത്തിയത്. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, മലങ്കര സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ് എന്നിവരാണ് എത്തിയത്. ഫ്രാങ്കോ മുളയ്ക്കലിനെ കാണുന്നതിനായി ബിഷപ്പുമാർ ഞായറാഴ്ച എത്തിയിരുന്നെങ്കിലും അവധി ദിവസമായിരുന്നതിനാൽ അനുമതി ലഭിച്ചിരുന്നില്ല. ജയിൽ അധികൃതർ തിങ്കളാഴ്ച വരാൻ നിർദ്ദേശിച്ചതനുസരിച്ചാണ് ബിഷപ്പുമാർ എത്തിയത്.

കത്തോലിക്കാ സഭയിലെ മെത്രാന്മാരാണ് അദ്ദേഹത്തെ കാണാൻ എത്തിയവരിൽ കൂടുതലും. എന്നാൽ, ലത്തീൻ സഭയിലെ പല മെത്രാന്മാരും ഇനിയും എത്തിയിട്ടില്ല. പീഡന കേസിൽ അകത്തായാലും മെത്രാൻ ശക്താനാണെന്ന കൃത്യമായ സന്ദേശം നൽകുന്നതാണ് ഈ സന്ദർശനങ്ങൾ. ഇതൊക്കെ കേസിനെയും സാക്ഷികളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ജയിൽ ചട്ടങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് ജയിൽ സന്ദർശനങ്ങൾ.

ഒരു റിമാൻഡ് കേസ് പ്രതിക്ക് ആഴ്‌ച്ചയിൽ അഞ്ച് പേരെ മാത്രമേ കാണാൻ അനുവദിക്കൂ എന്നതാണ് ചട്ടം. ഒരു കൂടിക്കാഴ്‌ച്ച അഞ്ച് മിനിറ്റ് വരെ മാത്രമേ പരമാവധി സമയം അനുവദിക്കാൻ സാധിക്കുന്നത്. എന്നാൽ, മെത്രാൻ കാണാൻ അഞ്ചിൽ കൂടുതൽ ആളുകൾ ആഴ്‌ച്ചയിൽ എത്തുന്നുണ്ട്. ഒരാൾ അര മണിക്കൂർ വരെ ജയിലിൽ ബിഷപ്പുമായി സംസാരിക്കുന്ന സാഹചര്യവും ഉണ്ട്. ഇവരുടെ സമയം കഴിഞ്ഞു എന്ന് ജയിൽ അധികൃതർക്ക് പറയാൻ പോലും സാധിക്കുന്നില്ല. പി സി ജോർജ്ജിനെ പോലുള്ളവർ കേസിൽ നിന്നും എങ്ങനെ രക്ഷപെടാം എന്ന ഉപദേശം അടക്കം ബിഷപ്പിന് നൽകിയിട്ടുണ്ട്.

പുസ്തകങ്ങൾ വായിച്ചും സന്ദർശകരെ സ്വീകരിച്ചുമാണ് ഫ്രാങ്കോ ജയിലിൽ തന്റെ ദിനങ്ങൾ തള്ളിനീക്കുന്നത്. ജയിൽ ലൈബ്രറിയിലുള്ള പുസ്തകങ്ങളാണ് ബിഷപ്പിന് വായിക്കാൻ നൽകിയിലൊരിക്കുന്നത്. ജയിലിലെ രീതികളോട് ഫ്രാങ്കോ സഹകരിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ജയിലിലെ ഭക്ഷണത്തോടും ഫ്രാങ്കോ പൊരുത്തപ്പെട്ടു കഴിഞ്ഞു. ബിഷപ്പിനൊപ്പം രണ്ട്‌പെറ്റി കേസ് പ്രതികളാണുള്ളത്. ഒരാൾ അതിർത്തി തർക്കത്തെ തുടർന്നും രണ്ടാമൻ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനുമാണ് അകത്തായത്. ഇവർക്കൊപ്പം തറയിൽ പായ വിരിച്ച്, കമ്പളി പുതച്ചാണ് ബിഷപ്പ് കിടന്നുറങ്ങുന്നത്.

പ്രമുഖവ്യക്തിയായതിനാൽ ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതികൾക്കൊപ്പം ഒന്നാം സെല്ലിൽ പാർപ്പിച്ചത്. 5968 ാം തടവുകാരനാണ് അദ്ദേഹം. ജയിലിൽ മറ്റ് തടവുകാർ ബിഷപ്പിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് അറിയാം. അതിനാൽ രണ്ട് ജയിലർമാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തതും അതിനെ തുടർന്ന് സഭ കാണിച്ച സമീപനവും കന്യാസ്ത്രീകളുടെ സമരവും ജയിലിലെ തടവുകാർ കൃത്യമായി ഫോളോ ചെയ്തവരാണ്. അവിടെ വരുന്ന എല്ലാ പത്രങ്ങളും അരിച്ചുപെറക്കി വായിക്കുന്നത് തടവുകാരുടെ ശീലമാണ്. അതിനാൽ ബിഷപ്പിന് കനത്ത സുരക്ഷ തന്നെയാണ് ഒരുക്കി നൽകുന്നത്.

സി ക്ലാസ് ജയിലാണ്. നിയമപ്രകാരം പ്രത്യേക പരിഗണന ബിഷപ്പിന് നൽകാനുമാവില്ല. ഏറെ വിവാദമായ കേസായതിനാൽ വഴിവിട്ട യാതൊരു സഹായവും നൽകരുതെന്ന് ജയിൽ വകുപ്പ് , ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. നെഞ്ച് വേദനയും പ്രഷറും ഉണ്ടായിരുന്നതിനാൽ ഏത് നിമിഷവും വൈദ്യസഹായം നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ജയിലിൽ ഒരുക്കിയിട്ടുണ്ട്. ബൈബിളും കൊന്തയും സെല്ലിനുള്ളിൽ അനുവദിക്കണമെന്ന് കോടതിയിൽ ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു.അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജയിലിന് ഉള്ളിലാണെങ്കിലും ബിഷപ്പിന് സന്ദർശകർ ഇടക്കിടെ എത്തുന്നത് ഒരു ആശ്വാസമാണ്.