തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യാൻ വേണ്ടി അന്വേഷണ സംഘം ജലന്ധറിലെ ബിഷപ്പിന്റെ ആസ്ഥാനത്ത് പോയ വേളയിൽ അദ്ദേഹം തികച്ചു നാടകീയമായ നീക്കങ്ങളാണ് അന്ന് നടത്തിയത്. മാധ്യമപ്രവർത്തകരെ ഗേറ്റിലിട്ട് പൂട്ടുകകയും കൈയേറ്റം ചെയ്യുകയും ഉണ്ടായിരുന്നു. അന്നത്തെ സംഭവത്തിന്റെ പുനരാവിഷ്‌ക്കാരമാണ് ഇപ്പോഴും ബിഷപ്പ് നടത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ട് കയറാൻ ശ്രമിച്ച ബിഷപ്പ് എല്ലാവരിൽ നിന്നും സമർത്ഥമായി ഓടിയൊളിക്കുകയായിരുന്നു.

കേരളത്തിൽ കാത്തിരിക്കുന്നത് വലിയ മാധ്യമങ്ങളുടെ പട തന്നെയാണെന്ന് മനസിലാക്കിയ ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിലും അതീവ ജാഗ്രത പുലർത്തിയാണ് നീക്കങ്ങൾ നടത്തിത്. അതിന് വേണ്ടി മാധ്യമങ്ങളെ അദ്ദേഹം ശരിക്കും പറ്റിച്ചു. ഒരു അധോലോക നായകനെ പോലെയാണ് അദ്ദേഹം ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ എത്തിയത്. മുഴുവനും ഗ്ലാസുകൾ മറച്ച കാറിലായിരുന്നു അദ്ദേഹം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്. എവിടെ നിന്നാണ് ഫ്രാങ്കോ എത്തിയതെന്ന കാര്യത്തിൽ അധികമാർക്കും അറിവില്ല താനും.

ഇന്നലെ തൃശ്ശൂരിലെ അയ്യന്തോളിലുള്ള വീട്ടിൽ വന്നിരുന്നു അദ്ദേഹം. ഇവിടെ നിന്നുമാണോ അതോ കൊച്ചിയിൽ നിന്നുമാണ് അദ്ദേഹം എത്തിയതെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ, ചാനലുകളുടെ കണ്ണുവെട്ടിക്കാൻ ബിഷപ്പിന്റെ സഹോദരനെ ഇന്നോവാ കാറിൽ ആദ്യം യാത്രയാക്കി. അദ്ദേഹം തൃപ്പൂണിത്തുറക്കാണ് പോകുന്നതെന്ന് വരുത്താനായിരുന്നു ഈ ശ്രമം. ബിഷപ്പുള്ളിടത്തേക്ക് വണ്ടി പോകുമെന്നു കരുതി ചാനലുകൾ ഇതോടെ ഈ വാഹനത്തെ ഫോളോ ചെയ്തു തുടങ്ങി. മാതൃഭൂമിയും ഏഷ്യാനെറ്റുമായിരുന്നു സഹോദരന്റെ വാഹനത്തെ ഫോളോ ചെയ്തത്.

തൃപ്പൂണിത്തുറയിലേക്കാണ് വണ്ടി പോകുന്നതെന്ന് വരുത്താൻ ശ്രമം നടത്തി. ഈ തക്കത്തിനാണ് ബിഷപ്പ് വെള്ളക്കാറിൽ മറ്റൊരു വൈദികനൊപ്പം ചോദ്യം ചെയ്യലിനായി ഹാജരായത്. ബിഷപ്പു വരുന്നു എന്നു സൂചന പൊലീസിന് തന്നെ ലഭിച്ചിരുന്നു. അദ്ദേഹം വരുന്ന വഴിയിൽ നിന്ന പൊലീസുകാരെ ഇതോടെ പൊലീസ് ഇടപെട്ട സൈഡിലേക്കാക്കി. കാത്തു നിന്ന മാധ്യമങ്ങൾക്ക് നടുവിലേക്കാണ് വെള്ളക്കാർ എത്തിയത്. തുണികൊണ്ട് പൂർണമായും മറച്ച കാർ എത്തിയതോട ആരാണ് വന്നതെന്ന കാര്യത്തിൽ മാധ്യമങ്ങൾക്ക് ആദ്യം പിടികിട്ടിയില്ല. ചാനൽ ക്യാമറകൾ ആ വഴി തിരിഞ്ഞെങ്കിലും ബിഷപ്പിന്റെ ചിത്രം ലഭിച്ചില്ല.

ഗേറ്റ് വഴി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപത്ത് നിർത്തി ബിഷപ്പ് ഇറങ്ങിയപ്പോഴാണ് ചാനലുകൾക്ക് ആളെ പിടികിട്ടിയത്. എന്നാൽ, മുഖഭാവം ഒപ്പിയെടുക്കാൻ സാധിച്ചതുമില്ല. വിദൂരതയിൽ നിന്നും ബിഷപ്പിന്റെ തലയുടെ പിൻഭാഗം മാത്രമാണ് ചാനൽ ക്യാമറകൾക്കും മറ്റും ലഭിച്ചത്. ജലന്ധറിൽ ബിഷപ്പ് കാറിൽ ഇരിക്കുന്ന ചിത്രമെങ്കിലും ലഭിച്ചെങ്കിൽ ഇവിടെ അതും ഉണ്ടായില്ലെന്നതാണ് കാര്യം. എന്തായാലും അതീവ നാടകീയമായി പുറത്തിറങ്ങിയ ബിഷപ്പിന് പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി സജ്ജീകരിച്ച മുകളിലെ മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ബിഷപ്പിന്റെ മുഖം മാധ്യമങ്ങൾക്ക് ലഭിക്കാതിരിക്കാൻ പൊലീസും സംവിധാനങ്ങൾ ഒരുക്കിയിരുന്നു. പൂർണമായും മറച്ച കാറിൽ പ്രധാന റോഡ് ഒഴിവാക്കി പൊലീസ് അകമ്പടിയോടെയായിരുന്നു ബിഷപ്പ് എത്തിയത്. ബിഷപ്പിന്റെ സുരക്ഷയ്ക്കായി 250 പൊലീസുകാരെയും നഗരത്തിൽ വിന്യസിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടമായി ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. ആദ്യം ബിഷപ്പിന് പറയാനുള്ളത് കേൾക്കും. മൊഴിയിലെ വൈരുദ്ധ്യങ്ങൾ ഇല്ലാതാക്കാൻ പൊലീസ് നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾ രണ്ടാം ഘട്ടത്തിൽ ചോദിക്കും. ഈ സമയം ബിഷപ്പിന്റെ മുഖഭാവമടക്കമുള്ളവ കാമറയിൽ പകർത്തും. ചോദ്യം ചെയ്യൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളുള്ള മുറിയലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. മുറിയിൽ അഞ്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂർണമായും ചിത്രീകരിക്കാനും മുഖഭാവങ്ങളടക്കമുള്ളവ പരിശോധിക്കാനുമാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ചോദ്യം ചെയ്യൽ പൂർണമായും ചിത്രീകരിക്കും. ചോദ്യം ചെയ്യൽ തത്സമയം മേലുദ്യോസ്ഥർക്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.