തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.എസ്‌ഐ ആസ്ഥാനത്ത് ഇഡി പരിശോധനകൾ കർശനമാക്കിയിരുന്നു. ഇതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സി.എസ്‌ഐ ബിഷപ്പ് ധർമരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ഇന്നലെ നാലിടത്ത് തിങ്കളാഴ്ച ഇ.ഡി പരിശോധന നടത്തിയതിന് പിന്നാലെയാണ് ബിഷപ്പിനെ വിമാനത്താവളത്തിൽ തടഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

യു.കെയിലേക്ക് പോകാൻ എത്തിയ റസാലത്തിനെ എമിഗ്രേഷൻ വിഭാഗമാണ് തടഞ്ഞുവെച്ചത്. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യംചെയ്യലിനായി നേരത്തേയും ഇ.ഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും ബിഷപ്പ് അടക്കമുള്ളവർ ഹാജരായിരുന്നില്ല. തുടർന്നായിരുന്നു തിങ്കളാഴ്ച പരിശോധന നടന്നത്. മെഡിക്കൽ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന കേസിലും മറ്റു സാമ്പത്തിക ക്രമക്കേടുകളിലുമാണ് അന്വേഷണം നടക്കുന്നത്. അടുത്തിടെയാണ് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

പാളയം എൽ.എം.എസിലെ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ ഓഫീസ്, കാരക്കോണം മെഡിക്കൽ കോളേജ് ഓഫീസ്, ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യം ഗാന്ധിപുരത്തെ വീട്, സഭാ സെക്രട്ടറി പ്രവീണിന്റെ നെയ്യാറ്റിൻകര ചെറിയ കൊല്ലയിലെ വീട് എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്ച ഇ.ഡി പരിശോധന നടത്തിയത്. കൊച്ചിയിൽ നിന്നുള്ള 25 അംഗ ഇ.ഡി സംഘം തിങ്കളാഴ്ച രാവിലെ ആറ് മുതൽ രാത്രി എട്ടുവരെ പരിശോധന നടത്തിയിരുന്നു. സഭാ ആസ്ഥാനത്തെത്തുമ്പോൾ ബിഷപ്പ് ധർമരാജ് റസാലവും സ്ഥലത്തുണ്ടായിരുന്നു.

സഭാ സെക്രട്ടറി പ്രവീണിനെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി ശ്രമിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിഷപ് ധർമ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഇന്നലെ സഭാ ആസ്ഥാനത്തെ പരിശോധനയ്ക്ക് ശേഷം ഇ ഡി സംഘം മടങ്ങിയതിന് പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ബിഷപ്പ് അനുകൂലികൾ ബിഷപ്പിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചപ്പോൾ പ്രതികൂലിക്കുന്നവർ ബിഷപ്പിനെതിരെ കൂകിവിളിച്ചു.

ഇന്നലെ പുലർച്ചയോടെയാണ് ഇ.ഡി പരിശോധന ആരംഭിച്ചത്. സി.എസ്ഐ ആസ്ഥാനത്ത് രാവിലെ ആരംഭിച്ച ബിഷപ്പിനെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയും രാത്രി ഏഴരവരെ നീണ്ടു. മാധ്യമപ്രവർത്തകരെയും പൊലീസുകാരെയും ഉൾപ്പെടെ ആസ്ഥാനത്തിന് പുറത്തേക്ക് ഇറക്കിയായിരുന്നു പരിശോധന. കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ വെള്ളറട പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നേരത്തേ ഹൈക്കോടതിയിൽ ഹരജി എത്തിയിരുന്നു. അന്വേഷണം ഏറ്റെടുക്കാൻ ഇ.ഡിയോട് നിർദേശിക്കണമെന്നതായിരുന്നു ആവശ്യം. കേസ് പരിഗണിക്കവെ ഹൈക്കോടതി വലിയ തിമിംഗലങ്ങൾ രക്ഷപ്പെടരുതെന്ന് പരാമർശിച്ചിരുന്നു.