കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനായി സെപ്റ്റംബർ 19ന് ബിഷപ്പ് ഹാജരാകണമെന്ന് ഐജി വിജയ് സാഖറെ. കേസിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും അത് പരിഹരിച്ച് വരികയാണ്. പരിഹരിക്കാതെയുള്ള അറസ്റ്റ് കുറ്റാരോപിതന് സഹായകരമാകും. അറസ്റ്റ് ചെയ്യുന്ന കാര്യം ചോദ്യം ചെയ്ത ശേഷം തീരുമാനിക്കുമെന്നും ഐജി അറിയിച്ചു. ജലന്ധർ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകുന്നത് ഹൈക്കോടതിയെ പറ്റിക്കാനെന്ന് സംശയമുയർന്നിരുന്നു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഹൈടെക് സെല്ലിൽ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.

ചോദ്യം ചെയ്യലിന് ശേഷം ഇപ്പോഴത്തെ നിലയിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരും. നിലവിലെ തെളിവുകൾ അറസ്റ്റ് അനിവാര്യമാക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പൊലീസ് നോട്ടീസ് നൽകിയാൽ ബിഷപ്പ് കേരളത്തിലെത്തുമോ എന്ന് സംശയിക്കുന്നുവരും ഉണ്ട്. ബിഷപ്പിനെതിരെ ബലാത്സംഗം പരാതി നൽകിയ കന്യാസ്ത്രീയും കുടുംബവും പൊലീസ് നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്. വിഷയം ദേശീയ മാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. ഇതോടെ രാജ്യമെങ്കും ഈ കേസ് ചർച്ചയാവുകയാണ്. ഇത് ബിഷപ്പിനും നാണക്കേടാവുകയാണ്.

ബിഷപ്പിനെതിരെ അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതി ഹൈക്കോടതിയിൽ ഉണ്ട്. നേരത്തെ ഈ ഹർജി വന്നപ്പോൾ അന്വേഷണം തുടരുകയാണെന്നും ബിഷപ്പിനെതിരെ തെളിവുകൾ ഉണ്ടെന്നും കോടതിയെ പൊലീസ് ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയും കാലമായിട്ടും അറസ്റ്റ് നടക്കാത്തത് കോടതിയുടെ വിമർശനത്തിന് കാരണമാകും. ഈ സാഹചര്യത്തിലാണ് ബിഷപ്പിന് ചോദ്യം ചെയ്യാനെത്താൻ നോട്ടീസ് നൽകുന്നതെന്നും സൂചനയുണ്ട്.ഒരാഴ്ചയ്ക്കകം അന്വേഷണോദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് ആണ് അയക്കുന്നത്. ഹൈക്കോടതി വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം അറിയിക്കും.

ഹാജരായാൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനു സമീപമുള്ള ഹൈടെക് മുറിയിൽ െവച്ച് ചോദ്യംചെയ്യുമെന്നും കോടതിയെ അറിയിക്കും. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാനും അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കാനും പൊലീസിനുമേൽ സമ്മർദമേറുകയാണ്. ഇതിനിടെയാണ് കന്യാസ്ത്രീകൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ പൊലീസിന് ഇടപെടലുകൾ നടത്തേണ്ടി വന്നു. കന്യാസ്ത്രീകൾ നടത്തുന്ന സമരം തണുപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.

അറസ്റ്റിനെതിരേ ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കുമെന്നാണ് സൂചന. ഇതുവരെ പൊലീസിന് കിട്ടിയ തെളിവുകളും മൊഴികളും ബിഷപ്പിന് എതിരാണ്. ചോദ്യംചെയ്തപ്പോൾ ബിഷപ്പ് പറഞ്ഞ കാര്യങ്ങളിൽ ചിലത് കള്ളമെന്നും കണ്ടെത്തിയതാണ്. ഇതിനെല്ലാം പുറമേയാണ് കോടതി മുമ്പാകെ കന്യാസ്ത്രീ നൽകിയ, ക്രിമിനൽനടപടിച്ചട്ടം 164-ാം വകുപ്പുപ്രകാരമുള്ള മൊഴി. ഇതെല്ലാം അറസ്റ്റിന് പോന്ന തെളിവുകളാണ്.

സർക്കാർ കന്യാസ്ത്രീയ്‌ക്കൊപ്പമെന്ന് ഇ.പി ജയരാജൻ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ സമരം ശക്തമാവുകയാണ്. ഈ അവസരത്തിലാണ് കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മന്ത്രി ഇ.പി ജയരാജൻ. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ സർക്കാർ ഇരയ്‌ക്കൊപ്പമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

കന്യാസ്ത്രീയുടെ ആവശ്യങ്ങൾക്കൊപ്പമാണ് ഗവൺമെന്റ് നിൽക്കുന്നത്. ഏറ്റവും ശരിയായ നിലപാട് ഗവൺമെന്റ് സ്വീകരിക്കും. ഒരു കുറ്റവാളിയെയും ഗവർൺമെൻ് സംരക്ഷിക്കില്ല. ഇരകളോടൊപ്പമാണ് ഗവൺമെന്റ്. കന്യാസ്ത്രീകളുടെ ആവശ്യങ്ങൾ ഗൗരവമായി കാണുന്നു. അതിന് വേണ്ട എല്ലാ നപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു