- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ കടത്ത് കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന് പ്രതിരോധം തീർത്ത ഐഎഎസ് ഉദ്യോഗസ്ഥൻ; മുഖ്യമന്ത്രിക്ക് പ്രിയങ്കരൻ; ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുതിയ മുഖ്യവിവരാവകാശ കമ്മീഷണറാകും
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേരളത്തിന്റെ മുഖ്യ വിവരാവകാശ കമ്മിഷണറാകാൻ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമമന്ത്രി എകെ ബാലൻ എന്നിവർ ഓൺലൈൻ ആയി ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് ഈ മാസം 28നാണ് വിശ്വാസ് മേത്ത വിരമിക്കുന്നത്.
നെതർലാൻഡ് അംബാസിഡർ ആയിരുന്ന വേണുരാജാമണി അടക്കം പതിനാല് പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ പേരും നേരത്തെ ഉയർന്നുവന്നെങ്കിലും അദ്ദേഹം അപേക്ഷിച്ചില്ല.സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസുകാരിൽ ഒരു വിഭാഗത്തിനു വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്ക് എത്തണമെന്ന താൽപര്യമുള്ളവരാണ്. ഇതു മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ ഇവർ ധരിപ്പിച്ചിരുന്നു. ഇതെല്ലാമാണ് വിശ്വാസ് മേത്തയുടെ സ്ഥാനത്തേക്കുള്ള സാദ്ധ്യത വർദ്ധിപ്പിച്ചത് എന്നാണ് സൂചന.
സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന് പ്രതിരോധം തീർത്ത വ്യക്തിയാണ് വിശ്വാസ് മേത്ത.അഡീഷണൽ ചീഫ് സെക്രട്ടറി വി.പി. ജോയി പുതിയ ചീഫ് സെക്രട്ടറിയാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വിരമിച്ച പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസിനു വിദ്യാഭ്യാസവകുപ്പിനു കീഴിലെ അസാപ്പിൽ പുനർനിയമനം നൽകിയിരുന്നു. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന മുഖ്യവിവരാവകാശ കമ്മിഷണർ തസ്തികയിലേക്കു 13 പേർ അപേക്ഷിച്ചിരുന്നു. അവസാന റൗണ്ടിലെത്തിയതു വിശ്വാസ് മേത്തയും നെതർലാൻഡ് മുൻ അംബാസഡർ വേണു രാജാമണിയുമാണ്.
വിശ്വാസ് മേത്തയും വേണു രാജാമണിയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടപ്പെട്ടവരാണ്. വേണു രാജാമണിയെ സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പ് സമിതിയിൽ പ്രതിപക്ഷ നേതാവുണ്ടെങ്കിലും മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേരുമ്പോൾ ഭൂരിപക്ഷമായി. അതുകൊണ്ട് തന്നെ തന്നെ സർക്കാരിന് താൽപ്പര്യമുള്ളവർ മാത്രമേ ചീഫ് കമ്മീഷണറാകൂ എന്ന സാഹചര്യമാണ്. 2019-ൽ ഭേദഗതി ചെയ്ത വിവരാവകാശനിയമപ്രകാരം, മുഖ്യവിവരാവകാശ കമ്മിഷണർക്കു മൂന്നുവർഷമാണു കാലാവധി. ചീഫ് സെക്രട്ടറിക്കു തുല്യമായ പദവിയാണിത്.
രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത സംസ്ഥാനത്തെ നാലാം മുഖ്യവിവരാകാശ കമ്മിഷണറാണ്. 28-നാണ് അദ്ദേഹം ചീഫ് സെക്രട്ടറി പദവിയിൽനിന്നു വിരമിക്കുന്നത്. 1986-ൽ ഐ.എ.എസ്. ലഭിച്ച മേത്ത കൊല്ലം അസി. കലക്ടറായി ഔദ്യോഗികജീവിതമാരംഭിച്ചു. റബർ മാർക്കറ്റിങ് ഫെഡറേഷൻ എം.ഡി, ഇടുക്കി, വയനാട് കലക്ടർ, ആരോഗ്യ സെക്രട്ടറി, വിദ്യാഭ്യാസ-റവന്യൂ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്ന മേത്ത മികച്ച ഗായകനുമാണ്. സർക്കാരുമായും നല്ല അടുപ്പത്തിലാണ് വിശ്വാസ് മേത്ത.
പിണറായി വിജയനുമായി ബന്ധപ്പെട്ട് ഏറെ അടുത്തു നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് വേണു രാജാമണിയും. പ്രസിഡന്റായിരിക്കെ പ്രണാബ് കുമാർ മുഖർജിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രധാനിയായിരുന്നു. കോൺഗ്രസുമായാണ് കൂടുതൽ അടുപ്പമെങ്കിലും അടുത്ത കാലത്തായിരുന്നു ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുകയാണ് വേണു രാജാമണി. നെതർലണ്ടിൽ മുഖ്യമന്ത്രിക്ക് പരിപാടികൾ ഒരുക്കിയതും കേരളത്തെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയ പ്രവർത്തനകൾ നടത്തിയതും വേണു രാജാമണിയാണ്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഈ പദവിയിൽ എത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ വിശ്വാസ് മേത്തയ്ക്ക് വേണ്ടി ബെഹ്റ വഴി മാറുകയും ചെയ്തു. ജൂണിൽ വിരമിക്കുന്ന ബെഹ്റയ്ക്കും നല്ല പദവി സർക്കാർ നൽകുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ