സാങ്കൽപ്പിക കറൻസി കഥാവശേഷമാകാൻ ഇനി അധികം വൈകില്ലെന്നാണ് ഏറ്റവുമൊടുവിലത്തെ സൂചന. ക്രിപ്‌റ്റോകറൻസികളിൽ ഏറ്റവും പ്രധാന കറൻസിയായ ബിറ്റ്‌കോയിൻ പൂർണമായി തകരുകയാണെന്നാണ് സൂചനകൾ. കഴിഞ്ഞ ഡിസംബറിൽ 20,000 ഡോളറിലേക്ക് വിലകുതിച്ചുയർന്ന ബിറ്റ്‌കോയിന്റെ വില 2800 ഡോളറിലേക്ക് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തൽ. ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കുന്നത് കരുതലോടെ വേണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ തന്നെ മുന്നറയിപ്പ് നൽകുന്നു.

നിലവിൽ 8000 ഡോളറാണ് ബിറ്റ്‌കോയിന്റെ വില. അത് 2800 ഡോളർവരെ കൂപ്പുകുത്തുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇത്തരം മുന്നറിയിപ്പുകൾ കാണാതെ ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപം നടത്തുന്നത് അപകടമാണെന്ന് ക്രിപ്‌റ്റോ എക്‌സ്‌പേർട്ട് ആനി മാസ പറയുന്നു. കൂടുതൽ രാജ്യങ്ങൾ ക്രിപ്‌റ്റോ കറൻസികൾ നിരോധിച്ചതും നിയന്ത്രണമേർപ്പെടുത്തിയതും ഇതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനിടയാക്കി.

സമീപകാലത്തുണ്ടായതിനേക്കാൾ മാരകമായ രീതിയിൽ ക്രിപ്‌റ്റോകറൻസി തകർന്നടിയുമെന്നാണ് ബ്ലൂംബർഗ് വിലയിരുത്തുന്നത്. 200 ദിവസംകൊണ്ട് ആർജിച്ചതിനേക്കാൾ വലിയ തോതിലാണ് 50 ദിവസത്തിനിടെ ബിറ്റ്‌കോയിൻ നേരിട്ട നഷ്ടമെന്ന് മാസ പറയുന്നു. പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്ക് വീഴ്ചയുണ്ടായേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ക്രിപ്‌റ്റോകറൻസികൾക്കാകെ സമാനരീതിയിലുള്ള തകർച്ച ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഡിസംബറിൽ 19,000 ഡോളർവരെ മൂല്യമുയർന്ന ബിറ്റോകോയിന്റെ ഇപ്പോഴത്തെ മൂല്യം 8494 ഡോളറാണ്. ഒരാഴ്ചയ്ക്കിടെ മൂല്യത്തിൽ 838.28 ഡോളറിന്റെ ഇടിവുണ്ടായി. ക്രിപ്‌റ്റോകറൻസിയെക്കുറിച്ചുണ്ടായ അമിത പ്രതീക്ഷകളും നിക്ഷേപസാധ്യതകളുമാണ് ഡിസംബറിൽ ഈ രീതിയിൽ മൂല്യം കൂടാൻ കാരണമായതെന്ന് മാസ പറയുന്നു. എന്നാൽ, യാഥാർഥ്യത്തിലേക്ക് വന്നതോടെ, ബിറ്റ്‌കോയിൻ മൂല്യം താഴേക്ക് പതിക്കുകയായിരുന്നു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ബിറ്റ്‌കോയിൻ ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതോടെയാണ് മൂല്യം വൻതോതിൽ ഇടിയാൻ തുടങ്ങിയത്. ഏറ്റവും കൂടുതൽ നിക്ഷേപമുണ്ടായിരുന്ന ദക്ഷിണ കൊറിയയിലും കടുത്ത തോതിലുള്ള നിയന്ത്രണം വന്നു. ക്രിപ്‌റ്റോകറൻസിയുടെ പരസ്യങ്ങൾ ഗൂഗിൾ നിരോധിച്ചതും സാങ്കൽപ്പിക കറൻസിയുടെ വിശ്വാസ്യതയെ ബാധിച്ചു. കഴിഞ്ഞമാസം 9.52 ശതമാനം ഇടിവാണ് ബിറ്റ്‌കോയിന്റെ മൂല്യത്തിലുണ്ടായത്.