ഭൂമിയിലെ ഏറ്റവും മൂല്യമുള്ള നിക്ഷേപമായി മാറിയിരിക്കുകയാണ് ബിറ്റ്‌കോയിൻ എന്ന സാങ്കൽപ്പിക നാണയം. നിങ്ങൾക്കതിനെ തൊട്ടുനോക്കാനോ മണത്തുനോക്കാനോ കഴിയില്ല. ആർക്കും ഇതിന്റെ ഉടമസ്ഥാവകാശവുമില്ല. ഇതിനെ നിയന്ത്രിക്കാൻ ഒരു നിയമങ്ങളുമില്ല. എന്നിട്ടും തഴച്ചുവളരുകയാണ് ബിറ്റ്‌കോയിൻ. 250 ബില്യൺ മൂല്യമാണ് ഇപ്പോൾ ബിറ്റ്‌കോയിനുള്ളതായി കണക്കാക്കുന്നത്. ഇത് ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കായ എച്ച്.എസ്.ബി.സിയുടെ മൂല്യത്തെക്കാൾ കൂടുതലാണ്.

ബിറ്റ്‌കോയിൻ വില കുതിച്ചുയരുകയാണിപ്പോൾ. ഇടയ്‌ക്കൊന്ന് നിറംമങ്ങി 15,000 ഡോളറിലേക്ക് താഴ്ന്ന മൂല്യം ഇപ്പോൾ കുതിച്ചുയർന്ന് 20,000 ഡോളറിലെത്തി. ആദ്യകാല നിക്ഷേപകരിൽപ്പലരെയും ശതകോടീശ്വരന്മാരാക്കിയാണ് ബിറ്റ്‌കോയിൻ ജനപ്രിയമാകുന്നത്. ബാങ്കുകളുടെ നിയന്ത്രണമില്ലാതെ നിക്ഷേപം നടത്താമെന്നതാണ് ബിറ്റ്‌കോയിന്റെ പ്രത്യേകത. എന്നാൽ, ആഗോള സമ്പദ് വ്യവസ്ഥയെ വെല്ലുവിളിച്ച 17-ാം നൂറ്റാണ്ടിലെ ടുളിപ് മാനിയ പോലുള്ള തട്ടിപ്പാണിതെന്ന് വിമർശകർ പറയുന്നു.

നോട്ടുകളോ നാണയങ്ങളോ ഇല്ലാത്ത സാങ്കൽപ്പിക കറൻസിയാണ് ബിറ്റ്‌കോയിൻ. ആരാണ് ഇതിന്റെ ഉപജ്ഞാതാവ് എന്നുപോലും അറിയില്ല. ഓൺലൈൻ കംപ്യൂട്ടർ ലെഡ്ജറിലൂടെയാണ് ഇതിന്റെ പ്രവർത്തനം. അക്കങ്ങളും അക്ഷരങ്ങളും നിറഞ്ഞ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു മേൽവിലാസമാണ് ബിറ്റ്‌കോയിന്റേത്. ഓൺലൈനായാണ് ഇതിന്റെ ഇടപാടുകളെല്ലാം. നിങ്ങളുടെ പേഴ്‌സണൽ കംപ്യൂട്ടറിലോ സ്മാർട്ട്‌ഫോണിലോ ബിറ്റ്‌കോയിൻ വാലറ്റ് പ്രവർത്തിപ്പിക്കാം.

ബിറ്റ്‌കോയിൻ മുഴുവനായി വാങ്ങുക അസാധ്യമാണ്. എന്നാൽ, അതിന്റെ ചെറിയൊരു ശതമാനം സന്തമാക്കാൻ നമുക്കാവും. കംപ്യൂട്ടർ വഴിയാണ് ഇടപാടുകളെല്ലാം എന്നുമാത്രം. ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചിലെ ബ്രോക്കറെ സമീപിക്കുകയോ ബിറ്റ്‌കോയിൻ വാലറ്റ് സ്വന്തമാക്കുകയോ ാണ് വേണ്ടത്. നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പിക്കാൻ ടെക്സ്റ്റ് മെസ്സേജോ ഇ-മെയിലോ ലഭിക്കും. തുടർന്ന് ലഭിക്കുന്ന ലിങ്കിലൂടെ നിങ്ങൾക്ക് അക്കൗണ്ടിൽ കയറാനാകും.

ബിറ്റ്‌കോയിൻ ഉപയോഗിച്ച് നിങ്ങൾക്ക് ഷോപ്പിങ്ങൊക്കെ നടത്താമെന്നാണ് വിശ്വാസമെങ്കിലും പല വ്യാപാരസ്ഥാപങ്ങളും ബിറ്റ്‌കോയിൻ സ്വീകരിച്ചുതുടങ്ങിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ വീഡിയോ ഗെയിം സ്‌റ്റോറായ സ്റ്റീം അടുത്തിടെ ബിറ്റ്‌കോയിൻ സ്വീകരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ബിറ്റ്‌കോയിൻ ഈടാക്കുന്ന വലിയ ഫീസാണ് ഇതിന് കാരണമായി പറയുന്നത്.

ബിറ്റോകോയിനിലുണ്ടാകുന്ന മൂല്യവ്യത്യാസങ്ങൾ മറ്റ് കറൻസികളെപ്പോലെ വിപണിയെ നേരിട്ട് ബാധിക്കുന്നതല്ല. ഈ മാസമാദ്യം ബിറ്റ്‌കോയിന്റെ വില 10,000 ഡോളറായിരുന്നു. അത് പിന്നീടേ 20,000 ഡോളറായി വളർന്നു. പിന്നീട് വീണ്ടും താഴ്ന്നു. ഡോളറിലോ പൗണ്ടിലോ രൂപയിലോ ആണ് ഇത്തരത്തിൽ മൂല്യവ്യത്യാസമുണ്ടാകുന്നതെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് ആലോചിച്ചുനോക്കുക.

ബിറ്റ്‌കോയിൻ വാങ്ങി നിങ്ങൾക്ക് നഷ്ടം വരികയാണെങ്കിൽ അത് സ്വയം സഹിക്കുക മാത്രമാണ് പോംവഴി. ബാങ്കുകളിൽ നിക്ഷേപകന് പലതരത്തിലുള്ള സംരക്ഷണവും ലഭിക്കും എന്നാൽ, ബിറ്റ്‌കോയിനിൽ അത് സാധ്യമല്ല. ഒരാളുടെ നിക്ഷേപം 85,000 ഡോളർവരെ സംരക്ഷിക്കപ്പെടുമെന്നാണ് വിശ്വാസം. എന്നാൽ, അത് സാഹചര്യങ്ങൾക്ക് അനുസരിച്ചുമാത്രമായിരിക്കും. മറിച്ച്, വ്യക്തമായ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും നിലവിൽ ബിറ്റ്‌കോയിനിൽ ഇല്ല.

മൂല്യമുയർന്ന് 600 ശതമാനം വരെ

സാങ്കൽപ്പിക കറൻസിയായ ബിറ്റ്‌കോയിന്റെ 500 ദശലക്ഷം ഡോളർ മൂല്യം വരുന്ന യൂണിറ്റുകൾ ഇക്കൊല്ലമാദ്യം ബൾഗേറിയൻ പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നീടുണ്ടായ മൂല്യവർധനയയനുസരിച്ച് 600 ശതമാനം വരെ ഇതിന്റെ വില വർധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ബൾഗേറിയയുടെ ദേശീയ കടത്തിന്റെ അഞ്ചിലൊന്ന് വീട്ടാനുള്ള മൂല്യം പിടിച്ചെടുത്ത സാങ്കൽപ്പിക കറൻസിക്കുണ്ടെന്ന് കരുതുന്നു. 3.3 ബില്യൺ ഡോളറെങ്കിലുമാണ് അതിന്റെ മൂല്യമിപ്പോൾ.

മെയ്‌ മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽ ബിറ്റ്‌കോയിൻ വേട്ട നടന്നത്. നികുതിവെട്ടിച്ച് ബിറ്റ്‌കോയിനിൽ നിക്ഷേപം നടത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തു. നികുതിവെട്ടിച്ച് സമ്പാദിച്ച പണം സൂക്ഷിക്കുന്നതിന് ബിറ്റ്‌കോയിൻ നിക്ഷേപം നടത്തുകയായിരുന്നു ഇവരെന്ന് പൊലീസ് കണ്ടെത്തി.. തുടർന്നാണ് ഇവരുടെ പക്കലുള്ള ബിറ്റ്‌കോയിൻ യൂണിറ്റുകൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തത്.