ന്യൂഡൽഹി:ബിറ്റ്‌കോയിനും മറ്റ് ക്രിപ്‌റ്റോ കറൻസികളും വാങ്ങിയവർ കുടുങ്ങിയേക്കും. ഇവയുടെ പ്രവർത്തനം നിരീക്ഷിക്കാൻ സർക്കാർ പുതിയ പാനലിനെ നിയോഗിച്ചതായി റിപ്പോർട്ട്. ബിറ്റ് കോയിനുകളും മറ്റും വാങ്ങിക്കൂട്ടിയവരെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ കേസുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സർക്കാരിനു നിയന്ത്രണമില്ലാത്ത ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികളുടെ വിലയിൽ വൻ കുതിച്ചുകയറ്റമുണ്ടായതിനെ തുടർന്നാണ് ഇവ വാങ്ങിയവരെ പൂട്ടാൻ സർക്കാർ ഒരുങ്ങുന്നത്.

ബിറ്റ് കോയിന്റെ മൂല്യം 14000 ഡോളറോളം കടന്നതോടെയാണ് സർക്കാരിന് ആശങ്ക ശക്തമായത്. സർക്കാരും ആർബിഐയും പലതവണ ബിറ്റ്‌കോയിൻ ഇടപാടുകളിൽ നിന്നു വിട്ടുനിൽക്കാൻ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും വിലയിലെ കുതിച്ചുചാട്ടം തുടരുകയായിരുന്നു. നിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാണെന്നതിനാൽ ഇതു സംബന്ധിച്ചു വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രാജ്യത്തെ പല ഭാഗത്തുമുള്ള ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകളിൽ പരിശോധന നടത്തിയിരുന്നു.

ആർബിഐ ഡപ്യൂട്ടി ഗവർണർ ബി.പി. കനുംഗോ, സെബി ചെയർമാൻ അജയ് ത്യാഗി എന്നിവരും ഐടി സെക്രട്ടറിയും പുതിയ പാനലിൽ ഉണ്ടെന്നറിയുന്നു. മുൻപ് സർക്കാർ നിയോഗിച്ച കമ്മിറ്റി രാജ്യത്തെ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ പൂട്ടാനാണു നിർദേശിച്ചതെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ സർക്കാർ വെളിപ്പെടുത്തിയിരുന്നില്ല.

എന്താണ് ബിറ്റ്‌കോയിൻ

പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ. നിഗൂഢത നിറഞ്ഞ ബിറ്റ് കോയിന്റെ ജന്മം തന്നെ എവിടെയാണെന്ന് ആർക്കും വ്യക്തമല്ല. ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത യാഥാർഥ്യമല്ലാത്ത വെർച്വൽ കറൻസിയാണ് ബിറ്റ് കോയിൻസ്. കംപ്യൂട്ടർ ശൃംഖലകളിലൂടെ ഇന്റർനെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന നേരിൽ കാണാൻ സാധിക്കാത്ത ബിറ്റ് കോയിനുകളുടെ ഉപജ്ഞാതാക്കളെക്കുറിച്ച് ഇനിയും വ്യക്തതയില്ല.

എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്. ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്‌റ്റോ കറൻസികൾ ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒന്നിലധികം തവണ ഇതിനോടകം വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും ബിറ്റ് കോയിൻ ഉപയോഗം രാജ്യത്ത് കൂടി വന്നു. ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിൻ മുന്നോട്ട് വയ്ക്കുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്ക എല്ലാ രാജ്യങ്ങളിലെയും റിസർവ്വ് ബാങ്കുകൾ പങ്കുവെച്ചിരുന്നു്. ഈ സാഹചര്യത്തിലാണ് സർകകാരിന്റെ പുതിയ നടപടി.

ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു. നിലവിലെ നാണയ സംവിധാനങ്ങളിലെല്ലാം കറൻസിയുടെ മൂല്യം ഒരു കേന്ദ്രീകൃത സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ഉദാഹരണത്തിന് നമ്മുടെ കറൻസിയുടെ മൂല്യവും വിതരണവുമെല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ഇത്തരമൊരു സുരക്ഷിതത്വം ബിറ്റ് കോയനില്ല.

അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും ചതി തേടിയെത്തും. ബിറ്റ്‌കോയിൻ വാലറ്റ് നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കുക അസാധ്യം. വാലറ്റ് നഷ്ടമാവുകയോ പാസ്വേഡ് മറന്നുപോവുകയോ ചെയ്താൽ വാലറ്റിലെ പണവും നഷ്ടമാകും. അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഇതിൽ ഒളിച്ചിരിക്കുന്നത്. ഇത് തന്നെയാണ് ബിറ്റ് കോയിനെ സംശയ നിഴലിൽ നിർത്തുന്നത്. സർവ്വത്ര ദുരൂഹതയും രഹസ്യവും. രഹസ്യ ഇടപാടുകൾക്ക് വേണ്ടിയുള്ളതാണ് ബിറ്റ് കോയിനെന്ന ഇന്ത്യൻ റിസർവ്വ് ബാങ്കിന്റെ ആശങ്ക ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോർട്ടും. വയാഗ്രയ്ക്ക് അപ്പുറം എന്തെങ്കിലും ഇതു കൊണ്ട് വാങ്ങാനാകുമോ എന്ന് ആർക്കും അറിയില്ല. എന്നിട്ടും പ്രതീക്ഷയോടെ ആളുകൾ ബിറ്റ് കോയിന് പിന്നാലെയാണ്. സോപ്പ് കുമിള പോലെ പൊട്ടുന്ന കച്ചവടക്കളിയാകും ഇതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഔദ്യോഗിക മധ്യവർത്തികളെയും കേന്ദ്ര ബാങ്കുകളെയും രാജ്യങ്ങളുടെ പരമാധികാരത്തെയും തന്നെ നിഷ്പ്രഭമാക്കിക്കൊണ്ട് ലോകത്തെവിടെയുമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്രയവിക്രയം നടത്താനും പണമിടപാടുകൾ പൂർത്തിയാക്കാനും സാധ്യമാക്കിക്കൊണ്ടാണ് ക്രിപ്‌റ്റോ കറൻസികൾ വ്യാപകമാകുന്നത്. ആര് എവിടെ നിന്ന് പുറപ്പെടുവിപ്പിക്കുന്നുവെന്നോ വിനിമയ മൂല്യം എങ്ങനെ ഉരുത്തിരിഞ്ഞ് വരുമെന്നോ തർക്കങ്ങൾക്കും പരാതികൾക്കും ആര് ഇടനിലക്കാരനാകുമെന്നോ ഒന്നും നിശ്ചയമില്ലാത്ത പൂർണമായ ദുരൂഹതകൾ നിറഞ്ഞതാണ് ക്രിപ്‌റ്റോ കറൻസികൾ. ഉപജ്ഞാതാക്കൾ തന്നെ നാട്ടുകാർ ശേഖരിച്ചുണ്ടാക്കിയ മൂല്യം കവർന്നെടുത്ത് എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാം.

ക്രിപ്റ്റോ കറൻസികൾ എന്ന വിളിക്കപ്പെടുന്ന ഡിജിറ്റൽ അസെറ്റിൽ ഇപ്പോൾ കുറെ ഏറെ എണ്ണം ഓരോ ദിവസവും പുറത്തു വരുന്നുണ്ട്. ബിറ്കോയിന് കടിഞ്ഞൂൽ ആയതു കൊണ്ട് ജനശ്രദ്ധ കിട്ടുന്നു എന്നെ ഉള്ളൂവെന്നാണ് സാമ്പത്തക വിദഗ്ദർ പറയുന്നത്. ഈ സാഹചര്യത്തിൽ പല തട്ടിപ്പുകാരും ക്രിപ്റ്റോ കറൻസിയുമായി എത്തുമെന്ന ആശങ്കയും സജീവമാണ്്.

ബിറ്റ്‌കോയിൻ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്. പണം വെളുപ്പിക്കുന്ന വമ്പന്മാരും, ആയുധക്കച്ചവടക്കാരും മയക്കുമരുന്നിടപാടുകാരുമൊക്കെ ബിറ്റ്‌കോയിൻ ഉപയോഗിക്കാൻ തുടങ്ങിയാൽ എങ്ങനെയൊണ് അതിൽ ഇടപെടുക എന്നത് ഒരു വലിയ ചോദ്യമായിരുന്നു. ബിറ്റ്‌കോയിൻ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുക. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്.

2013 തുടക്കത്തിൽ ബിറ്റ്‌കോയിന്റെ മൂല്യം 14 ഡോളറായിരുന്നു. വർഷാവസാനമെത്തും മുമ്പ് 800 ലേറെയായി വളർന്നു. ഡിസംബർ 4 ന് 1200 ഡോളറായിരുന്നു ബിറ്റ്‌കോയിന്റെ മൂല്യം. എന്നാൽ 2017ഓടെ ബിറ്റ് കോയിന്റെ മൂല്യം കുതിക്കുകയും 1500 ഡോളറിന് അടുത്തെത്തുകയും ആയിരുന്നു.