- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിറ്റ്കോയിൻ ഉണ്ടാക്കുന്നത് എങ്ങനെ? ബിറ്റ്കോയിനും ബ്ലോക്ക് ചെയിനും തമ്മിൽ എന്താണ് വ്യത്യാസം ഉള്ളത്? സുജിത് കുമാറിന്റെ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം
ബിറ്റ് കോയിൻ എന്താണെന്ന് ചെറിയ ഒരു പുക പോലെ എങ്കിലും കഴിഞ്ഞ ലേഖനത്തിൽ നിന്നും മനസ്സിലായിട്ടുണ്ടാകുമല്ലോ . ഇല്ലെങ്കിൽ ഇത്രയും അറിയുക കുറേ അക്ഷരങ്ങളും അക്കങ്ങളുമൊക്കെ ചേർന്ന ഒരു നീണ്ട കോഡ്. അതിന്റെ വില എത്രയുണ്ടെന്ന് ഒരു കണക്ക് പുസ്തകത്തിൽ നോക്കി ആർക്കും പരിശോധിക്കാം. ആ കോഡ് ഒരു വിലാസമായി എടുത്ത് അതിലേക്ക് ആർക്കും കൂടൂതൽ ബിറ്റ് കോയിനുകൾ കൂട്ടിച്ചേർക്കാം. ആ കണക്കും കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിൽ നിന്നും കുറയ്ക്കണമെങ്കിൽ പ്രസ്തുത കോഡുമായി ബന്ധപ്പെട്ട മറ്റൊരു രഹസ്യ കോഡ് കൂടി വേണം. അതാണ് പ്രൈവറ്റ് കീ. പ്രൈവറ്റ് കീ എന്ന താക്കോൽ കൈവശമുള്ള ആൾക്ക് മാത്രമേ ചെലവാക്കാൻ പറ്റൂ. പാലിയേറ്റീവ് കെയറുകാർ കടകളിൽ വച്ചിരിക്കുന്ന സുതാര്യമായ സംഭാവനപ്പെട്ടി കണ്ടിട്ടില്ലേ അതുപോലെ ഒന്നായി ഇതിനെ കണ്ടാൽ മനസ്സിലാക്കുക എളുപ്പമാകും. പെട്ടിയിലെ ദ്വാരത്തിലൂടെ ആർക്കും പണം നിക്ഷേപിക്കാം. എത്ര പണം അകത്തുണ്ടെന്ന് പെട്ടി തുറക്കാതെ തന്നെ ആർക്കും കാണാനും കഴിയും പക്ഷേ പണം പുറത്തെടുത്ത് ചെലവാക്കാൻ കഴിയുന്നത് അ
ബിറ്റ് കോയിൻ എന്താണെന്ന് ചെറിയ ഒരു പുക പോലെ എങ്കിലും കഴിഞ്ഞ ലേഖനത്തിൽ നിന്നും മനസ്സിലായിട്ടുണ്ടാകുമല്ലോ . ഇല്ലെങ്കിൽ ഇത്രയും അറിയുക കുറേ അക്ഷരങ്ങളും അക്കങ്ങളുമൊക്കെ ചേർന്ന ഒരു നീണ്ട കോഡ്. അതിന്റെ വില എത്രയുണ്ടെന്ന് ഒരു കണക്ക് പുസ്തകത്തിൽ നോക്കി ആർക്കും പരിശോധിക്കാം. ആ കോഡ് ഒരു വിലാസമായി എടുത്ത് അതിലേക്ക് ആർക്കും കൂടൂതൽ ബിറ്റ് കോയിനുകൾ കൂട്ടിച്ചേർക്കാം. ആ കണക്കും കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിൽ നിന്നും കുറയ്ക്കണമെങ്കിൽ പ്രസ്തുത കോഡുമായി ബന്ധപ്പെട്ട മറ്റൊരു രഹസ്യ കോഡ് കൂടി വേണം. അതാണ് പ്രൈവറ്റ് കീ. പ്രൈവറ്റ് കീ എന്ന താക്കോൽ കൈവശമുള്ള ആൾക്ക് മാത്രമേ ചെലവാക്കാൻ പറ്റൂ. പാലിയേറ്റീവ് കെയറുകാർ കടകളിൽ വച്ചിരിക്കുന്ന സുതാര്യമായ സംഭാവനപ്പെട്ടി കണ്ടിട്ടില്ലേ അതുപോലെ ഒന്നായി ഇതിനെ കണ്ടാൽ മനസ്സിലാക്കുക എളുപ്പമാകും. പെട്ടിയിലെ ദ്വാരത്തിലൂടെ ആർക്കും പണം നിക്ഷേപിക്കാം. എത്ര പണം അകത്തുണ്ടെന്ന് പെട്ടി തുറക്കാതെ തന്നെ ആർക്കും കാണാനും കഴിയും പക്ഷേ പണം പുറത്തെടുത്ത് ചെലവാക്കാൻ കഴിയുന്നത് അതിന്റെ താക്കോൽ കൈവശമുള്ള ആൾക്ക് മാത്രം.
ഇനി ഈ ബിറ്റ് കോയിൻ ഉണ്ടാകുന്നതെങ്ങിനെ എന്ന് പറയാം. ബിറ്റ് കോയിൻ, ബിറ്റ് കോയിൻ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന പ്രൈവറ്റ് കീ. ബിറ്റ് കോയിനുകളുടെ മൂല്ല്യവും ഇടപാടുകളുമെല്ലാം സൂക്ഷിച്ചു വയ്ക്കുന്നതും രേഖപ്പെടുത്തുന്നതുമായ ബ്ലോക് ചെയിൻ എന്ന ഒരു കണക്ക് പുസ്തകം. ഇത് മൂന്നും അടങ്ങിയതാണ് അടിസ്ഥാനപരമായി ഒരു ബിറ്റ് കോയിൻ നെറ്റ്‌വർക്ക് .
ബിറ്റ് കോയിൻ നെറ്റ്‌വർക്ക് എന്നത് ഒരു പീർ - ടു - പീർ നെറ്റ്‌വർക്ക് ആണെന്നറിയാമോ? പീർ ടു പീർ എന്ന പേരു കേട്ട് പേടിക്കേണ്ട. നമ്മൾ ഫയലുകൾ ഷെയർ ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമൊക്കെ ഉപയോഗിക്കുന്ന ബിറ്റ് ടോറന്റ് സാങ്കേതിക വിദ്യ തന്നെ. ബിറ്റ് ടോറന്റ് നെറ്റ് വർക്കിൽ നിന്നും ടോറന്റ് ക്ലയന്റ് സോഫ്റ്റ്‌വെയറുകളായ യു ടോറന്റ്, ട്രാൻസ്മിഷൻ തുടങ്ങിയവ ഉപയോഗിച്ച് നമ്മൾ ഫയലുകൾ ഡൗൺ ലോഡ് ചെയ്യാറും അപ് ലോഡ് ചെയ്യാറുമൊക്കെയില്ലേ? ചെയ്യാറുണ്ടെങ്കിലും ഇതിനു പിറകിലെ സാങ്കേതിക വിദ്യ എല്ലാവർക്കും അറിയണമെന്നില്ല. യൂടൂബിൽ നിന്നും ഒരു വീഡിയോ കാണുമ്പോഴോ ഡൗൺ ലോഡ് ചെയ്യുമ്പോഴോ നമ്മൾ നേരിട്ട് യൂടൂബ് സെർവറുമായി ബന്ധം സ്ഥാപിച്ച് അവിടെ നിന്നും ഡൗൺ ലോഡ് ചെയ്യുന്നു. ഫേസ് ബുക്ക്, ഗൂഗിൾ, ജി മെയിൽ തുടങ്ങിയവയുടെ സേവനങ്ങളെല്ലാം നമ്മൾ ഇതുപോലെ അതാത് കമ്പനികളുടെ സെർവ്വറുകളിൽ നിന്നും സ്വീകരിക്കുന്ന സേവനങ്ങളാണ്. ഇതിനെ ക്ലയന്റ് സെർവ്വർ ആർക്കിടെക്ചർ എന്ന് വിളിക്കാം. ഈ സംവിധാനത്തിൽ സെർവ്വർ ഉടമയ്ക്കായിരിക്കും പ്രസ്തുത ഫയലിന്റെ പൂർണ്ണ നിയന്ത്രണം. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു സാങ്കേതിക വിദ്യയാണ് പീർ ടു പീർ ടെക്‌നോളജി. ഇവിടെ ഒരു കേന്ദ്രീകൃത സർവ്വർ ഇല്ല. പിന്നെങ്ങിനെ അപ്ലോഡ് / ഡൗണ്ലോഡ് പ്രക്രിയകൾ നടക്കും? പത്ത് കമ്പ്യൂട്ടറുകൾ ഉണ്ടെങ്കിൽ അവയെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ട് ഒരു ശ്രുംഖല ഉണ്ടാക്കിയാൽ എങ്ങിനെ ഇരിക്കും? ഏത് കമ്പ്യൂട്ടറിനും ഏത് കമ്പ്യൂട്ടറുമായും വിവരങ്ങൾ കൈമാറാൻ കഴിയും. ആ സാങ്കേതിക വിദ്യയാണ് പീർ ടു പീർ ടെക്‌നോളജി. പീർ ടു പീർ ടെക്‌നോളജിയിൽ ആരും ഉടമകളല്ല ആരും അടിമകളുമല്ല. ഉള്ളത് പരസ്പരം പങ്കുവയ്ക്കുന്ന തികഞ്ഞ സോഷ്യലിസം. എല്ലാവരും ഒരുപോലെ. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ബിറ്റ് ടോറന്റിൽ നിന്നും ഒരു ഫയൽ ഡൗൺ ലോഡ് ചെയ്യുമ്പോൾ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് കൂടി പറയേണ്ടി വരും. അതിനായി പൊതുവേ ഉപയോഗിക്കുന്ന ഒരു ഉദാഹരണം തന്നെ ഇവിടെയും പറയാം.
ഒരാളുടെ കൈവശം 100 പേജുള്ള ഒരു പുസ്തകം ഉണ്ട്. അത് പത്തു പേർക്കായി പങ്കു വയ്ക്കണം. സാധാരണ ഗതിയിൽ എന്ത് ചെയ്യും? പുസ്തകത്തിന്റെ എല്ലാ പേജിന്റേയും ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്ത് പത്തുപേർക്കുമായി വിതരണം ചെയ്യുന്നു. ഇത് നേരത്തേ സൂചിപ്പിച്ച ക്ലയന്റ് സർവ്വർ രീതിയാണ്. അതായത് മുഴുവൻ പുസ്തകവും കയ്യിലുള്ളവൻ അതിന്റെ പകർപ്പുകൾ മറ്റുള്ളവർക്കായി എടുത്തുകൊടുക്കുന്ന രീതി. ഇതിനു പല ദോഷങ്ങളുമുണ്ട്. പുസ്തകം കയ്യിലുള്ള ആളുടെ ഫോട്ടോ കോപ്പിയർ കേടായാലോ? ആർക്കും പുസ്തകം കിട്ടാതാകും. ഇത്രയും കോപ്പികളെടുക്കാൻ അയാൾക്ക് കൂടുതൽ കറന്റ് ചെലവാകും, പേപ്പർ ചെലവാകും, സമയ നഷ്ടവും. ഇതല്ലാതെ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ? ഉണ്ട്. പുസ്തകം കയ്യിലുള്ള ആൾ പകർപ്പെടുത്ത് നൽകേണ്ട പത്തു പേരെയും ഒരു വട്ടമേശക്ക് ചുറ്റും ഇരുത്തുന്നു. പുസ്തകത്തിന്റെ കുത്തഴിച്ച് പത്തു പത്ത് പേജുകളാക്കി പത്തു പേർക്കുമായി വിതരണം ചെയ്യുന്നു. അതായത് ഒന്നാമന് ഒന്നു മുതൽ പത്തു വരെയുള്ള പേജുകൾ രണ്ടാമന് പത്തു മുതൽ ഇരുപതു വരെയുള്ള പേജുകൾ അങ്ങനെ പത്താമന് തൊണ്ണൂറു മുതൽ നൂറു വരെയുള്ള പേജുകൾ. തുടർന്ന് ഓരോരുത്തരോടും സ്വന്തം കൈവശമുള്ള പേജുകളുടെ പകർപ്പ് എടുത്തതിനു ശേഷം പേജുകൾ മറ്റുള്ളവർക്ക് കൈമാറാൻ ആവശ്യപ്പെടുന്നു. അതായത് ഒന്നു മുതൽ പത്തു വരെ പേജുകൾ കൈവശമുള്ളവൻ ഒന്നാമത്തെ പേജിന്റെ പകർപ്പെടുത്ത് കഴിഞ്ഞാൽ അത് മറ്റുള്ള ആർക്കെങ്കിലും കൈമാറുന്നു. ഇത്തരത്തിൽ സ്വന്തം കൈവശമുള്ള പേജുകൾ അത് ഇല്ലാത്തവർക്കായി കൈമാറ്റം ചെയ്യുന്ന പ്രക്രിയ തുടരുന്നു. അവസാനം എല്ലാവരുടേയും കയ്യിൽ എല്ലാ പേജുകളും ഉള്ള ഒരു അവസ്ഥ ഉണ്ടാകുന്നു. സ്വന്തം കയ്യിലുള്ള പേജുകൾ പകർപ്പെടുത്ത് മറ്റുള്ളവർക്കായി നൽകുന്ന പ്രക്രിയയെ വിളിക്കുന്ന പേരാണ് സീഡിങ്, അതുപോലെ മറ്റുള്ളവരിൽ നിന്നും സ്വന്തം കയ്യിലില്ലാത്ത പേജുകളുടെ പകർപ്പുകൾ സ്വീകരിക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരാണ് ലീച്ചിങ്. സീഡിങ് - ലീച്ചിങ് പ്രക്രിയയിലൂടെ ഒരു കേന്ദ്രികൃത സംവിധാനമില്ലാതെ കൊടുക്കൽ വാങ്ങലുകളിലൂടെ എല്ലാവർക്കും ഇത്തരത്തിൽ മുഴുവൻ പുസ്തകവും ലഭ്യമാകുന്നു. നിങ്ങൾ ടോറന്റിൽ നിന്നും ഒരു ഫയൽ ഡൗൺ ലോഡ് ചെയ്യുമ്പോഴും സംഭവിക്കുന്നത് ഇതു തന്നെയാണ്. അപ്പോൾ സ്വാഭാവികമായും പൈറേറ്റ് ബേ, ടോറന്റ്‌സ്.ഇയു, മിനോവ, തുടങ്ങിയ വെബ് സൈറ്റുകൾ ഇവിടെ എന്ത് ധർമ്മമാണ് വഹിക്കുന്നതെന്ന ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും . ഇവർ നേരത്തേ സൂചിപ്പിച്ച വട്ടമേശയുടെ ജോലിയാണു ചെയ്യുന്നത്. അതായത് ഒരു ഫയലിന്റെ കഷണങ്ങൾ ആരെല്ലാം അപ്ലോഡ് ചെയ്യുന്നു ആരെല്ലാം ഡൗൺലോഡ് ചെയ്യുന്നു എന്നെല്ലാമുള്ള വിവരങ്ങൾ നൽകാനുള്ള ടോറന്റ് ട്രാക്കിങ് എന്ന ജോലി മാത്രമാണ് ഈ സൈറ്റുകൾ ചെയ്യുന്നത്. കേന്ദ്രീകൃതമായ ഒരു സംവിധാനം ഇവിടെ ഇല്ലാത്തതിനാൽ ബിറ്റ് ടോറന്റുകൾ വഴിയുള്ള ഫയൽ കൈമാറ്റങ്ങൾ ആർക്കും നിയന്ത്രിക്കാനാകില്ല. കമ്പ്യൂട്ടറുകളിലും സ്മാർട്ട് ഫോണുകളിലുമെല്ലാമുപയോഗിക്കുന്ന ബിറ്റ് ടോറന്റ് ക്ലയന്റ് സോഫ്റ്റ് വെയറുകളായ മ്യു ടോറന്റ്, ട്രാൻസ്മിഷൻ തുടങ്ങിയവയിലൂടെ ഒരു പ്രത്യേക ഫയലുമായി ബന്ധപ്പെട്ട് കിടക്കുന്ന ലോകത്തെല്ലായിടത്തുമുള്ള കമ്പ്യൂട്ടറുകളുമായി നേരിട്ട് ബന്ധം സ്ഥാപിക്കപ്പെടുന്നു. അതായത് ഒരു ഭീമൻ വട്ടമേശയ്ക്ക് ചുറ്റുമിരുന്നുകൊണ്ട് നിങ്ങൾ പരസ്പരം ഇടനിലക്കാരില്ലാതെ കൊടുക്കൽ വാങ്ങലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
പറഞ്ഞ് പറഞ്ഞ് കാട് കയറുന്നില്ല. ബ്ലോക് ചെയിൻ എന്നത് ഒരു പബ്ലിക് ഡാറ്റാബേസ് ആണ്, പീർ - ടൂ - പീർ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നതാണ്. തുറന്ന ഒരു കണക്ക് പുസ്തകമാണ്, ആർക്കും പരിശോധിക്കാവുന്നതാണ്, ഇതിനായി ഒരു കേന്ദ്രീകൃത സംവിധാനമില്ലാത്തതിനാൽ കയ്യാങ്കളികൾ അസാദ്ധ്യമാണ് എന്നൊക്കെ മനസ്സിലാകണമെങ്കിൽ പീർ ടു പീർ സാങ്കേതിക വിദ്യയെക്കുറിച്ച് ഇത്രയെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതായത് ബ്ലോക് ചെയിൻ എന്ന ബിറ്റ് കോയിനിന്റെ ഹൃദയം ഒരു പ്രത്യേക സർവ്വറിലും സൂക്ഷിക്കപ്പെടുന്നില്ല. ആർക്ക് വേണമെങ്കിലും ടോറന്റ് ഉപയോഗിച്ച് സിനിമ ഡൗൺ ലോഡ് ചെയ്യുന്നതുപോലെ ബിറ്റ് കോയിൻ നെറ്റ്‌വർക്കിൽ നിന്നും ഡൗൺ ലോഡ് ചെയ്‌തെടുക്കാം. അതിനെക്കുറിച്ച് അടുത്ത പോസ്റ്റിൽ കൂടുതലായി പറയാം.