അഹമ്മദാബാദ്: ഗുജറാത്ത് ഇലക്ഷനിൽ വിജയിക്കാനായി ഏത് തരം വരെയും പോകാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി മുസ്ലിങ്ങളെ ലക്ഷ്യമിട്ടു വീഡിയോ ഇറക്കിയിരിക്കുകയാണ് പ്രവർത്തകർ.

ബാങ്കുവിളി കേട്ട് ഭയന്നോടുന്ന പെൺകുട്ടിയെയാണ് വീഡിയോയിലൂടെ ബിജെപി ചിത്രീകരിക്കുന്നത്. സോഷ്യൽമീഡിയയിലെ ഹിന്ദുത്വ ഗ്രൂപ്പുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.ഗുജറാത്തിൽ വൈകീട്ട് ഏഴിനു ശേഷം സംഭവിക്കാവുന്നത് എന്ന് എഴുതിക്കാണിച്ച ശേഷമാണ് വീഡിയോയിലുള്ള വീഡിയോ.

ഒരു പെൺകുട്ടി റോഡിലൂടെ അതിവേഗത്തിൽ ഭയപ്പെട്ട് നടക്കുന്നു.ബാങ്കുവിളിയോട് സാമ്യമുള്ള ശബ്ദം പശ്ചാത്തലത്തിൽ കേൾക്കുന്നു. തുടർന്ന് അവളുടെ മാതാപിതാക്കൾ ഉത്കണ്ഠയോടെ വീട്ടിൽ കാത്തിരിക്കുന്നതും കാണിക്കുന്നു.വീട്ടിലെത്തിയ പെൺകുട്ടിയെ അമ്മ ഓടിവന്ന് കെട്ടിപ്പിടിക്കുന്നു. അച്ഛൻ അവളെ ആശ്വസിപ്പിക്കുന്നതിനായി നെറുകയിൽ തലോടുന്നു.തുടർന്ന് അമ്മയുടെ ചോദ്യം ഇങ്ങനെ: ഗുജറാത്തിൽ ഇങ്ങനെ സംഭവിക്കുമോ എന്ന് നിങ്ങൾ കരുതുന്നുണ്ടോ?.22 വർഷങ്ങൾക്ക് മുമ്പ് ഇത് പതിവായിരുന്നുവെന്നും അവർ വന്നാൽ ഇത് വീണ്ടും സംഭവിക്കുമെന്നുമായിരുന്നു അച്ഛന്റെ മറുപടി. ഭയപ്പെടേണ്ടതില്ല, മോദി ഇവിടെയുണ്ട്. ആരും വരില്ലെന്നും പറഞ്ഞ് അവർ മകളെ ആശ്വസിപ്പിക്കുന്നു ഇതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം വളർത്തുന്ന ഈ വീഡിയോ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ഗോവിന്ദ് പാർമർ തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നൽകി. മുസ്ലിങ്ങളെ ഭയക്കണമെന്ന വ്യക്തമായ സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും അത് പ്രചരിപ്പിക്കുന്നത് തടയണമെന്നും അഡ്വ. പാർമർ പരാതിയിൽ ആവശ്യപ്പെടുന്നു.