ചണ്ഡിഗഢ്: ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ ശല്യപ്പെടുത്തിയ കേസിൽ ഹരിയാന
 ബിജെപി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബരാലയുടെ മകൻ വികാസ് ബറാല അറസ്റ്റിലായി. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്.

22 കാരനായ വികാസ് ബറാലയും സുഹൃത്ത് ആശിഷ് കുമാറും ചേർന്നു യുവതിയെ കാറിൽ പിന്തുടർന്നു ശല്യപ്പെടുത്തിയെന്നാണു കേസ്. കാറിൽ സഞ്ചരിക്കുകയായിരുന്നു യുവതിയെ മറ്റൊരു കാറിൽ വികാസും സുഹൃത്തും പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യം കഴിഞ്ഞദിവസം പൊലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വികാസിനെ അറസ്റ്റു ചെയ്തത്.

വിഷയം പാർലമെന്റിൽ ഉൾപ്പെടെ പ്രതിപക്ഷം ആയുധമാക്കിയതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. അന്വേഷണം ഊർജിതമാണെന്നും പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വിരേന്ദർ കുണ്ഡുവിന്റെ മകൾ വർണികയെയാണു യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. കേസിൽ ബിജെപി ഇടപെട്ടെന്നു പ്രതിപക്ഷം ആരോപിച്ചതോടെ പ്രതികരണവുമായി സുഭാഷ് ബറാല രംഗത്തെത്തി.

വർണിക തനിക്കു മകളെപ്പോലെയാണെന്നും കേസിൽ യാതൊരുവിധ സമ്മർദ്ദവും ചെലുത്തില്ലെന്നും സുഭാഷ് ബറാല പറഞ്ഞു. ഇതിനിടെ, സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു രാജി വയ്ക്കാനുള്ള സന്നദ്ധതയും സുഭാഷ് ബരാല ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ അറിയിച്ചു.

യുവതിയെ അർധരാത്രി കിലോമീറ്ററുകളോളം പിന്തുടരുകയും തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നായിരുന്നു ആദ്യം പൊലീസ് നിലപാടെടുത്തത്. പ്രദേശത്തെ ആറു സിസിടിവി ക്യാമറകൾ കേടാണെന്നും ദൃശ്യങ്ങൾ ലഭ്യമല്ലെന്നും പറഞ്ഞ പൊലീസ്, ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് നടപടികളിലേക്ക് നീങ്ങിയത്.