ചെന്നൈ:  രാഷ്ട്രീയത്തിൽ വന്നത് എന്റെ മതത്തിന് വേണ്ടി സേവനം ചെയ്യാനും പശുക്കളെ സംരക്ഷിക്കാനുമാണെന്ന് ബിജെപി എം എൽ എ. തെലങ്കാനയിലെ എം എൽ എ രാജാ സിങ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. പശുക്കൾ കൊല്ലപ്പെടുന്ന ഈ രാജ്യത്ത് ജീവിക്കാൻ താൽപ്പര്യമില്ലെന്നും രാജ സിങ് കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഭരിക്കുമ്പോൾ എനിക്കെതിരെ 50 കേസുകളെടുത്തു. ഒരു കേസ് കൂടി എനിക്കെതിരെ രജിസ്റ്റർ ചെയ്തതിൽ ദുഃഖമില്ല. എന്നാൽ തെലുങ്കാന സർക്കാരിനോടും മുഖ്യമന്ത്രിയോടും പറയുന്നു, ഞാൻ അവസാനം വരെ എന്റെ ഹിന്ദു സഹോദരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ആയിരം കേസുകൾ എനിക്കെതിരെ രജിസ്റ്റർ ചെയ്യൂ. അല്ലെങ്കിൽ എന്നെ കൊല്ലൂ-എംഎൽഎ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നിരവധി പ്രകോപന പ്രസംഗങ്ങൾ നടത്തിയിട്ടുള്ള ബിജെപി എംഎൽഎയാണ് രാജ സിങ്. ഹൈദരാബാദിലെ ചില പഴയ നഗരങ്ങൾ പാക്കിസ്ഥാന് തുല്യമാണെന്ന് പറഞ്ഞതിനെതിരെയും വന്ദേമാതരം ചെല്ലാത്തവർക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പറഞ്ഞതിനെതിരെയും ഉൾപ്പെടെ നിരവധി പ്രകോപന പ്രസംഗങ്ങളുടെ പേരിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. രാജ്യത്തെ ഭരണഘടനയ്ക്കോ നിയമങ്ങൾക്കോ പോലും താൻ പ്രാമുഖ്യം കൊടുക്കുന്നില്ലെന്നുവരെ രാജസിങ് മുമ്പ് പറഞ്ഞിട്ടുണ്ട്.