കോട്ടയം: ശബരിമലയിൽ പൊലീസ് നിയന്ത്രണം കർശനമായ സാഹചര്യത്തിൽ തുലാമാസ പൂജയ്ക്കും ആട്ടച്ചിത്തിരയ്ക്കും നടതുറന്നപ്പോഴുണ്ടായ സാഹചര്യമല്ല നിലവിലുള്ളത്. ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും സംഘർഭരിതമായ സാഹചര്യം ഇല്ലാതാക്കാൻ കഴിയുന്ന വിധത്തിലാണ് സജ്ജീകരണങ്ങൾ. രണ്ട് തവണ മുമ്പ് നട തുറന്നപ്പോഴും സംഘർഷഭരിതമായി സാഹചര്യം സംജാതമായപ്പോൾ അവിടങ്ങളിൽ ബിജെപി നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അവസ്ഥ തിരിച്ചടാണ്. ബിജെപി നേതാക്കളെ സന്നിധാനത്തേക്ക് കടത്തിവിടുന്നില്ല. മുമ്പുണ്ടായ പ്രശ്‌നങ്ങളുടെ സാഹചര്യത്തിലാണ് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

ഇങ്ങനെ ബിജെപി നേതാക്കളെ മുൻകുരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റു ചെയ്യാൻ പൊലീസ് തുനിഞ്ഞതോടെ ബിജെപി ശബരിമല വിഷയത്തിൽ അടവുമാറ്റുന്നു. ഓരോ ദിവസവും ഓരോ ദേശീയ നേതാക്കളെ സന്നിധാനത്ത് എത്തിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന നേതാക്കളോട് ദാക്ഷിണ്യം ഉണ്ടാകില്ലെന്ന കൃത്യമായ വിവരം സുരേന്ദ്രന്റെ അറസ്‌റ്റോടെ ഉണ്ടായി. ഈ സാഹചര്യത്തിലാണ് ബിജെപി ദേശീയ നേതൃത്വം അടവുമാറ്റുന്നത്.

ദേശീയ നേതാക്കൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരും ശബരിമലയിൽ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അറിയിച്ചു. ഓരോ ദിവസവും ഒരോ നേതാക്കൾ എന്ന നിലയിലായിരിക്കും വരവ്. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കൂടുതൽ സമരപരിപാടികൾ എന്ന നിലയിലാണ് ബിജെപിയുടെ തുടർന്നുള്ള നീക്കങ്ങൾ. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പത്തനംതിട്ടയിൽ ധർണ നടത്തുന്നത്.

സന്നിധാനത്ത് വിരിവെക്കുകയെന്നത് അടിസ്ഥാന ആവശ്യമാണ്. പമ്പയിലും എരുമേലിയിലും സന്നിധാനത്തും കുടിവെള്ളം ലഭ്യമല്ല, വഴിവിഴക്കുകളില്ല. എല്ലാ സൗകര്യങ്ങളും സന്നനിധാനത്ത് വിന്യസിച്ച 7,000 പൊലീസുകാർക്കു വേണ്ടി മാറ്റിയിരിക്കുകയാണ് - അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കാര്യങ്ങൾ അപകടകരമായ രീതിയിലേക്ക് പോകുന്നു. പ്രശ്‌നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇന്നത്തെ പ്രതിഷേധങ്ങളെല്ലാം സമാധാനപരമാണെന്നും പോരാട്ടം തുടരുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.

കെ. സുരേന്ദ്രന്റേത് നിയമ വിരുദ്ധമായ അറസ്റ്റാണ്. സുരേന്ദ്രൻ പൊലീസിനെ ഉപദ്രവിക്കാത്ത സാഹചര്യത്തിൽ കരുതൽ തടങ്കലിനുള്ള സാഹചര്യമില്ല. കേരള സർക്കാരിന്റെ നിയമവിരുദ്ധ നടപടികൾക്കെതിരെ ജനങ്ങൾ മുന്നോട്ട് വരണം. പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുമെന്നും പിള്ള കൂട്ടിച്ചേർത്തു. ശബരിമലയിലേക്കു പോകുന്ന ബിജെപി സംസ്ഥാന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര നേതാക്കളെ ഇറക്കിയാൽ പൊലീസിനെ വരുതിയിലാക്കാമെന്നു ബിജെപി നേതൃത്വം കരുതുന്നത്. ദേശീയ നേതാക്കൾ സ്ഥലത്തെത്തുമ്പോൾ അത് പൊലീസിനും സംസ്ഥാന സർക്കാറിനും കൂടുതൽ തലവേദന സൃഷ്ടിക്കുകയും ചെയ്യും.

നിലവിൽ ശബരിമലയിൽ രാത്രിക്ക് പുറമെ തീർത്ഥാടകർക്ക് ശബരിമലയിൽ പകലും നിയന്ത്രണമേർപ്പെടുത്തുവാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് കുറയ്ക്കുന്നതിനായാണ് ഇത്തരം തീരുമാനം. അതേസമയം, ഇന്ന് സന്നിധാനത്ത് ഭക്തജനത്തിരക്ക് കുറവാണുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ച ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി. ശശികല ഇന്ന് വൈകിട്ട് ശബരിമല സന്ദർശിക്കും. പൊലീസ് അവരെ തടയില്ല. മല കയറിയാൽ ദർശനം കഴിഞ്ഞാലുടനെ താഴെ ഇറങ്ങാമെന്ന് ഇന്നലെ തിരുവല്ല മജിസ്ട്രേറ്റിന് മുമ്പാകെ അവർ എഴുതി നൽകിയിരിക്കുന്നത്. അതനുസരിച്ച് ദർശനം നടത്തി അവർ താഴെ ഇറങ്ങുമെന്നാണ് കരുതുന്നത്.

അതിനിടെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ എടുത്തുമാറ്റാന്നതിന് ബിജെപി നിയമവഴിയും തേടുന്നുണ്ട്. പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകും. പൊലീസ് ക്രമസമാധാനപ്രശ്നങ്ങളുടെ പേരിൽ തീർത്ഥാടകരുടെ അവകാശങ്ങളിൽ പൊലീസ് ഇടപെടുന്നുവെന്ന് കാണിച്ചാണ് ബിജെപി ഹർജി നൽകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ഇരുമുടിക്കെട്ടുണ്ടായിട്ടും പോകാൻ അനുവദിച്ചില്ലെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉന്നയിച്ച് ബിജെപി, സംഘപരിവാർ നേതാക്കളെ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും.

ശബരിമലയിലെ പൊലീസ് നിയന്ത്രത്തിനെതിരെ ശബരിമല കർമ്മസമിതി ഗവർണറുമായി കൂടിക്കാഴ്ച നടത്തും. പൊലീസിന്റെ നിയന്ത്രണം ഭക്തരെ വലയ്ക്കുന്നുവെന്നാണ് കകർമ്മ സമിതിയുടെ പരാതി. ഇന്ന് ഇടുക്കിയിൽ ചില പരിപാടികൾ ഉള്ള ഗവർണർ ഇന്ന് രാത്രി കോട്ടയം ഗസ്റ്റ് ഹൗസിൽ വച്ചയാരിക്കും കൂടിക്കാഴ്ച നടത്തുന്നത്. ശബരിമല സന്നിധാനത്ത് പൊലീസിന്റെ നിയന്ത്രണങ്ങളിൽ ദേവസ്വംബോർഡും മന്ത്രി കടകംപള്ളി സുരേന്ദ്രനും കടുത്ത എതിർപ്പ് അറിയിച്ചതോടെ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വരുത്താൻ പൊലീസ് തയ്യാറായി. എന്നാൽ രാത്രി നെയ്യഭിഷേകമോ, പടിപൂജയോ ബുക്ക് ചെയ്യാത്തവർക്കോ, വൃദ്ധരും ശാരീരിക അവശതകളുമുള്ളവരുമല്ലാത്തവർക്കോ സന്നിധാനത്ത് ഇപ്പോഴും തുടരാൻ അനുമതിയില്ല. സന്നിധാനത്ത് തുടരാൻ പൊലീസ് അനുമതി നൽകിയവർക്ക് വിരിവയ്ക്കുന്നതിനുൾപ്പടെ അനുവാദവുമുണ്ട്.