ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത് താൽകാലിക ജീവനക്കാരെ ദേവസ്വം ബോർഡ് നിയമിക്കുക പതിവാണ്. ഇത്തവണയും അത് നടന്നു കഴിഞ്ഞു. എന്നാൽ സുപ്രീംകോടതിയിലെ സ്ത്രീ പ്രവേശന ഉത്തരവിന്റെ പശ്ചാത്തലത്തിൽ കരുതലോടെയാണ് കരുനീക്കം. സ്ത്രീ പ്രവേശനം തടയാനെത്തുന്നവരെ അതേ നാണയത്തിൽ തിരിച്ചിടിച്ച് സ്ത്രീ പ്രവേശനം സാധ്യമാക്കാനാണ് നീക്കം. അതിനിടെ ആത്മഹൂതി നടത്തിയും ആഛാരം സംരക്ഷിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറും പറഞ്ഞു. ഇതോടെ ഈ മണ്ഡലകാലത്ത് ശബരിമലയിൽ കാര്യങ്ങൾ പ്രവചനാതീതമാകുകയാണ്.

ദിവസ വേതനക്കാരെ നിയമിച്ച് സന്നിധാനത്തു സിപിഎം നിയന്ത്രണം ഉറപ്പാക്കാൻ സർക്കാർ നീക്കം തുടങ്ങിയത് വലിയ ചർച്ചകൾക്ക് വഴി വയ്ക്കുന്നുണ്ട്. മണ്ഡല മകരവിളക്കു കാലത്തേക്ക് 1680 പേരെയാണ് ഇത്തവണ ദേവസ്വം ബോർഡ് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നത്. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കും. ഇവരെല്ലാം കടുത്ത പാർട്ടി അനുഭാവികളാകും. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരെ സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. ദിവസവേതനത്തിന് എടുക്കുന്നവർക്കു തീർത്ഥാടന കാലം കഴിയും വരെ സന്നിധാനത്തു തങ്ങാൻ പറ്റും. അവർക്കു .ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോർഡാണ് ഒരുക്കുന്നത്. അതായത് സംഘപരിവാർ പ്രതിഷേധത്തെ പ്രതിരോധിക്കാൻ സിപിഎമ്മുകാരെ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് സിപിഎം എത്തിക്കും.

അരവണ തയാറാക്കൽ, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫിസ്, ഗെസ്റ്റ്ഹൗസ്, തീർത്ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികൾക്കുമാണ് താൽകാലിക ജീവനക്കാരെ നിയോഗിക്കുക. ഇങ്ങനെ നിയമിക്കപ്പെടുന്നവർ സിപിഎം അല്ലെങ്കിൽ ഇടതുപക്ഷ പ്രവർത്തകർ ആകണമെന്നു ദേവസ്വം ബോർഡിനു സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തീർത്ഥാടനകാലത്ത് പരിവാറുകാർ സന്നിധാനത്ത് തമ്പടിച്ചാൽ അവരെ കണ്ടെത്തുന്നതിനും മറ്റുമാണ് ഈ നീക്കം. തന്ത്രിയും മേൽശാന്തിയും പരികർമ്മിയും പ്രതിഷേധത്തിന് ഇറങ്ങിയാൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് താൽകാലിക്കാർ രംഗത്ത് വരും.

യുവതീപ്രവേശം സംബന്ധിച്ച കോടതി വിധി നടപ്പാക്കാനുള്ള സർക്കാർ നീക്കം വിശ്വാസികളുടെ എതിർപ്പിനെ തുടർന്നു പരാജയപ്പെട്ടിരുന്നു. സന്നിധാനത്തു വിശ്വാസികളായി സംഘടിച്ചതു സംഘപരിവാർ പ്രവർത്തകരാണെന്നാണു പൊലീസ് നൽകിയ റിപ്പോർട്ട്. എൽഡിഎഫ് അനുഭാവികളാരും ഇല്ലാഞ്ഞതിനാൽ പൊലീസിനു പിൻബലം നൽകാൻ ആരുമില്ലായിരുന്നുവെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. സന്നിധാനത്ത് ആർഎസ് എസുകാർ എത്തിയാൽ അവരെ ഡിവൈഎഫ് ഐക്കാരെ കൊണ്ട് നേരിടും. അതിന് ശേഷം സന്നിധാനത്ത് പൊലീസ് സംഘർഷമുണ്ടാക്കിയില്ലെന്നും എല്ലാത്തിനും പിന്നിൽ ഭക്തരുടെ രണ്ട് വിഭാഗമാണെന്ന് വരുത്താനും ശ്രമിക്കും.

അഥിനിടെ നവംബർ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നാൽ ആനിമിഷം കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായ കെ.പി.ശശികല പറഞ്ഞു. വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും ശബരിമലയിലേക്ക് യുവതികൾ കയറുന്നത് തടയുമെന്നും അവർ പറഞ്ഞു. ശബരിമല കർമസമിതിയുടെ ധർമസംഗമം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല. സർക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബോർഡ് വിശ്വാസികൾക്ക് ആവശ്യമില്ല. വിശ്വാസികളുടെ കാര്യം വിശ്വാസികൾ തീരുമാനിക്കും. ശബരിമലയിലും ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലും നയാപൈസയിടില്ലെന്ന് വിശ്വാസികൾ പ്രതിജ്ഞയെടുക്കണമെന്നും ശശികല പറയുന്നു. ശബരിമലയിലൊഴികെ ഒരു കോടതി വിധിയും ഈ സർക്കാർ നടപ്പിലാക്കിയെന്നാണ് പരിവാറുകാർ പറയുന്നത്.

ഇതുവരെ ഇടതുപക്ഷം ഭരിച്ചപ്പോഴൊന്നും ദേവസ്വം ബോർഡ് ശബരിമലയിൽ ആചാരപരിഷ്‌കരണത്തിന് എന്തുകൊണ്ട് മുന്നോട്ടുവന്നില്ല. ശബരിമലയിൽ യുവതീപ്രവേശനത്തിനായി എസ്.എഫ്.ഐ.യോ ഡിവൈഎഫ്ഐ.യോ എന്തുകൊണ്ട് സമരം നടത്തിയില്ല. ഇടതുമുന്നണി പ്രകടനപത്രികയിൽ പരാമർശിക്കാത്ത ശബരിമലയിലെ യുവതീപ്രവേശനമാണ് കോടതിവിധിയുടെ പേരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. സെൻകുമാറിന് ഡി.ജി.പി. സ്ഥാനം തിരികെ നൽകണമെന്ന കോടതിവിധി നടപ്പാക്കാൻ അമാന്തം കാണിച്ച സർക്കാരാണിത്. കോടതിയുടെ വിമർശമുണ്ടായപ്പോൾ മാത്രമാണ് അത് നടപ്പാക്കിയത്. പാതയോരത്തെ മദ്യശാലകൾക്കെതിരായ വിധി നടപ്പാക്കാനും സർക്കാരിന് താത്പര്യമുണ്ടായില്ല.

എന്നാൽ ശബരിമലയുടെ കാര്യത്തിൽ അടുത്തദിവസം തന്നെ വിധി നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. ആചാരം പരിഷ്‌കരിക്കുന്നതിന് ആരും എതിരല്ല. അനാചാരം പരിഷ്‌കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. തന്ത്രിയാണ് വിഗ്രഹഭാവവും ആചാരവും നിശ്ചയിക്കുന്നത്. അഞ്ചുകൊല്ലം കൂടുമ്പോൾ മാറിവരുന്ന മന്ത്രിയല്ല-ശശികല പറഞ്ഞു.