തിരുവനന്തപുരം:ക്രൈസ്തവ സഭകളെ ഒപ്പം നിർത്താൻ വിപുലമായ പദ്ധതികളാണ് ബിജെപി ആവിഷ്‌കരിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ക്രൈസ്തവ സമുദായത്തിൽ പാർട്ടിയുടെ സ്വാധീനം പരമാവധി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയവുമായി (എൻ.ഇ.പി.) ബന്ധപ്പെട്ട് ക്രൈസ്തവസഭകളുമായും അവരുടെ വിവിധ മാനേജ്‌മെന്റുകളുമായും ബിജെപി. സംവാദം ഒരുക്കുന്നു. 19-ന് എറണാകുളത്ത് എൻ.ഇ.പി. കോൺക്ലേവ് എന്ന പേരിലാണ് സംവാദത്തിനു വേദിയൊരുക്കിയിരിക്കുന്നത്. ബിജെപി. കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പരിപാടി. ഹിന്ദു, മുസ്‌ലിം മാനേജ്‌മെന്റുകളുടെ പ്രതിനിധികളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ക്രൈസ്തവ സഭകളുമായുള്ള സംവാദമാണ് പ്രധാനമായും ബിജെപി. ലക്ഷ്യമിടുന്നത്. കോൺക്ലേവിന്റെ സംഘാടനച്ചുമതല ന്യൂനപക്ഷമോർച്ച സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിച്ചതിൽനിന്ന് ഇതു വ്യക്തമാണ്.

കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ ഗുണവശങ്ങളെ, ബിജെപി. ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ അവരുടെ പദ്ധതിയായി അവതരിപ്പിക്കുന്നതിനുമുമ്പ് അതിന്റെ വിശദാംശങ്ങൾ ചർച്ചയാക്കണമെന്ന് ബിജെപി. കേന്ദ്രനേതൃത്വം നിർദേശിച്ചതായാണ് വിവരം. 150 പേർക്കുമാത്രമാണ് കോൺക്ലേവിൽ പ്രവേശനം.

കേന്ദ്രമന്ത്രിമാർ, യുജിസി., എൻ.സി.ഇ.ആർ.ടി., എ.ഐ.സി.ടി.ഇ., കേന്ദ്രീയവിദ്യാലയ, എൻ.ഐ.ഒ.എസ്. തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. ജെ.എൻ.യു. അടക്കമുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാരെയും കൊണ്ടുവരുമെന്നാണ് അറിയുന്നത്. മാനേജ്‌മെന്റുകളുടെ പ്രതിനിധികൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള സൗകര്യമുണ്ടാകും. വിവിധ വിദ്യാഭ്യാസ ഏജൻസികൾ വഴിയുള്ള കേന്ദ്രസർക്കാർ ഗ്രാന്റുകൾ കോൺക്ലേവിൽ പരിചയപ്പെടുത്തും.

കേന്ദ്രസർക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ക്രൈസ്തവ സഭകളുടെ ലക്ഷ്യം. ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ ആവർത്തിക്കരുത്. അനാവശ്യ ഭീതി ഒഴിവാക്കി കേന്ദ്രസർക്കാരുമായി മെച്ചപ്പെട്ട ബന്ധവും സൗഹൃദവുമാണ് ലക്ഷ്യം. ഇതിന് ഇത്തരം കൂടിക്കാഴ്ചകൾ വഴിയൊരുക്കുമെന്നാണ് ബിജെപിയും കേന്ദ്രസർക്കാരും പ്രകീക്ഷിക്കുന്നത്.