കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധവും കരിങ്കൊടിയും ഭയന്ന് സുരക്ഷ വർദ്ധിപ്പിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ മലപ്പുറം മുതൽ കോഴിക്കോട് വരെ വഴിനീളെ പ്രതിഷേധം. മലപ്പുറം കുര്യാട് കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും കോട്ടക്കലിൽ യൂത്ത് ലീഗ് പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മലപ്പുറം പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കോഴിക്കോട് പന്തീരങ്കാവ് കൊടൽ നടക്കാവിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

തവനൂരിൽ യൂത്ത് ലീഗ്, കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിനാളുകളാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.

രാവിലെ കുന്നംകുളത്ത് മുഖ്യമന്ത്രിയെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനായി തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രിയെ കുന്നംകുളം ബഥനി സ്‌കൂളിനു സമീപത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. ഇടവഴിയിൽ മറഞ്ഞു നിന്ന ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. നാല് പേരെ അറസ്റ്റ് ചെയ്തു.

കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കറുത്ത മാസ്‌ക് ധരിച്ച് തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടന ചടങ്ങിനെത്തിയവരെയും പൊലീസ് തടഞ്ഞു. പകരം മഞ്ഞ മാസ്‌ക് നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ടും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മലപ്പുറത്തെ രണ്ട് പരിപാടികൾക്കും ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുള്ള അമിത സുരക്ഷാ ക്രമീകരണത്തിനെതിരെ പ്രതിഷേധമുയർന്നെങ്കിലും പൊലീസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. 700 ലേറെ പൊലീസുകാരെ വിന്യസിച്ചാണ് മലപ്പുറത്ത് കേരളാ പൊലീസ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതെങ്കിൽ 500 ലേറെ പൊലീസുകാരെയാണ് കോഴിക്കോട് വിന്യസിച്ചിരിക്കുന്നത്.

വാഹനങ്ങൾ മണിക്കൂറുകൾക്ക് മുമ്പ് തടഞ്ഞും ജനങ്ങളുടെ കറുത്ത് മാസ്‌ക് അടക്കം മാറ്റിച്ചുമാണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷയൊരുക്കിയത്. സമാനമായ രീതിയിലാണ് കോഴിക്കോട്ടും പൊലീസ് വിന്യാസവും സുരക്ഷാ ക്രമീകരണവും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന രൂപതാ ശതാബ്ദി പരിപാടിയിലടക്കം കറുപ്പ് ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പരിപാടിയിലേക്ക് കറുത്ത മാസ്‌കോ ഷാളോ ധരിച്ച് ഇടവകകളിൽനിന്ന് വിശ്വാസികൾ വരുന്നത് ഒഴിവാക്കണമെന്നാണ് രൂപതാ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നു വൈകീട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് എത്തുന്നവർക്കാണ് നിർദ്ദേശം.

കറുത്ത മാസ്‌കുകളോ ഷാളുകളോ ധരിക്കരുതെന്ന പൊലീസ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസികൾക്ക് വാട്സാപ്പ് വഴിയാണ് വോളണ്ടിയേഴ്സ് കമ്മിറ്റി നിർദ്ദേശം നൽകിയത്. പരിപാടിയിലേക്ക് പുറത്തുനിന്ന് പ്രതിഷേധക്കാർ വന്നേക്കുമെന്ന ആശങ്കയുണ്ട്. ആ സാഹചര്യത്തിൽ വിശ്വാസികൾ ഏതെങ്കിലും വിധത്തിൽ തർക്കത്തിൽ ഭാഗമാകേണ്ടതില്ലെന്നതുകൊണ്ടാണ് നിർദ്ദേശം നൽകിയതെന്നാണ് രൂപതാ അധികൃതർ പറയുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു പരിപാടികളിലെല്ലാം കറുപ്പ് മാസ്‌കിന് വരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കറുപ്പ് ഒഴിവാക്കി ചടങ്ങിനെത്തണമെന്ന് രൂപതാ അധികൃതർ തന്നെ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയത്.

കോഴിക്കോട് ജില്ലയിൽ 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 11 ഡിവൈഎസ്‌പി മാരും 30 എസ് ഐമാരും സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. രാമനാട്ടുകര മുതൽ മാഹി വരെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വേദികളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.

ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്റ ഹോട്ടലിൽ നടക്കുന്ന പുസ്തക പ്രകാശനമാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. തുടർന്ന് നാലുമണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടക്കും. 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പരിപാടികൾക്ക് ഒരു മണിക്കൂർ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നാണ് നിർദ്ദേശം. മാധ്യമ പ്രവർത്തകർക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്.

സ്വപ്ന സുരേഷ്, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ അതീ സുരക്ഷാ വിന്യാസമാണ് പൊലീസ് ഉറപ്പ് വരുത്തുന്നത്. എന്നിരുന്നാലും യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ്, യുവമോർച്ച പ്രവർത്തകർ പലയിടത്തും പ്രതിഷേധമുയർത്തി. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ട് പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. മലപ്പുറത്ത് പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്‌ക്കുകൾ അഴിപ്പിച്ചിരുന്നു.