കണ്ണൂർ: പത്തു ലക്ഷം രൂപയുടെ അസാധു നോട്ടുകൾ കൊടുത്താൽ ഇനി അഞ്ചു ലക്ഷം രൂപ മാത്രം മടക്കിക്കിട്ടും. റിസർവ്വ് ബാങ്കോ സർക്കാരോ അല്ല ഈ പ്രഖ്യാപനവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും കറൻസി നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് കള്ളപ്പണം വെളുപ്പിച്ചു നൽകുന്ന സംഘങ്ങളാണ് തങ്ങളുടെ കമ്മീഷൻ 50 ശതമാനമായി ഉയർത്തിയിരിക്കുന്നത്.

അസാധു നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കുന്നതിന്റെ അവസാന ദിവസം ഡിസംബർ 30 ആണെന്നാണ് കേന്ദ്ര സർക്കാറിന്റെ നിലവിലുള്ള പ്രഖ്യാപനം. ആ ദിവസം അടുക്കുന്തോറും കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുടെ കമ്മീഷൻ വർധിച്ചുവരികയാണ്. നേരത്തേ ആയിരം നൽകിയാൽ 700 തിരിച്ചു നല്കിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ 500 മാത്രമാക്കിയിരിക്കുന്നത്. 70 ശതമാനം തുക 50 ശതമാനമാക്കി കുറച്ചാണ് കറൻസി മാഫിയകൾ പിടിമുറുക്കുന്നത്. കണ്ണൂർ- കാസർഗോഡ് ജില്ലകളിലും കർണ്ണാടകത്തിലെ ഉത്തര -ദക്ഷിണ കന്നഡ ജില്ലകളിലും ഉഡുപ്പിയും കേന്ദ്രീകരിച്ചാണ് ഇത്തരം വ്യാപാരം നടക്കുന്നത്.

നോട്ട് അസാധുവാക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ കാസർഗോഡ് ഇത്തരം വ്യാപാരം ആരംഭിച്ചിരുന്നു. ആദ്യം ഒരു കോടി രൂപക്ക് 75 ശതമാനം വരെ തുക നൽകിയിരുന്നപ്പോൾ പിന്നീടത് 70 ശതമാനമാക്കി. ഒരു കോടി രൂപക്ക് 70 ലക്ഷം രൂപയോ അത്രയും തുകക്കുള്ള സ്വർണ്ണമോ ഏതാണ് താത്പര്യമെന്ന് കണക്കാക്കിയും ഇത്തരം അനധികൃത ഇടപാടുകൾ തകൃതിയായി നടന്നിരുന്നു. മംഗളൂരു കേന്ദ്രീകരിച്ചാണ് പുത്തൻ കറൻസി നോട്ടുകൾ കേരളത്തിലേക്ക് ഒഴുകിയതെന്നാണ് സൂചന. അനധികൃത പണം സ്വരൂപിച്ച് വച്ചവർ ആദ്യമാദ്യം ഇത്തരം ഇടപാടുകളിൽ താത്പര്യം കാണിച്ചിരുന്നില്ല. കള്ളപ്പണ വേട്ട ശക്തമായപ്പോൾ ഇടനിലക്കാരെത്തേടി കയ്യിലുള്ള പണം 2000 രൂപയുടെ പുത്തൻ നോട്ടുകളായി മാറ്റിയിരുന്നു. ഇത്തരം വ്യാപാരത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ 30 ലക്ഷം രൂപയുടെ ഇടപാടു നടത്തവേ കാസർഗോട്ടെ സംഘം പിടിയിലായിരുന്നു.

അസാധു നോട്ടുകൾക്ക് പകരം 2000 ന്റെ പുത്തൻ നോട്ടുകളാണ് പകരം നൽകി വന്നത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലേക്കും ഇത്തരം സംഘം പ്രവർത്തിച്ചിരുന്നു. 14.78 ലക്ഷം രൂപയുടെ പുത്തൻ 2000 ന്റെ നോട്ടുകളാണ് പിണറായി സ്വദേശികളായ ഷബീർ, ഷൈഷാദ് എന്നിവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കാസർഗോഡും മംഗളൂരുവിലും ഉഡുപ്പിയിലും പിടിയിലായവരിൽ നിന്നു ലഭിച്ചതും 2000 രൂപയുടെ പുത്തൻ നോട്ടുകൾ തന്നെ. ബാങ്കുകളിൽ നിന്നും ആഴ്ചയിലൊരിക്കൽ 24,000 രൂപ മാത്രം പിൻവലിക്കാമെന്നിരിക്കേ ലക്ഷങ്ങളുടെ പുത്തൻ 2000 രൂപ നോട്ടുകൾ ഉത്തര കേരളത്തിലും ദക്ഷിണ കന്നഡ ജില്ലകളിലും മാഫിയാ സംഘങ്ങൾക്ക് എത്തിച്ചേരുന്നത് എങ്ങനെയെന്ന് വ്യക്തമാവുന്നില്ല. ദക്ഷിണ കന്നഡ മുതൽ കണ്ണൂർ വരെ നീളുന്ന കറൻസി മാഫിയാ ഇടനാഴിയിൽ ഒട്ടേറെ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

കോടിക്കണക്കിന് രൂപയുടെ പുത്തൻ കറൻസി നോട്ടുകൾ ഇത്തരം സംഘങ്ങൾ ദൈനംദിനം വിനിമയം ചെയ്യപ്പെടുകയാണ്. ബാങ്ക് അധികൃതരും എ.ടി.എമ്മുകളിൽ കറൻസി നിക്ഷേപിക്കുന്ന ഏജൻസികളും അറിയാതെ ഇതു നടക്കില്ലെന്നാണ് അറിയുന്നത്. പൊലീസ് അന്വേഷണത്തിന് പുറമേ രഹസ്യാന്വേഷണ വിഭാഗവും ആദായനികുതി വകുപ്പും സമാന്തരമായി അന്വേഷണം തുടരുന്നുണ്ടെങ്കിലും പുത്തൻ നോട്ട് ചോർച്ചയുടെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. ഒരു കോടി രൂപക്ക് 30 ലക്ഷം രൂപയുടെ കമ്മീഷൻ മാത്രം നൽകി ഈ രംഗത്ത് നിലയുറപ്പിച്ചവർ ഇപ്പോൾ 50 ശതമാനം കമ്മീഷനാക്കി ഉയർത്തിയെങ്കിലും ഇടപാടുകൾക്ക് കുറവ് വന്നിട്ടില്ലെന്നാണ് അറിയുന്നത്.

ഇനിയുള്ള ദിവസങ്ങളിൽ നിയമം കുറേക്കൂടി കർശനമാകുമെന്ന ധാരണയിൽ 50 ശതമാനം കുറവിൽ പഴയ നോട്ടുകൾ നൽകി ഉള്ള സമ്പാദ്യം ഉറപ്പിക്കാനാണ് സമ്പന്നർ ഒരുങ്ങുന്നത്. ഇതിലൂടെ കോടികൾ കൊയ്യുന്ന സംഘങ്ങൾ പിടികൂടപ്പെട്ടത് നാമമാത്രമായവർ മാത്രം.