ബറേയ്‌ലി: നോട്ട് അസാധുവാക്കലും ഉത്തർപ്രദേശുമായി ബന്ധമുണ്ടോ? ഉണ്ടെന്നാണ് വയ്‌പ്പ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളപ്പണമൊഴുക്കി ജനമനസ്സ് പിടിക്കാനുള്ള ശ്രമം തടയാനാണ് അപ്രതീക്ഷിത നോട്ട് നിരോധനമെന്ന് കരുതുന്നവരുണ്ട്. ഏതായാലും ഇത് ശരിവയ്ക്കുന്ന സൂചനകൾ കിട്ടിതുടങ്ങി. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ നടപടിക്ക് പിന്നാലെ ഉത്തർപ്രദേശിലെ ബറേയ്‌ലിയിൽ ചാക്കുകളിൽ നിറച്ച നോട്ടുകൾ കത്തിച്ച നിലയിൽ കണ്ടെത്തി.

റോഡരികിലാണ് കത്തിക്കരിഞ്ഞ നോട്ടുകൾ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ ചാക്കിലാക്കി കൊണ്ടുവന്ന് കത്തിച്ചതെന്നന്നാണ് സൂചന. നോട്ടുകൾ കേടുവരുത്തിയതിന് ശേഷമാണ് കത്തിച്ചതെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച് റിസർവ് ബാങ്ക് അധികൃതരെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബറേയ്‌ലി പൊലീസ് സൂപ്രണ്ട് പറഞ്ഞു. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ അസാധുവാക്കുന്ന വിവരം കഴിഞ്ഞ ദിവസാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കള്ളപ്പണവും കള്ളനോട്ടും അടക്കമുള്ളവ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. എന്നാൽ യുപി രാഷ്ട്രീയവും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

ആയിരം, 500 രൂപ നോട്ടുകൾ നൂറു രൂപയുടെ ചില്ലറയാക്കാൻ പലേടത്തും 100 രൂപ വീതം അനധികൃതമായി കമ്മിഷൻ കൈപ്പറ്റി. കലബുറഗിയിലും മറ്റും 500 രൂപ ചില്ലറയാക്കാൻ നൽകിയവർക്കു കമ്മിഷൻ ഏജന്റുമാർ തിരികെ നൽകിയത് നാലു നൂറിന്റെ നോട്ടുകൾ. 500, 1000 രൂപ നോട്ടുകൾ നൂറിന്റേതാക്കി നൽകാൻ ചൊവ്വാഴ്ച രാത്രി മുതൽ ഒട്ടേറെ ഏജന്റുമാരാണ് രാജ്യത്തെ പല എടിഎമ്മുകൾക്കു മുന്നിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും നിരന്നത്. കേരളത്തിൽ പച്ചക്കറിക്കാരും ലോട്ടറിക്കാരും ഈ അവസരം ഉപയോഗിക്കുന്നുണ്ട്. കമ്മീഷൻ വാങ്ങി ഇവരും 500 രൂപയും 1000 രൂപയും വാങ്ങുന്നു. ഇതുകൊടുക്കാനും നിരവധിപേരുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള താൽപ്പര്യങ്ങളെയാണ് കമ്മീഷൻ ഏജന്റുമാർ സമർത്ഥമായി ഉപയോഗിക്കുന്നത്.

പച്ചക്കറിക്കാരനും ലോട്ടറിക്കാരനും എത്ര തുകവേണമെങ്കിലും ഒരു ദിവസം ബാങ്കിൽ പോയി മാറ്റിയെടുക്കാം. ഇവർക്ക് പണത്തിന് ഉറവിടം കാണിക്കേണ്ടതുമില്ല. ഈ സാഹര്യമാണ് ഇവർ ഉപയോഗിക്കുന്നത്. ആദായ നികുതി അടയ്ക്കാത്തവർക്കും രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഇതിനെല്ലാം ഉപരി പോസ്റ്റ് ഓഫീസിൽ നിന്ന് നാലായിരം രൂപ വരെ മാറ്റിയെടുക്കാം. ഇവിടെ വലിയ ക്യൂ പ്രതീക്ഷിക്കുന്നുണ്ട്. ഈ ക്യൂ ഒഴിവാക്കാൻ കമ്മീഷൻ പോയാലും കുഴപ്പമില്ലെന്ന് വച്ച് പണം നൽകുകായണ് അതുള്ളവർ.

രാജധാനിയടക്കമുള്ള ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റ് കൂട്ടത്തോടെ ബുക്ക് ചെയ്തു കള്ളപ്പണം വെളുപ്പിക്കാൻ അവസാന ശ്രമവുമായി കള്ളപ്പണക്കാർ. ടിക്കറ്റ് കൂട്ടത്തോടെ ബുക്ക് ചെയ്തശേഷം പിന്നീടു കാൻസൽ ചെയ്താൽ കാൻസലേഷൻ ചാർജ് കഴിച്ചുള്ള പണം വെളുത്തുകിട്ടും. രാജധാനി എക്സ്‌പ്രസിൽ ഇത്തരം കൂട്ട ബുക്കിങ് വ്യാപകമായി നടക്കുന്നതായി വിവരമുണ്ട്. 50 ടിക്കറ്റുകൾക്കു മുകളിൽ ബുക്ക് ചെയ്യാൻ പാൻ കാർഡ് നിർബന്ധമാണ്. നോട്ട് പ്രതിസന്ധി മൂലം വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന രണ്ടു സിനിമകളുടെ റിലീസ് മാറ്റിവച്ചു. നാദിർഷ സംവിധാനം ചെയ്ത ദിലീപ് നിർമ്മിച്ച കട്ടപ്പനയിലെ ഋതിക് റോഷൻ, ധ്യാൻ ശ്രീനിവാസൻ നായകനായ ഒരേ മുഖം എന്നീ സിനിമകളുടെ റിലീസാണ് മാറ്റിയത്.

100 രൂപ നോട്ടുകൾ ആവശ്യത്തിന് വിപണിയിൽ ലഭ്യമാകാത്ത സാഹചര്യത്തിൽ തിയറ്ററുകളിലേയ്ക്ക് ജനം എത്താതെ വരുമോയെന്ന ആശങ്കയിലാണ് റിലീസ് മാറ്റിയത്. ടിക്കറ്റെടുത്താൽ ബാക്കി കൊടുക്കാൻ പണമില്ലാത്ത പ്രശ്‌നം പലയിടത്തുമുണ്ട്. പുതിയ നോട്ടുകൾ ബാങ്കുകളിൽ നിന്ന് എന്നു കിട്ടുമെന്നു വ്യക്തമാകാത്ത സാഹചര്യത്തിൽ! പണം പിടിച്ചു ചെലവഴിക്കാൻ ജനംനിർബന്ധിതരാകുന്ന സാഹചര്യമുണ്ട്. പണമൊഴുക്ക് സുഗമമായ ശേഷം മതി റിലീസെന്ന നിലപാടിലാണ് നിർമ്മാതാക്കൾ. നടൻ ജയറാമിന്റെ മകൻ കാളിദാസൻ നായകനായ ആദ്യ തമിഴ് ചിത്രം മീൻകുഴമ്പും മൺപാനിയും വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും.