കോഴിക്കോട്: 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ചതോടെ ഏറ്റവും തിരിച്ചടിയേറ്റത് ആർക്കാണെന്ന് ചോദിച്ചാൽ വ്യക്തമാകുക കള്ളനോട്ട് മാഫിയക്കും കള്ളപ്പണക്കാർക്കുമാണെന്നത് തീർച്ചയാണ്. സംസ്ഥാന തലത്തിൽ നോക്കുകയാണെങ്കിൽ കേരളത്തെയാണ് ഏറ്റവും കാര്യമായി ബാധിക്കുക. കേരളത്തിൽ പ്രത്യേകിച്ച മലബാർ മേഖലയിൽ കുഴൽപ്പണ മാഫിയ അത്രയ്ക്ക് പിടിമുറുക്കിയിട്ടുണ്ട്. വൻതോതിൽ കള്ളപ്പണം കേരളത്തിൽ എത്തുന്നുണ്ട്. ഇങ്ങനെ എത്തുന്ന പണം നിർമ്മാണ മേഖലയിലേക്കാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ കൊള്ളയടിക്കുന്ന ഈ മാഫിയക്കെതിരെ ശക്തമായി നടപടി തന്നെയാണ് നരേന്ദ്ര മോദിയിൽ നിന്നും ഉണ്ടായത്. അതുകൊണ്ട് കേരളത്തിന്റെ വിപണിയെ തന്നെയാകും ഈ നീക്കം സാരമായി ബാധിക്കുകയും ചെയ്യുക.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ അവലോകന റിപ്പോർട്ടുപ്രകാരം 1990 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലെത്തിയത് 16,800 കോടി രൂപയുടെ കള്ളനോട്ടാണ്. ഹവാല ഇടപാടുകൾ വഴിയാണ് കേരളത്തിൽ കള്ളനോട്ട് എത്തുന്നത്. ഇതിൽ ആയിരംകോടിയിൽത്താഴെ മാത്രമാണ് വിവിധ എജൻസികളും ബാങ്കുകളും വഴി വീണ്ടെടുക്കാനായത്. ശേഷിക്കുന്ന 15,000 കോടിയിൽപരം രൂപയുടെ കള്ളനോട്ടുകൾ വിവിധ ഇടപാടുകളിലൂടെ സംസ്ഥാനത്ത് പ്രചരിക്കുന്നു.

സ്വർണവ്യാപാരം, റിയൽ എസ്റ്റേറ്റ് എന്നിവയിലൂടെയാണ് ഇത്രയും പണം കൈമറിയുന്നത്. നോട്ടിരട്ടിപ്പുസംഘങ്ങളും സജീവമാണ്. ഗൾഫിൽ നിന്നും പ്രവാസികൾ ഇടുന്ന പണം കേരളത്തിൽ എത്തുന്നതും ഇത്തരത്തിൽ നോട്ടിരട്ടിപ്പ് വഴിയാണ്. 2005നു മുൻപുള്ള നോട്ടുകൾ പിൻവലിക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുവഴി 3000 കോടിയിലേറെ രൂപയുടെ നോട്ടുകൾ വിപണിയിൽനിന്ന് അപ്രത്യക്ഷമായി. പ്രാദേശികമായി നിർമ്മിച്ചതും പെട്ടെന്നു തിരിച്ചറിയാൻകഴിയുന്നതുമായിരുന്നു പഴയ കള്ളനോട്ടുകളെങ്കിൽ 1998നുശേഷം പാക്കിസ്ഥാൻനിർമ്മിത കള്ളനോട്ടുകളാണ് സംസ്ഥാനത്ത് വ്യാപകമായത്. ദുബായ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ എത്തിച്ചശേഷമാണ് ഇവ കേരളത്തിലേക്ക് കടത്തിയത്.

1000, 500 മൂല്യത്തിലുള്ള നോട്ടുകളാണ് സംഘം പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇവ നിരോധിക്കപ്പെട്ടതോടെ കള്ളനോട്ടുകളുടെ വ്യാപനം കണിശമായും നിയന്ത്രിക്കപ്പെടും. ബാങ്കുകൾവഴിമാത്രമേ നോട്ടുകൾ മാറ്റാനാവൂ എന്നതിനാൽ ഇവ ഉറവിടത്തിൽത്തന്നെ നശിപ്പിക്കപ്പെടാനാണ് സാധ്യത. വന്മാഫിയകളിൽനിന്ന് സ്ഥലവില്പനയിലൂടെയും മറ്റും ഇത്തരം നോട്ടുകൾ സ്വീകരിച്ച സാധാരണക്കാർക്ക് വൻ തിരിച്ചടിയാവും നോട്ടുകളുടെ പിൻവലിക്കൽ. കള്ളനോട്ടാണെന്ന് അറിയാതെ ബാങ്കിൽ മാറ്റാനെത്തിയാൽ ഇവർ കുടുങ്ങുമെന്ന ആശങ്കയുമുണ്ട്. അതുകൊണ്ട് തന്നെ ബദൽ മാർഗ്ഗങ്ങളും ഇവർ ആലോചിച്ചു തുടങ്ങി.

മലബാറിൽ ആഴത്തിൽ വേരുന്നിയ കുഴൽപ്പണ ഇടപാടുകളെയും നോട്ട് മാറ്റം സാരമായി ബാധിച്ചെന്ന വിവരം നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. മോട്ടോർ ബൈക്കുകളിൽ പണമടങ്ങിയ ബാഗുമായി സഞ്ചരിക്കുന്ന ന്യൂജെൻ യുവാക്കൾ കൃത്യനിഷ്ഠയോടെ ഏതു പ്രവാസിയുടെ വീട്ടിലും പണം എത്തിക്കുന്നതായിരുന്നു പതിവ്. വയോധികർ താമസിക്കുന്ന വീടുകളിൽ ബസ്സിലും മറ്റും സഞ്ചരിച്ചെത്തുന്ന മദ്ധ്യവയസ്‌ക്കരായ ഒരു കൂട്ടം പേരും ഇതിലെ കണ്ണികളാണ്. കണ്ടാൽ തിരിച്ചറിയാത്ത രീതിയിൽ സാധാരണക്കാരുടെ വേഷത്തിൽ മുണ്ടിനൊപ്പമുള്ള ബെൽട്ടിൽ പണം തിരുകിയാണ് ഇത്തരം ഇടപാടുകൾ മധ്യവയസ്‌ക്കർ നടത്തുന്നത്. എന്നാൽ പുതിയ തലമുറയിലെ ബൈക്കുകാരോടാണ് ഇടപാടിലെ മുഖ്യകണ്ണികൾക്ക് പ്രിയം. അനധികൃതമായ ഈ ഇടപാടിന്റെ രീതി ഇങ്ങനെ. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന മലയാളികളാണ് കുഴൽപണ ഇടപാടുകൾ കൊഴുപ്പിക്കുന്നത്.

ഗൾഫിലെ വിവിധ രാജ്യങ്ങളിൽനിന്നും ദിനാർ, ദിർഹം എന്നീ പേരുകളിലറിയപ്പെടുന്ന പണം നാട്ടിലെ ബന്ധുക്കൾക്കെത്തിക്കാനാണ് ഇത്തരം മധ്യവർത്തികളെ തേടുന്നത്. ജോലി ചെയ്യുന്നവരെത്തേടി ഇത്തരം അനധികൃത ഇടപാടുകാരുടെ ഏജന്റുമാർ ജോലിസ്ഥലത്തോ വാസസ്ഥലത്തോ എത്തും. നാട്ടിലെത്തിക്കാനുള്ള പണത്തിന് അവിടത്തെ ദിനാറോ ദിർഹമോ നൽകിയാൽ ചിലപ്പോൾ അതിനേക്കാൾ കൂടുതലോ തുല്യ സംഖ്യക്കുള്ള രൂപയോ നാട്ടിലെത്തിക്കും. അവർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ പതിവായി കൃത്യനിഷ്ഠയോടെ ബന്ധുക്കൾക്ക് പണം എത്തിക്കുന്നതിനാലാണ് ഗൾഫ് ജോലിക്കാർ ഈ വഴി സ്വീകരിക്കുന്നത്.

മാത്രമല്ല അവിടത്തെ ബാങ്കുകൾ വഴിയോ മണിട്രാൻസ്ഫർ സ്ഥാപനങ്ങൾ വഴിയോ പണമയയ്ക്കാൻ അവധിയെടുക്കേണ്ട കാര്യവുമില്ല. ഔദ്യോഗികമായി അയയ്ക്കാനുള്ള ചിലവും ഈ ഇടപാടിലില്ല. ഇത് മാത്രമല്ല രേഖകളില്ലാതെ നാട്ടിൽ പണമെത്തിക്കുക എന്ന താത്പര്യമാണ് പ്രവാസികളിൽ ഏറെപ്പേർക്കും കുഴൽപണത്തോടുള്ളത്. എന്നാൽ ഈ ഇടപാടുകൾക്ക് പുതിയ കറൻസി റദ്ദാക്കലിലൂടെ തടയിടുമോ എന്നാണ് ഇത്തരക്കാർക്കുള്ള ആശങ്ക.

ഈ മാസം ഇതുവരെയായി മലബാറിലെ നാലു ജില്ലകളിൽ മാത്രം ഒമ്പതു കോടിയോളം രൂപയുടെ കുഴൽപണം ഇടപാട് നടന്നിട്ടുണ്ടെന്നാണ് സൂചന. ഈ മാസം പൂർത്തിയാകുമ്പോൾ ഇതിന്റെ മൂന്നോ നാലോ ഇരട്ടി ഇടപാടുകൾ നടക്കേണ്ടതാണ്. അതിനിടെയാണ് അഞ്ഞുറ്, ആയിരം രൂപയുടെ നോട്ടുകൾ പിൻവലിച്ചതായുള്ള പ്രഖ്യാപനം പുറത്തുവന്നത്. വൻതോതിൽ കള്ളപ്പണം കയ്യിൽ വെക്കുന്നവരാണ് ഇത്തരം ഇടപാടിന്റെ മുഖ്യകേന്ദ്രം. ചില ജൂവലറികൾ കേന്ദ്രീകരിച്ചും സാനിട്ടറി വിൽപ്പന സ്ഥാപനങ്ങൾ വഴിയും കുഴൽപണം ഇടപാട് നടക്കുന്നുണ്ടെന്നാണ് സൂചന.