മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ മെട്രോ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്‌ഫോാടനത്തിൽ 11 പേർ കൊല്ലപ്പെട്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അൻപതോളംപേർക്കു പരുക്കേറ്റു. സ്‌ഫോടനത്തെ തുടർന്നു സെന്റ് പീറ്റേഴ്‌സ്ബർഗിലെ എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നു ദൃക്‌സാക്ഷികൾ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. അക്രമത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്ന് റഷ്യ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

സെന്റ് പീറ്റേഴ്‌സ്ബർഗിലെ ടെക്‌നോവോജിചെസ്‌കി ഇസ്റ്റിറ്റിയൂട്ട് സ്റ്റേഷനും സെന്നായ സ്‌ക്വയർ സ്റ്റേഷനും മധ്യേ ട്രെയിൻ സഞ്ചരിക്കുമ്പോഴായിരുന്നു സ്‌ഫോടനം. ട്രെയിനിനകത്തായിരുന്നു സ്‌ഫോടകവസ്തു ഒളിപ്പിച്ചുവച്ചിരുന്നത്. മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭീകരാക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സെന്റ് പീറ്റേഴ്‌സ്ബർഗിലെ പ്ലോഷ്ചാഡ് വോസ്ടാനിയ മെട്രോ സ്റ്റേഷനിലും പൊട്ടിത്തെറിക്കാത്ത നിലയിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ഇതു പൊലീസ് നിർവീര്യമാക്കി.

അതിനിടെ സംഭവത്തിൽ പഴുതുകളില്ലാത്ത അന്വേഷണം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചു. സ്‌ഫോടനത്തിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയെന്ന് ഇപ്പോൾ പറയാനാകില്ല. ഭീകരവാദം ഉൾപ്പെടെ എല്ലാം പരിശോധിക്കും. അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം പ്രതികരിച്ചു. സെന്റ് പീറ്റേഴ്‌സ്ബർഗിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. പുൽവോകോ വിമാനത്താവളത്തിന്റെ സുരക്ഷയും വർധിപ്പിച്ചു. മോസ്‌കോ നഗരത്തിലെ മെട്രോ സർവീസും കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചെച്‌നിയയിൽനിന്നുള്ള ഭീകരർ റഷ്യയിൽ പലതവണ ആക്രമണം നടത്തിയിട്ടുണ്ട്. ഇനിയും ആക്രമണങ്ങൾ നടത്തുമെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുമുണ്ട്. 2010ൽ മോസ്‌കോ മെട്രോ ട്രെയിനിൽ രണ്ടു വനിതാ ചാവേറുകൾ നടത്തിയ സ്‌ഫോടനത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴത്തെ സ്‌ഫോടനത്തിന് പിന്നിൽ ഐസിസും ചെച്‌നിയൻ തീവ്രവാദികളുമാണെന്ന് റഷ്യ കരുതുന്നു. ഐസിസും ചെച്‌നിയൻ തീവ്രവാദികളും ഒരുമിച്ച് പ്രവർത്തിക്കുന്നതായി റഷ്യയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നു നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് സെന്റ് പീറ്റേഴ്‌സ്ബർഗ്. റഷ്യയിലെ രണ്ടാമത്തെ വലിയ നഗരവുമാണിത്. 2018 ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങളും ഇവിടെ നടന്നുവരികയാണ്. ഇതിനിടെയുണ്ടായ ആക്രമണം ലോകകപ്പ് അട്ടിമറിക്കാനാണെന്ന സംശയവും വ്യാപകമാണ്.