ന്യൂഡൽഹി: കോവിഡ് വാക്സിൻ കുത്തിവെപ്പിനു പിന്നാലെ രക്തസ്രാവവും രക്തം കട്ടപിടിക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടത് വളരെ കുറച്ചുപേരിൽ മാത്രമെന്ന് കേന്ദ്ര സർക്കാർ സമിതി. വാക്സിനേഷന് പിന്നാലെയുണ്ടാകുന്ന പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കുന്ന സമിതിയായ അഡ്വേഴ്സ് ഇവന്റ്സ് ഫൊളോവിങ് ഇമ്യുണൈസേഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുത്തിവയ്പ് എടുത്ത ചിലരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ഗുരുതരമായി കാണേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായം. ഇത്തരം സന്ദർഭങ്ങളിൽ പ്രതീക്ഷിക്കുന്നത്ര കേസുകളേ ഇങ്ങനെയുണ്ടായിട്ടുള്ളൂവെന്നും അത് വളരെക്കുറവാണെന്നും കുത്തിവയ്പിന്റെ പ്രതികൂലഫലങ്ങൾ വിലയിരുത്തുന്ന കേന്ദ്ര സമിതി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.

700 കേസുകളിൽ 'ഗുരുതരമായ' 498 എണ്ണമാണു സമിതി വിശദമായി പഠിച്ചത്. ഇതിൽ 26 കേസിൽ മാത്രമാണു യഥാർഥ ഗുരുതരാവസ്ഥ കണ്ടെത്തിയത് എന്നാണു പാനലിന്റെ റിപ്പോർട്ടിൽ പറയുന്നത്.

കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പെടുത്തവരിൽ പത്തുലക്ഷം പേരിൽ 0.61 പേർക്കു മാത്രമാണ് രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായിട്ടുള്ളതെന്ന് ചില പഠനങ്ങൾ പറയുന്നതായും സമിതി വ്യക്തമാക്കി. ഈ കണക്ക് യു.കെയിൽ പത്തുലക്ഷം പേരിൽ നാലുപേർക്കും ജർമനിയിൽ പത്തുലക്ഷം പേരിൽ പത്തുപേർക്കും രക്തം കട്ടപിടിക്കുന്നു എന്ന കണക്കിനെ അപേക്ഷിച്ച് വളരെ കുറവാണെന്നും സമിതി പറഞ്ഞു.

രക്തം കട്ടപിടിക്കുന്ന സംഭവങ്ങൾ സാധാരണജനങ്ങളിൽ ഉണ്ടാകുന്നത് പതിവാണ്. ഇതിന്റെ അപകടസാധ്യത യൂറോപ്യൻ വംശപരമ്പരയിൽപ്പെട്ടവരെക്കാൾ തെക്ക്, തെക്ക്-കിഴക്കൻ ഏഷ്യൻ വംശപരമ്പരയിൽപ്പെട്ടവർക്ക് 70 ശതമാനത്തോളം കുറവാണെന്ന് ശാസ്ത്രപഠനങ്ങൾ വ്യക്തമാക്കുന്നെന്നും സമിതി പറഞ്ഞു.

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ കുത്തിവെപ്പ് എടുത്തരിൽ രക്തം കട്ടപിടിക്കലുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എ.ഇ.എഫ്.ഐ. കൂട്ടിച്ചേർത്തു. എന്നാലും, ഇത്തരം പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ടെന്നു ജനങ്ങളെ ബോധവൽക്കരിക്കാൻ വാക്‌സിനേഷൻ ഉദ്യോഗസ്ഥർക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.