കൊച്ചി: മയക്കുമരുന്നു വിൽപ്പനക്കാരാണ് കൊച്ചിയിൽ പിടിയിലായ ബ്ലസിയും രേഷ്മയുമെന്നു പൊലീസ്. കടവന്ത്രയിലെ ഫ്ളാറ്റിൽ നിന്നു യുവനടൻ ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം പിടികൂടിയ സഹസംവിധായകയും മോഡലും കൊക്കെയ്ൻ വിൽപ്പനക്കാരാണ്.

കടവന്ത്രയിലെ ഫ്ളാറ്റിൽ ഇവർ കൊക്കെയ്ൻ വിൽപ്പന നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇവരിൽ നിന്നും കൊക്കെയ്ൻ വാങ്ങിയവരെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.

കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊക്കെയ്ൻ കേസിലെ പ്രതികളുടെ കസ്റ്റഡി നീട്ടണമെന്ന് പൊലീസിന്റെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പെൺകുട്ടികൾ കൊക്കെയ്ൻ ഉപയോഗിക്കാറുണ്ടെന്നും മയക്കുമരുന്ന് കടത്തിലെ കണ്ണികളാണ് പ്രതികളെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇവർക്കു കൊക്കെയ്ൻ വരുന്ന വഴികളെക്കുറിച്ചും അന്വേഷണം ഊർജിതമാക്കാനൊരുങ്ങുകയാണ് പൊലീസ്. 'ഇതിഹാസ' എന്ന സിനിമയിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ ഷൈൻ ടോം ചാക്കോയും നാലു യുവതികളും പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായാണ് കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് പിടിയിലായത്.

നേരത്തെ, പ്രതികളുമായുള്ള തെളിവെടുക്കലിന് ഗോവയിലേക്ക് പോയ പൊലീസിന് വെറുംകൈയോടെ മടങ്ങേണ്ടി വന്നിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ രേഷ്മ രംഗസ്വാമി, ബഌി സിൽവസ്റ്റർ എന്നവരെയാണ് തെളിവെടുപ്പിനായി ഗോവയിൽ കൊണ്ടുപോയത്. ഇവർക്ക് കൊക്കെയ്ൻ നൽകിയെന്ന പറയപ്പെടുന്ന ഫ്രാങ്കിനെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വിശദമായ തെളിവെടുപ്പിന് പൊലീസിന് സമയം ലഭിച്ചില്ല. മാത്രമല്ല പ്രതികളെ കുറിച്ച് ഗോവയിലെ പത്രങ്ങളിലും മറ്റും വാർത്ത വന്നതും ഉന്നതർക്ക് രക്ഷപ്പെടാൻ സഹായകമായി.

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ തൃശൂരിലെ വിവാദ വ്യവസായി നിസാമിന്റെ ഫ്ളാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് ഇവർ പിടിയിലായത്. നിസാമിന്റെ ഫ്ളാറ്റ് വാടകക്കെടുത്താണ് ഇവർ ലഹരി പാർട്ടി നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഫ്ളാറ്റ് വാടകക്കെടുത്തത് രേഷ്മയാണ്.

സിനിമാതാരങ്ങൾ ഉൾപ്പെട്ട മയക്കുമരുന്നു കേസിൽ സിനിമാനിർമ്മാതാവിനും പങ്കുണ്ടെന്നതിനു തെളിവുകൾ ലഭിച്ചിട്ടും ഇത്തരത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ പൊലീസ് ധൈര്യം കാട്ടുന്നില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. നിർമ്മാതാവിന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ പൊലീസിനെ പിന്നോട്ടടിക്കുന്നതായാണ് അന്വേഷണത്തിന്റെ പോക്കു വെളിപ്പെടുത്തുന്നത്. കേസ് എങ്ങുമെത്താതെ തേഞ്ഞുമാഞ്ഞുപോകാനാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്.

ആഡംബര നൗകയിൽ നിശാപാർട്ടിക്കിടെ മയക്കുമരുന്നു പിടികൂടിയ സംഭവവും പുതിയ മയക്കുമരുന്നുകേസും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിയിരുന്നു. പിടിയിലായവർക്ക് സ്ഥിരം മയക്കുമരുന്നു നൽകുന്ന സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. സിനിമാ നിർമ്മാതാവായ വ്യവസായിയുടെ പേര് അന്വേഷണത്തിന്റെ വിവിധഘട്ടങ്ങളിൽ പറഞ്ഞുകേട്ടിരുന്നുവെങ്കിലും പിന്നീട് കേസ് തേഞ്ഞുമാഞ്ഞുപോവുകയായിരുന്നു.