പത്തനംതിട്ട: വ്യക്തമായ മുന്നൊരുക്കങ്ങൾക്ക് ശേഷം യുവാവ് തൂങ്ങി മരിച്ചു. മൃതദേഹം കാണപ്പെട്ട രീതി പൊലീസിനെയും വലച്ചു. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ സംശയം ഒരു പരിധി വരെ നീങ്ങിയിട്ടുണ്ട്. കോന്നി മരങ്ങാട്ട്പള്ളിക്കകത്ത് കിഴക്കേതിൽ ശശീന്ദ്രൻ -സാവിത്രി ദമ്പതികളുടെ മകൻ പ്രജിത്തി (29)നെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലൂവെയിൽ ഗെയിമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. എൻജിനിയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രജിത് വളരെ ആസൂത്രണം ചെയ്താണ് ജീവനൊടുക്കിയത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു ആത്മഹത്യ. ഇരുകൈകളും ഇലക്ട്രിക് വയറുകളും, താഴും ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു.

തൂങ്ങാൻ ഉപയോഗിച്ച ബെഡ്ഷീറ്റിന്റെ ഒരു ഭാഗം ചെമ്പു കമ്പി കൊണ്ട് വരിഞ്ഞു മുറുക്കിയ ശേഷം നട്ട് ബോൾട്ട് ഉപയോഗിച്ച് ലോക്ക് ചെയ്തിരുന്നു. വായിൽ തുണി തിരുകി കയറ്റിയ ശേഷം, ആരാച്ചാർമാർ ചെയ്യുന്ന പോയെ മുഖം തലയണ കവർ ഉപയോഗിച്ചു മറച്ചു. കവർ ഊരിപ്പോകാതിരിക്കാൻ അടിഭാഗത്ത് ബാൻഡേജ് ഉപയോഗിച്ച് ഒട്ടിച്ചു. ഘട്ടം ഘട്ടമായി ഒരോ പ്രവർത്തികൾ ചെയ്തതിനാലാണ് മരണത്തിലേക്ക് നയിച്ചത് ബ്ലൂവെയിൽ ഗെയിമാണോ എന്ന സംശയത്തിലേക്ക് പൊലീസ് എത്താൻ കാരണം.

പ്രജിത്ത് അന്തർമുഖനായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സുഹൃത്തുക്കളുമായി അത്ര സഹകരിച്ചിരുന്നില്ല. വീട്ടുകാരോടും ഇതേ പെരുമാറ്റമായിരുന്നുവെന്ന് പറയുന്നു. കോന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.