മുംബൈ: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യതലസ്ഥാനം വിറങ്ങലിച്ച് നിന്നപ്പോൾ സുപ്രീം കോടതി പോലും ചൂണ്ടിക്കാട്ടിയ മാതൃകയാണ് മുംബൈ മോഡൽ. മുംബൈ മാതൃക ന്യൂഡൽഹി പോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സ്വീകരിക്കാമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്.

ആദ്യ തരംഗത്തിൽ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെയും ആശങ്കാകേന്ദ്രമായിരുന്ന മഹാനഗരം ഇന്ന് എല്ലാവർക്കുമുള്ള മാതൃകാസ്ഥാനം ആയിരിക്കുന്നു. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയെ കണ്ടുപഠിക്കണമെന്നും മറ്റിടങ്ങൾ പകർത്തണമെന്നും ആരോഗ്യ വിദഗ്ധരും പ്രശസ്തരും നിർദേശിക്കുന്നു. കോവിഡിനെ പ്രതിരോധിക്കുന്ന മികച്ച മാതൃകകളിലൊന്നായി പേരെടുത്ത 'മുംബൈ മോഡൽ' പിന്തുടരാനാണു പ്രധാനമന്ത്രിയും സുപ്രീംകോടതിയും നിർദേശിച്ചതും.

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം അംബരചുംബികളായ കെട്ടിടങ്ങളിലും അപ്പാർട്ട്‌മെന്റുകളിലും ചേരികളിലുമായി 16 ദശലക്ഷം പേർ വസിക്കുന്ന മുംബൈ, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരമാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 32,000 ആളുകളാണിവിടെ പാർക്കുന്നത്.

രാജ്യത്തെ പ്രധാന സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുംബൈയിലാണ്. യൂണിലിവർ പോലുള്ള വമ്പൻ ബഹുരാഷ്ട്ര കമ്പനികൾക്കും സിറ്റിഗ്രൂപ്പ് മുതൽ കെകെആർ വരെയുള്ള ആഗോള ധനകാര്യ ഭീമന്മാർക്കും ഇവിടെ ആസ്ഥാനമുണ്ട്. റിസർവ് ബാങ്കിന്റെയും ബോളിവുഡ് ചലച്ചിത്ര വ്യവസായത്തിന്റെയും തട്ടകവും മുംബൈയാണ്.

കോവിഡിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായി ഒരിക്കൽ പേടിപ്പെടുത്തിയ മുംബൈ എങ്ങനെയാണ് ഏവരെയും അമ്പരപ്പിച്ച് രണ്ടാം തരംഗത്തെ വരുതിയിലാക്കിയതെന്ന ചോദ്യം പ്രസക്തമാണ്.

ലോകത്ത് എറ്റവുമധികം ആളുകൾ ചെറിയ സ്ഥലത്തു തിങ്ങിപ്പാർക്കുന്ന ധാരാവി പോലെ ഏഷ്യയിലെ വലിയ ചേരിയുള്ള മെട്രോ നഗരം കൊറോണ വൈറസിനെ നേരിട്ടത് ലോകത്തിനാകെ മാതൃകയാണ്.

മുംബൈ മോഡലിനെ പ്രകീർത്തിക്കുമ്പോൾ അതിന്റെ ശക്തിസ്രോതസ്സായ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) കമ്മിഷണർ ഇഖ്ബാൽ സിങ് ചഹലിന്റെയും സംഘത്തിന്റെയും നിതാന്ത ജാഗ്രതയും പരിശ്രമവും അർപ്പണ ബോധവുമാണ് ഏവരും പ്രശംസിക്കുന്നത്.

മുംബൈയിലെ ആദ്യ തരംഗത്തിന്റെ ഉച്ചസ്ഥായിയിൽ, കഴിഞ്ഞ വർഷം മേയിലാണു മുംബൈ കോർപ്പറേഷന്റെ തലവനാകാൻ ഇഖ്ബാൽ സിങ് ചഹലിനോടു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറികളിൽ കുന്നുകൂടുന്ന സമയമായിരുന്നു അത്. കോവിഡ് പ്രതിസന്ധിയിൽ ധാരാവിയിലെ ജനങ്ങൾ പകച്ചുനിൽക്കുന്ന കാലവും.

മഹാമാരിയെ നേരിടാൻ പ്രാദേശികമായ സമീപനവും രോഗികളെ വേഗത്തിൽ ഐസലേറ്റ് ചെയ്യലും അത്യാവശ്യമാണെന്ന് ഇക്കാലയളവിലാണു പഠിച്ചതെന്നു പറയുന്നു ചഹൽ. അന്നു രോഗലക്ഷണങ്ങളുള്ള ആളുകളെ തേടി ചഹലിന്റെ പ്രത്യക സംഘം 'ചേസ് ദ് വൈറസ്' എന്ന ഓപ്പറേഷനായി വീടുതോറും കയറിയിറങ്ങി. ധാരാവിയിൽനിന്നുൾപ്പെടെ ഇങ്ങനെ കണ്ടെത്തിയ 1.5 ലക്ഷം പേരെ ഐസലേറ്റ് ചെയ്തു. ഇതാണു വൈറസിന്റെ ചങ്ങലക്കണ്ണി പൊട്ടിക്കാൻ സഹായിച്ചതും.

നഗരത്തിലെ പ്രതിസന്ധി നേരിടാനുള്ള കേന്ദ്രീകൃത സംവിധാനം നിർത്തലാക്കുകയും 24 അഡ്‌മിനിസ്‌ട്രേറ്റീവ് ഡിവിഷനുകളിലായി പ്രാദേശിക വാർ റൂമുകൾ തയാറാക്കുകയും ചെയ്തു. അടിയന്തര സമയങ്ങളിൽ പരിമിതമായ വിഭവങ്ങൾ ഉപയോഗിക്കുന്നതിന് നൂതന മാർഗങ്ങൾ കണ്ടെത്തിയും മാതൃക തീർത്തു. ആംബുലൻസുകൾ കുറവായപ്പോൾ, നഗരത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷനെ വിളിക്കുകയും അവർ അയച്ച 800 കാറുകൾ താൽക്കാലിക ആംബുലൻസുകളാക്കി മാറ്റുകയും ചെയ്തു.

ഈ പ്രാദേശിക സമീപനമാണു രണ്ടാം തരംഗം ഫലപ്രദമായി ഒതുക്കാനും തുണയായത്. പ്രാദേശിക വാർ റൂമുകളിൽ പരിശോധനാ റിപ്പോർട്ടുകൾ ലഭിക്കും. ഇതനുസരിച്ചു രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്കു മാറ്റുകയും അണുബാധയുടെ വ്യാപനം കുറയ്ക്കുകയും ചെയ്തു. സർക്കാർ നിശ്ചയിച്ച നിരക്കിൽ കോവിഡ് രോഗികൾക്കു കിടക്കകൾക്കായി സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി. പൊതുസ്വകാര്യ ആശുപത്രികളുടെ മികച്ച പങ്കാളിത്തം നഗരത്തിൽ സൃഷ്ടിക്കാനുമായി.

മാരകമായ രണ്ടാം തരംഗം ഇന്ത്യയെ കീഴടക്കിയ വേളയിൽ, ഏപ്രിൽ 17ന് അർധരാത്രിയിൽ, മുംബൈ മുനിസിപ്പൽ കമ്മിഷണർ ഇക്‌ബാൽ സിങ് ചഹൽ ഞെട്ടിക്കുന്നൊരു സത്യം മനസ്സിലാക്കി. നഗരത്തിലെ ആറ് ആശുപത്രികളിൽ മണിക്കൂറുകൾക്കുള്ളിൽ ഓക്‌സിജൻ തീർന്നുപോകും, 168 രോഗികളുടെ ജീവൻ അപകടത്തിലാണ്. 2020ൽ ആദ്യ തരംഗം നേരിടാൻ രൂപീകരിച്ച താൽക്കാലിക ആശുപത്രികളുടെ ചിത്രം മനസ്സിൽ തെളിഞ്ഞു. രോഗികളെ അങ്ങോട്ടു മാറ്റി.

കേസുകൾ കുറയുമ്പോഴും താൽക്കാലിക സൗകര്യങ്ങൾ ഒഴിവാക്കാതിരുന്നതു ഗുണമായെന്നു ബോധ്യപ്പെട്ടു. സിലിണ്ടറുകളെ ആശ്രയിച്ചിരുന്ന ഭുരിഭാഗം ആശുപത്രികളിൽനിന്നും വ്യത്യസ്തമായി, രോഗികളുടെ കിടക്കകളിലേക്കു നേരിട്ട് ഓക്‌സിജൻ നൽകുന്ന പൈപ്പുകൾ സജ്ജീകരിച്ച കിടക്കളാണ് ഇവിടെ ഒരുക്കിയിരുന്നത്. കമ്മിഷണറുടെ സമയോചിത ഇടപെടലിനെ തുടർന്ന് 168 പേരും മരണമുനമ്പിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്നു. ആ രാത്രി തനിക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമെന്നാണ് ചഹൽ വിശേഷിപ്പിക്കുന്നത്. കൊറോണ വൈറസിനെ നേരിടാനുള്ള യുദ്ധസമാന ഒരുക്കങ്ങളായിരുന്നു പിന്നീട്.

ആദ്യ തരംഗസമയത്തു രൂപീകരിച്ച വികേന്ദ്രീകൃത സംവിധാനമാണ് ഇപ്പോഴത്തെ വിജയത്തിനു കാരണമെന്ന് ചഹൽ പറയുന്നു. മെഡിക്കൽ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും ശേഖരിക്കുന്നതിലും ടാങ്കറുകൾക്കായി ട്രാക്കിങ് സംവിധാനം ഒരുക്കുന്നതിലും ചഹൽ വലിയ മാറ്റങ്ങൾ വരുത്തി. ആശുപത്രി കിടക്കയ്ക്കും ഓക്‌സിജനും മറ്റുമായി യാചിക്കേണ്ട സ്ഥിതി മുംബൈയിൽ താരതമ്യേന കുറവായിരുന്നു.

മൂന്നാം വ്യാപനം കുട്ടികളെയായിരിക്കും കൂടുതൽ ബാധിക്കുക എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അവരുടെ ചികിത്സയ്ക്കായി ജംബോ കോവിഡ് സെന്ററുകൾ തുടങ്ങും. അമ്മമാരെക്കൂടി ഒപ്പം നിർത്താവുന്ന ചികിത്സാ കേന്ദ്രങ്ങളും തുറക്കും. വാക്‌സിനേഷനിൽ ഏറ്റവും മുന്നിലാണ് മഹാരാഷ്ട്ര. കോവിഡ് വാക്‌സീനായി മുംബൈ കോർപറേഷൻ ആഗോള ടെൻഡർ ക്ഷണിച്ചു. ബ്ലാക്ക് ഫംഗസ് നേരിടാൻ 100 ഇഎൻടി ഡോക്ടർമാരെ പരിശീലിപ്പിക്കാനും തീരുമാനിച്ചു.

2021 ഏപ്രിൽ ആദ്യവാരം മുംബൈയിൽ പോസിറ്റീവ് കേസുകൾ 9792 ആയിരുന്നതു പതിയെപ്പതിയെ കുറഞ്ഞ് മെയ്‌ 25ന് 1157 എന്നാക്കാനായി. മെയ്‌ 25 വരെയുള്ള കണക്കുപ്രകാരം ഇതുവരെ 6.99 ലക്ഷം പേരാണു രോഗബാധിതരായത്. ഇതിൽ 6.55 ലക്ഷം പേർ രോഗമുക്തരായി. 14,708 പേർ മരിച്ചു. സജീവ രോഗികൾ 27,649. ഇതിൽ 1228 പേരുടെ നില ഗുരുതരമാണ്. ആകെ പരിശോധിച്ചത് 61.44 ലക്ഷം സാംപിൾ. 26ന് രാവിലെ 10 വരെയുള്ള കണക്കനുസരിച്ച് 30,129 കിടക്കകളാണ് ലഭ്യമായിട്ടുള്ളത്. 9366 കിടക്കകളിൽ ആളുണ്ട്, ഒഴിവുള്ളത് 20,763 എണ്ണം. ഓക്‌സിജൻ സംവിധാനമുള്ള 7537, ഐസിയു സൗകര്യമുള്ള 582, വെന്റിലേറ്റർ സൗകര്യമുള്ള 177 കിടക്കകളും ലഭ്യമാണ്.

ഓക്‌സിജൻ തീർന്നുപോകുമെന്നു മുൻകൂട്ടി മനസ്സിലാക്കി അടുത്തുള്ള സംസ്ഥാനങ്ങളിൽനിന്ന് മുംബൈയിലേക്കായി ഉൽപാദിപ്പിക്കാൻ തുടങ്ങി. ഓക്‌സിജൻ സംഭരണ ശേഷിക്കപ്പുറം കിടക്കകൾ സജ്ജീകരിക്കുന്നതിൽനിന്നും ആശുപത്രികളെ വിലക്കി. രാജ്യവും ലോകവും ഭയപ്പെടുന്ന മൂന്നാം തരംഗത്തിൽ കൂടുതൽ കുട്ടികൾക്കു രോഗം വരാമെന്ന മുന്നറിയിപ്പിനെ നേരിടാൻ ജംബോ പീഡിയാട്രിക് ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്.

കോവിഡിന്റെ പുതു തരംഗവുമായി പോരാടുന്ന ജപ്പാനോട്, 'മുംബൈ മോഡൽ' പിന്തുടരാൻ വ്യവസായി ആനന്ദ് മഹീന്ദ്ര കഴിഞ്ഞദിവസം ആവശ്യപ്പെട്ടതോടെയാണ് മഹാനഗരത്തിന്റെ പ്രതിരോധം വീണ്ടും ചർച്ചയായത്. കൊറോണ വൈറസിനെ തോൽപ്പിച്ചു ലോകത്തെ സുഖപ്പെടുത്താൻ കൂട്ടായ ശ്രമം നടത്തിയാലേ കാര്യമുള്ളൂവെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന കുറിപ്പോടെയായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

കോവിഡ് നേരിടുന്നതിലും വാക്‌സീൻ നയത്തിലും കേന്ദ്ര സർക്കാർ വ്യാപകമായി വിമർശിക്കപ്പെടുമ്പോൾ, 'ഇന്ത്യയെ പ്രഹരിക്കുന്നത്' നിർത്താനും മുംബൈ മോഡൽ ചർച്ച ചെയ്യാനുമായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. മുംബൈ പോലെ ജപ്പാനിലെ വലിയ തുറമുഖ നഗരവും വാണിജ്യ കേന്ദ്രവുമായ ഒസാക്കയിൽ മഹാമാരിയുടെ പുതിയ തരംഗം പ്രത്യക്ഷപ്പെട്ടതോടെ ആശുപത്രികളിൽ കിടക്കകളും വെന്റിലേറ്ററുകളും ഒഴിവില്ലെന്ന വാർത്ത പങ്കുവച്ചായിരുന്നു മഹീന്ദ്രയുടെ നിർദ്ദേശം.

കോവിഡ് പ്രതിസന്ധി നല്ലരീതിയിൽ കൈകാര്യം ചെയ്തതിലൂടെ മുംബൈയുടെ കോവിഡ് ഹീറോയായി മാറിയിരിക്കുകയാണു ബിഎംസി കമ്മിഷണർ ഇക്‌ബാൽ സിങ് ചഹൽ. 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഈ വർഷമാദ്യം കേന്ദ്രമന്ത്രി നിർമല സീതാരാമൻ 'ലോക്മത് മഹാരാഷ്ട്ര 2021 അവാർഡ്' സമ്മാനിച്ച ചഹലിനെ, 'ശരിയായ സമീപനത്തിനും വിഭവങ്ങളുടെ ന്യായമായ ഉപയോഗത്തിനും' കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും പ്രശംസിച്ചിരുന്നു.

എന്നാൽ അഞ്ച് വർഷം മുൻപ്, 2016ൽ, കേന്ദ്രസർക്കാർ സർവീസിൽനിന്നു പുറത്തുപോകാൻ നിർബന്ധിതനാക്കപ്പെട്ട ഭൂതകാലവും ചഹലിനുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷൻ അവസാനിക്കുന്നതിനു മൂന്നുവർഷം മുൻപ് മാതൃകേഡറായ മഹാരാഷ്ട്രയിലേക്ക് തിരിച്ചയച്ചതാണെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ചഹലിനെ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം 2015ൽ വനിതാശിശു വികസന (ഡബ്ല്യുസിഡി) മന്ത്രാലയത്തിലേക്ക് മാറ്റി.

അന്നത്തെ കേന്ദ്രമന്ത്രി മനേക ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടർന്ന് അദ്ദേഹത്തെ മോദി സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. മഹാരാഷ്ട്രയിൽ തിരിച്ചെത്തിയ ചഹലിന് ആദ്യം ജലവിഭവത്തിന്റെയും നഗരവികസനത്തിന്റെയും എല്ലാ സുപ്രധാന വകുപ്പുകളും നൽകി. പിന്നീടാണു ബിഎംസി കമ്മിഷണറായി നിയമിച്ചത്. 1989ൽ ഐഎഎസ് നേടുമ്പോൾ ചഹലിന്റെ പ്രായം 22 വയസ്സിൽ താഴെയായിരുന്നു. നാലു മക്കളുടെ പിതാവായ ചഹൽ, മുൻ പഞ്ചാബ് ചീഫ് സെക്രട്ടറി അജിത് സിങ്ങിനെ മരുമകനാണ്. ചഹലിന്റെ പിതാവ് ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു. അച്ഛനിലൂടെ തനിക്കും ഭരണപരമായ കഴിവ് ലഭിച്ചിട്ടുണ്ടെന്നു ചഹൽ പറയുന്നു, ഒപ്പം ആർക്കും തളർത്താനാവാത്ത ഉരുക്ക് മനസ്സും.