കൊച്ചി: നികുതി വെട്ടിക്കാൻ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് രേഖകൾ. ഒന്നര വർഷത്തിനിടെ വ്യാജ ലേബർ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത് 93 ബിഎംഡബ്ല്യു കാറുകളാണ്. ഷോറും അധികൃതരും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന തട്ടിപ്പിൽ സർക്കാരിന് ഇതുവരെ നഷ്ടമായത് 20 കോടിയിലധികം രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിഎംഡബ്ല്യു ഷോറൂമിലെ ജീവനക്കാരാണ് ഇതിലെ പ്രധാന കണ്ണി. ആർടിഒമാരുടെയും പോണ്ടിച്ചേരിയിലുള്ള ഏജന്റിന്റെയും സഹായത്തോടെ നടക്കുന്ന തട്ടിപ്പുമൂലം സംസ്ഥാന സർക്കാരിന് പ്രതിവർഷം നഷ്ടമാകുന്നത് കോടികളാണെന്നും രേഖകൾ സൂചിപ്പിക്കുന്നു. എന്നാൽ കേരളം ഇത് വിഷയമാക്കിയപ്പോൾ സുരേഷ് ഗോപിക്കും അമലാ പോളിനും ഫഹദ് ഫാസിലിനും എതിരെ മാത്രമാണ് കേസെടുത്തത്. മറ്റ് വമ്പന്മാരെ കണ്ടില്ലെന്ന് നടിച്ചു. അതുകൊണ്ട് തന്നെ ഇനിയും ഇത്തരം തട്ടിപ്പ് തുടരാനാണ് സാധ്യത.

ഇത് സംബന്ധിച്ച് ബിഎംഡബ്ല്യു ഷോറൂമിലെ തന്നെ ഒരു ജീവനക്കാരനും പത്തനംതിട്ട സ്വദേശിയുമായ ഷെറിൻ ജോസഫ് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. കൊച്ചിയിലുള്ള ബിഎം.ഡബ്ല്യു ഓതറൈസ്ഡ് ഡീലർക്ക് കേരളത്തിലെ വിവിധ പട്ടണങ്ങളിൽ ബ്രാഞ്ചുകളുണ്ട്. കൊച്ചിയിൽ നിന്നു മാത്രം കഴിഞ്ഞവർഷം 93 വാഹനങ്ങളാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വ്യാജ മേൽവിലാസത്തിന്റെ മറവിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് റോഡ് ടാക്സ് ഇനത്തിൽ കോടികൾ വെട്ടിക്കുന്നതിന് പുറമെയാണ് ഗതാഗത വകുപ്പിന്റെ മൗനാനുവാദത്തോടെ പിൻവാതിലിലൂടെ നടക്കുന്ന ഇത്തരം വെട്ടിപ്പുകൾ.

വാഹനം വാങ്ങാൻ എത്തുന്ന വ്യക്തിയെ ഷോറൂം അധികൃതർ തന്നെയാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കുന്നത്. 50 ലക്ഷം രൂപ വിലയുള്ള വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്താൽ 20 ശതമാനം തുക (10 ലക്ഷം രൂപ) റോഡ് ടാക്സ് ഇനത്തിൽ നഷ്ടമാകുമെന്നും എന്നാൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്താൽ ചെലവാകുന്നത് കേവലം മൂന്നുലക്ഷം രൂപ മാത്രമാണെന്നും ഇവർ ധരിപ്പിക്കുന്നു. തുടർന്ന് വാഹന ഉടമ പോണ്ടിച്ചേരിയിലെ ഒരു കമ്പനിയുടെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലേബർ ഓഫീസറുടെ പക്കൽ നിന്നും സാക്ഷ്യപത്രം ഉണ്ടാക്കി ആർടിഒയ്ക്ക് ടെമ്പററി രജിസ്ട്രേഷന് അപേക്ഷ നൽകുകയാണ് പതിവ്.

പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യുന്നതിന് മൂന്നുലക്ഷം രൂപ വാഹന ഉടമയിൽ നിന്നും വാങ്ങുന്ന ആൾ ഈ തുക പോണ്ടിച്ചേരിയിലെ ഏജന്റിന് അയച്ചുകൊടുക്കുന്നു. എന്നാൽ അവിടെ രജിസ്ട്രേഷന് കേവലം ഒരു ലക്ഷം രൂപ മാത്രമാണ് വേണ്ടിവരുക. ബാക്കി ഒന്നരലക്ഷം രൂപ ഷോറൂം അധികൃതരുടെ പേരിൽ ബാങ്കിൽ എത്തും. ഈ തുകയുടെ ഒരു ഭാഗം ടെമ്പററി രജിസ്ട്രേഷന് കൂട്ടുനിൽക്കുന്ന ആർടിഒയുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വാഹനം രജിസ്റ്റർ ചെയ്യുന്നതിന് വ്യക്തിയുടെ തിരിച്ചറിയൽ രേഖയും മേൽവിലാസവും അത്യാവശ്യമാണെന്നിരിക്കെയാണ് ലേബർ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ടെമ്പററി രജിസ്ട്രേഷൻ നടത്തികൊടുക്കുന്നത്. 2016 ജൂലൈ മുതൽ എറണാകുളം ആർടിഓയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര കാറുകളുടെ ഫയലുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഒരു ഷോറൂമിൽ നിന്നുമാത്രം 93 ബിഎംഡബ്ല്യു കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തപ്പോൾ സംസ്ഥാന സർക്കാരിന് നഷ്ടം 20 കോടിയോളം രൂപയാണെന്നാണ് നിഗമനം. ഈ ഇനത്തിൽ ഷോറൂം അധികൃതരുടെ പോക്കറ്റിൽ എത്തിയത് 1.5 കോടിയോളം രൂപ.

വിജിലൻസ് ഡയറക്ടർക്ക് ഷെറിൻ ജോസഫ് നൽകിയ പരാതിയിൽ പോണ്ടിച്ചേരിയിലുള്ള തളിക്കുന്നത്ത് എന്റർപ്രൈസസ് ഉടമ ഷുക്കൂർ എന്ന ആളാണ് ഏജന്റായി പ്രവർത്തിച്ചിട്ടുള്ളതെന്ന് പറയുന്നു. വാഹന രജിസ്ട്രേഷന് ഷോറൂം നൽകിയ മൂന്നുലക്ഷം രൂപയിൽ രണ്ട് ലക്ഷം രൂപ തളിക്കുന്നത്ത് എന്റർപ്രൈസസിന്റെ അക്കൗണ്ടിൽ നിന്നും ഷോറൂം അധികൃതരുടെ എച്ച്ഡിഎഫ്സി ബാങ്കിലുള്ള 7916 നമ്പരുകളിൽ അവസാനിക്കുന്ന അക്കൗണ്ടിലേക്ക് ഇട്ടതിന്റെ രേഖയും ഷെറിൻ ജോസഫ് പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.