ദുബായ് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരി ദുബായിലെത്തിയത് സാമ്പത്തിക കേസുകൾ ഒത്തുതീർപ്പിലാക്കിയ ശേഷം തന്നെ. കാസർഗോട്ടെ വ്യവസായിയാണ് ഇതിന് ബിനീഷിനെ സഹായിച്ചത്. പ്രവാസി വ്യവസായ രവിപിള്ളയാണ് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയത്. അത് വിജയിച്ച ശേഷമായിരുന്നു ബിനീഷിന്റെ ദുബായ് യാത്ര. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുമ്പ് എല്ലാ വിഷയവും ഒത്തുതീർപ്പാക്കാനായിരുന്നു കോടിയേരിയുടെ പരിശ്രമം. അതിന് രവി പിള്ളയും കാസർഗോട്ടുകാരൻ സിനിമാക്കാരനും എല്ലാ പിന്തുണയും നൽകി. ഇതോടെയാണ് ബിനീഷ് ദുബായിലെത്തിയത്.

സാംബാ ഫിനാൻസിയേഴ്‌സ് എന്ന സ്ഥാപനത്തിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ഡിസംബർ പത്തിനു ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. ബർദുബായ് പൊലീസ് സ്റ്റേഷനിൽ 2015 ഓഗസ്റ്റ് ആറിനു രജിസ്റ്റർ ചെയ്ത കേസിലായിരുന്നു വിധി. പൊലീസ് പട്ടികയിൽ 'പിടികിട്ടാപ്പുള്ളി'യായി മാറിയതോടെ യുഎഇയിലെത്തിയാൽ അറസ്റ്റിലാകുമെന്ന സ്ഥിതിയായിരുന്നു. എന്നാൽ, യുഎഇ നിയമപ്രകാരം ഇത്തരം കേസുകളിൽ ശിക്ഷ വിധിച്ചുകഴിഞ്ഞാലും, കേസിൽ ഉൾപ്പെട്ട തുക വാദിക്കു നൽകി ഒത്തുതീർപ്പിലാക്കാൻ വ്യവസ്ഥയുണ്ട്. യുഎഇയിൽ എത്തും മുൻപു തന്നെ ഈ നടപടികൾ പൂർത്തിയാക്കുകയും ചെയ്യാം.

ഇതാണ് ബിനീഷും ദുബായ് യാത്രയ്ക്ക് വേണ്ടി പൂർത്തിയാക്കിയ നടപടി ക്രമങ്ങൾ. ഇല്ലാത്ത പക്ഷം ദുബായിൽ എത്താൻ ബിനീഷിന് കഴിയില്ലായിരുന്നു. എന്നാൽ ദുബായിൽ നിന്ന് കേസ് ഒതുക്കിയ ശേഷമുള്ള ഫെയ്‌സ് ബുക്ക് ലൈവിൽ ബിനീഷ് ഇക്കാര്യമൊന്നും പറയുന്നില്ല. താൻ, ദുബായിലെത്തിയ വിവരം ബുർജ് ഖലീഫയ്ക്കു സമീപം നിന്നു 'ഫേസ്‌ബുക് ലൈവി'ലൂടെ ബിനീഷ് അറിയിക്കുകയും ചെയ്തു.

'സഖാക്കളും സുഹൃത്തുക്കളും' അഭ്യർത്ഥിച്ചതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും പറഞ്ഞു. സാംബാ ഫിനാൻസിയേഴ്‌സ് എന്ന സ്ഥാപനത്തിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ഡിസംബർ പത്തിനു ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ ഉണ്ടായിരുന്നോ എന്ന് പോലും വിശദീകരിച്ചില്ല.

വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ കളിയാക്കുകയും വെല്ലുവിളിക്കുകയും ചെയ്തായിരുന്നു ബിനീഷിന്റെ ലൈവ്. താൻ ദുബായിൽ എത്തിയെന്നും കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന വിവാദങ്ങൾക്കും വാർത്തകൾക്കുമുള്ള മറുപടിയാണ് ഇതെന്നും ബിനീഷ് പറഞ്ഞു. എന്നാൽ ദുബായിൽ കേസുണ്ടായിരുന്നോ ശിക്ഷ കിട്ടിയിരുന്നോ എന്നൊന്നും വ്യക്തമാക്കുന്നില്ല. അതിനിടെ കോടിയേരിയുടെ മൂത്തമകൻ ബിനോയിയ്‌ക്കെതിരായ ചെക്ക് കേസ് ഒത്തു തീർപ്പാക്കിയത് ബിനീഷിന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇതിനായി തന്റെ കേസ് ഒതുക്കി തീർത്ത ശേഷം ബിനീഷ് ദുബായിൽ എത്തുകയായിരുന്നു. അതിനിടെ ഫെയ്‌സ് ബുക്ക് ലൈവ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. കേസുണ്ടായിരുന്നു എന്നതെങ്കിലും ബിനീഷ് വെളിപ്പെടുത്തണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം. ആരാണ് കേസ് ഒതുക്കാൻ പണം കൊടുത്തതെന്ന് പറണമെന്നാണ് സോഷ്യൽ മീഡിയയുടെ നിലപാട്.

ഇത് തന്റെ സഖാക്കളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ലൈവ് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തം. കടലിൽ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. നിങ്ങളെ സന്തോഷിപ്പിക്കാനായി കുളത്തിൽ ചാടി കുറച്ചുനേരം മുങ്ങിക്കിടന്നു. അതിലെ പായൽ കോരി വൃത്തിയാക്കി കയറിവന്നു.തനിക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ല. ബാക്കി ആരെന്തുപറഞ്ഞാലും പ്രശ്നമില്ല. താൻ നടക്കാൻ പഠിച്ചത് തലശേരിയിലാണെന്നും പറഞ്ഞാണ് ലൈവ് അവസാനിക്കുന്നത്. ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണ് ബിനീഷ് കോടിയേരിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നായിരുന്നു വാർത്തകൾ.

രണ്ടേകാൽകാൽ ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കാണിച്ച് ഒരു സ്വകാര്യ കമ്പനി നൽകിയ പരാതിയിലാണ് ബിനിഷിനെ രണ്ടു മാസത്തെ തടവിന് ശിക്ഷിച്ചിട്ടുള്ളതെന്നും വാർത്ത വന്നു. 2015ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ കഴിഞ്ഞ ഡിസംബറിലാണ് കോടതി ശിക്ഷ വിധിച്ചത്. ബാങ്കിൽ നിന്ന് അറുപതിനായിരം ദിർഹം വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരുന്നതാണ് ബിനീഷിനെതിരെയുള്ള മറ്റൊരു കേസ്. ഈ കേസിൽ മൂവായിരം ദിർഹം ബിനീഷ് പിഴ അടയ്ക്കുകയും ചെയ്തു.

ദുബായിലെ ക്രഡിറ്റ് കാർഡ് കമ്പനിക്ക് പണം നൽകാതിരുന്നതാണ് ബിനിഷിനെതിരെയുള്ള മൂന്നാമത്തെ കേസ്. മുപ്പതിനായിരം ദിർഹം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കമ്പനി ഖിസൈസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നുമാണ് വാർത്ത വന്നത്. ഈ റിപ്പോർട്ടുകൾ ശരിയാണോ തെറ്റാണോ എന്ന് ബിനീഷ് വിശദീകരിക്കുന്നതുമില്ല.