തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം കായലിൽ മുങ്ങി പൊലീസുകാരൻ മരിച്ചു. അഞ്ചുതെങ്ങ് പണയിൽക്കടവിലായിരുന്നു സംഭവം. എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു(27) ആണ് അപകടത്തിൽ മരിച്ചത്. വർക്കല സിഐ.യും മൂന്ന് പൊലീസുകാരുമാണ് അപകടത്തിൽപ്പെട്ടത്.

പോത്തൻകോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഒരു സിഐ.യും മൂന്ന് പൊലീസുകാരും അടങ്ങുന്ന സംഘം വള്ളത്തിൽ തുരുത്തിലേക്ക് നീങ്ങിയത്. ഇവർ യാത്രചെയ്തിരുന്ന വള്ളം കായലിൽ മുങ്ങിപ്പോവുകയായിരുന്നു.

സിഐ.യെയും രണ്ട് പൊലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു. ഇതിനിടെ എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർക്കല ശിവഗിരി ഡ്യൂട്ടിക്കായി എസ്എപി ബറ്റാലിയനിൽനിന്നു നിയോഗിച്ചിരുന്ന പൊലീസുകാരനാണ് ബാലു.

വർക്കല സിഐ പ്രശാന്ത്, മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത്, എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ബാലു, വള്ളക്കാരൻ വസന്തൻ എന്നിവരുൾപ്പെട്ട സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളക്കാരനെയും സിഐ. അടക്കം രണ്ടുപൊലീസുകാരെയും ആദ്യം തന്നെ രക്ഷിച്ചു. അല്പസമയം കഴിഞ്ഞാണ് ബാലുവിനെ കരയ്ക്കെത്തിച്ചത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പൊലീസുകാർ സഞ്ചരിച്ച വള്ളം അപകടത്തിൽപ്പെട്ട വിവരം പുറത്തറിയുന്നത് തൊഴിലുറപ്പ് തൊഴിലാളികൾ കാരണമാണ്. വള്ളത്തിൽ തൂങ്ങി കിടക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികൾ നിലവിളിച്ചതോടെയാണ് അപകടവിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാരും മറ്റും ഓടിക്കൂടി രണ്ട് പൊലീസുകാരെ കരയ്ക്കെത്തിച്ചു. അഗ്‌നിരക്ഷാസേനയെത്തിയ ശേഷമാണ് ബാലുവിനെ കരയ്ക്കെത്തിക്കാനായത്.

ഒട്ടകം രാജേഷ് ഒളിവിൽക്കഴിയുന്ന കേന്ദ്രം രഹസ്യ വിവരത്തിലൂടെ തിരിച്ചറിഞ്ഞ പൊലീസ് വള്ളത്തിൽ പണയിൽക്കടവിലേക്ക് പോവുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർക്കൊപ്പം വർക്കലയിൽ നിന്നുള്ള പൊലീസുകാരും പ്രതിയെ പിടികൂടാനായി വള്ളത്തിൽ പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാൾക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളിൽ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.