പാലക്കാട്: സഹോദരന്റെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നടന്ന തിരിമറി സംബന്ധിച്ചുള്ള കേസിൽ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന് അറസ്റ്റ് വാറണ്ട്. പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജനുവരി 10ന് ഹാജരാകുന്നതിനായി ചെമ്മണ്ണൂരിന് എൻ. ബി. ഡബ്ല്യൂ (നോൺ ബെയിലബിൾ വാറണ്ട്) പുറപ്പെടുവിച്ചത്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെത്തുടർന്നാണ് വാറണ്ട്.

അതായത് ബോബിയെ ജനുവരി 10ന് കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയാണ് കോടതി. സാധാരണ ഇത്തരം കേസുകളിൽ വാറണ്ടുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് വേണ്ടത്. എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിൽ അതുണ്ടാകുമോ എന്ന് ഉറപ്പിച്ച. അഭിഭാഷകർ നൽകുന്ന ഉറപ്പിൽ ആ ദിവസം വാറണ്ടുള്ളയാളെ കോടതിയിൽ എത്താനും അനുവദിക്കാറുണ്ട്. എന്തായാലും ജനുവരി 10ന് ഈ കേസിൽ ബോബി ചെമ്മണ്ണൂരിന് കോടതിയിൽ ഹാജരായേ മതിയാവൂ എന്നതാണ് അവസ്ഥ.

ബോബി ചെമ്മണ്ണൂർ നൽകിയ കേസിലാണ് നാടകീയ വഴിത്തിരിവ്. ഈ കേസിൽ ബോബിയായിരുന്നു വാദി. എന്നാൽ കള്ളപരാതിയാണ് നൽകിയതെന്ന സംശയം കേസ് മാറ്റി മറിക്കുകയായിരുന്നു. കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ ബോബി കേസിനോട് സഹകരിക്കാതെ ആയി. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട്. ഓക്സിജൻ കുംഭകോണം അടക്കം പലതും ബോബിക്കെതിരെ ആരോപണമായി ഉയരുന്നുണ്ട്. അതിനിടെയാണ് പുതിയ കേസ്. ബോബിയുടെ രാഷ്ട്രീയ സ്വാധീനത്തിന് തെളിവ് കൂടിയായിരുന്നു ഇപ്പോൾ ബോബിക്ക് വാറണ്ട് കിട്ടിയ കേസ് എന്നതും ശ്രദ്ധേയമാണ്.

ബോബി 2007 സെപ്റ്റംബറിൽ പാലക്കാട് ടൗൺ പൊലീസ് മുൻപാകെ രജിസ്റ്റർ ചെയ്ത 244/07 നമ്പറായ പരാതിയിൽ 2013ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് ബോബിയുടെ അപേക്ഷയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പബ്ലിക്ക് പ്രോസിക്യൂട്ടറേയും നിയമിച്ചിരുന്നു. സാധാരണ പൊതു താൽപ്പര്യ കേസുകളിൽ മാത്രമേ പബ്ലിക് പ്രോസിക്യൂട്ടർമാരെ സർക്കാർ നിയമിക്കാറുള്ളൂ. എന്നാൽ ചെന്നിത്തലയുടെ കാലത്ത് സാധാരണ തട്ടിപ്പ് കേസിലും ബോബിക്കായി പബ്ലിക് പ്രോസിക്യൂട്ടറെത്തി.

എന്നിട്ടും കേസ് നടത്തിപ്പിൽ കാര്യമായ പുരോഗതിയുണ്ടായില്ല. തുടർന്ന് കുറ്റാരോപിതരിൽ ചിലർ ഹൈക്കോടതിവഴി 2015 ഡിസംബർ മാസത്തിൽ മൂന്ന് മാസത്തിനകം കേസ് തീർപ്പാക്കിക്കിട്ടുന്നതിന് ഉത്തരവ് നേടി. ഇതോടെ കേസിൽ തുടരന്വേഷണം വേണമെന്ന തന്റെ ഹർജി കീഴ്ക്കോടതി കേട്ടില്ലെന്ന വാദവുമായി ബോബിയും ഹൈക്കോടതി സമീപിച്ചു. കുറ്റാരോപിതർ നേടിയ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു.

പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരം 2016ൽ സി.ജെ.എം കോടതിയെ തുടരന്വേഷണ പരാതി പരിഗണിക്കുകയും, വിശദമായി കേട്ട് പരാതി കോടതി തള്ളി. കേസ് മനപ്പൂർവ്വം നീട്ടിക്കൊണ്ടു പോകാനും അതുവഴി കുറ്റാരോപിതരെ ബുദ്ധിമുട്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നുമുള്ള പ്രതിഭാഗം വാദവും കോടതി ശരിവെച്ചു. അതിനു ശേഷം ബോബി പാലക്കാട് സെഷൻസ് കോടതിയെ സമീപിച്ചുവെങ്കിലും സെഷൻസ് കോടതിയും കീഴ്ക്കോടതി ഉത്തരവ് ശരിവെച്ചു.

സി.ജെ.എം കോടതി സാക്ഷി വിചാരണയ്ക്കായി ഒന്നാം സാക്ഷി ബോബിയോടും രണ്ടാം സാക്ഷി ഹരീഷിനോടും ഹാജരാവൻ ആവശ്യപ്പെട്ട് സമൻസ് അയച്ചെങ്കിലും ഫലമുണ്ടായില്ല. ബോബി സമൻസ് കൈപ്പറ്റിയിട്ടും ഹാജരായില്ല. ഈ സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വളരെ അപൂർവമായി മാത്രമേ സാക്ഷികൾക്കെതിരെ വിചാരണക്കോടതികൾ വാറണ്ട് പുറപ്പെടുവിക്കാറുള്ളൂ. അതും തട്ടിപ്പ് കേസുകളിൽ. കൊലപാത കേസുകളിലും മറ്റും ഇത്തരത്തിൽ കോടതി ഇടപെടൽ ഉണ്ടാകാറുണ്ട്.

ബോബിയുടെ അനുജൻ സി.ഡി.ബോസിന്റെ ഉടമസ്ഥതയിൽ പാലക്കാട് ജിബി റോഡിലുള്ള സ്വർണ്ണക്കടയിലെ രണ്ടു ജീവനക്കാർ കമ്പ്യൂട്ടറിൽ തിരിമറിനടത്തി സാമ്പത്തിക ക്രമക്കേട് നടത്തി എന്നായിരുന്നു ബോബിയുടെ പരാതി. വ്യക്തി വിരോധമാണ് കേസിനുപിന്നിലെന്ന് ആദ്യമേ ആരോപണമുയർന്നിരുന്നു. ആറ് വർഷത്തോളം അന്വേഷണം നീട്ടിക്കൊണ്ടു പോയതും ഒരു പൊതുതാൽപ്പര്യവുമില്ലാത്ത കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചതും ബോബിക്ക് പൊലീസിലും ഭരണത്തിലുമുള്ള സ്വാധീനം വെളിപ്പെടുത്തുന്ന കാര്യങ്ങളാണെന്ന് പൊതുവെ വിലയിരുത്തപെടുന്നു.

സാക്ഷി വിസ്താരത്തിൽ ഈ കേസിൽ പതറിയാൽ കുറ്റാരോപിതരെ കോടതി വെറുതെ വിടും. കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞാൽ ബോബിക്കെതിരെ കേസ് വരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സാക്ഷിയായി ബോബി കോടതിയിൽ എത്താത്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇത് തിരിച്ചറിഞ്ഞാണ് സാക്ഷിക്ക് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.